Connect with us

National

ശഹീന്‍ ബാഗിലെ പോരാട്ട വേദി പോലീസ് പൊളിച്ചു; സമരക്കാരെ ഒഴിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  എന്‍ ആര്‍ സിക്കും, സി എ എക്കുമെതിരെ രാജ്യ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ജനകീയ പ്രക്ഷോഭത്തിന് വേദിയായ ഡല്‍ഹി ശഹീന്‍ബാഗിലെ സമരപന്തല്‍ പോലീസ് ഒഴിപ്പിപ്പിച്ചു. രാജ്യത്ത് കൊവിഡ് 19 പടരുന്നത് ഒഴിവാക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. 101 ദിവസമായി തുടരുന്ന സമരപന്തലാണ് പോലീസ് ബലം പ്രയോഗിച്ച് ഒഴുപ്പിച്ചത്. സമര പന്തല്‍ പൊളിച്ച് നീക്കിയ പോലീസ് ആറ് സ്ത്രീകളേയും മൂന്ന് പുരുഷന്‍മാരേയും 144 ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുത്തു.

നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ കൊവിഡ് 19 സംബന്ധിച്ച് നല്‍കിയ നിര്‍ദേശങ്ങള്‍ എല്ലാം പാലിച്ച് വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചായിരുന്നു ശഹീന്‍ബാഗിലെ സമരം മുന്നോട്ട്‌പോയിരുന്നത്. സമരപന്തലിലെ ആള്‍ക്കൂട്ടം പരമാവധി കുറച്ചിരുന്നു. നിശ്ചിത ദൂരത്തില്‍ ഇരുന്നും ആളുകള്‍ക്ക് പകരം ചെരുപ്പ് നിരാഹാരകട്ടിലില്‍ വെച്ചുമായിരുന്നു പ്രതിഷേധം മുന്നോട്ടുപോയിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഈ അവസരം മുതലെടുത്താണ് ഇന്ന് പോലീസെത്തി സമരക്കാരെ ബലം പ്രയോഗിച്ച് ഒഴിവാക്കി പന്തല്‍ പൊളിച്ച് നീക്കിയത്.

 

 

Latest