Connect with us

Kerala

ശ്രീറാമിന്റെ നിയമനം കേസിനെ ബാധിക്കില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം കേസിനെ ബാധിക്കുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19 അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടും. കേസ് ഇപ്പോള്‍ നടന്നുവരികയാണ്. കേസ് കേസിന്റെ വഴിക്കു പോകും. അതില്‍ ഒരു ആശങ്കയും വേണ്ട. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേത്. മുഖ്യമന്ത്രി പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പില്‍ നിയമിക്കുന്നതു കൊണ്ട് ഡോക്ടര്‍മാരടക്കം കേസില്‍ മൊഴി നല്‍കിയവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കേസില്‍ പ്രതിയായ ശ്രീറാമിനെതിരെ മൊഴികൊടുത്തവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളൊന്നും അനുവദിക്കില്ലെന്നായിരുന്നു മറുപടി. കണ്ട കാര്യങ്ങള്‍ സാക്ഷി പറയുന്നതിന് അവര്‍ക്ക് ഒരു തടസവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്താണോ തീരുമാനിച്ചതെന്ന ചോദ്യത്തിന് പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയും വികാരവുമുണ്ടാക്കിയ സംഭവമാണെന്ന് അറിയാവുന്നതു കൊണ്ടു തന്നെ തുടര്‍നടപടികളുണ്ടായപ്പോള്‍ സ്വാഭാവികമായി മാധ്യമങ്ങളുടെ പ്രതിനിധികളുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പറയാനുദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.