അങ്ങാടിക്കുരുവികൾ അപ്രത്യക്ഷമാകുന്നു

Posted on: March 20, 2020 6:20 pm | Last updated: March 20, 2020 at 6:20 pm

പെരുവള്ളൂർ | അരിക്കടകളോടും പലചരക്ക് വ്യാപാര കേന്ദ്രങ്ങളോടും ചേർന്ന് വ്യാപകമായി കണ്ടിരുന്ന അങ്ങാടിക്കുരുവികളുടെ എണ്ണം കേരളത്തിൽ അപകടകരമാംവിധം കുറയുന്നുവെന്ന് റിപ്പോർട്ട്.
ഒരു കാലത്ത് നഗരത്തിരക്കുകളിലെ നിത്യസാന്നിധ്യമായിരുന്ന അങ്ങാടിക്കുരുവികളും അവയുടെ ആവാസകേന്ദ്രങ്ങളും ഓരോ വർഷം കഴിയുംതോറും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. 2011 മുതലാണ് മാർച്ച് 20 ലോക അങ്ങാടിക്കുരുവി ദിനമായി ആചരിക്കുന്നത്.
ലോകത്തിൽ ഏറ്റവുമധികം പ്രദേശങ്ങളിൽ കാണപ്പെട്ടിരുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി. “വീട്ടിൽ താമസിക്കുന്നത്’ എന്ന് ലാറ്റിൻ ഭാഷയിൽ അർഥം വരുന്ന പക്ഷിയുടെ ശാസ്ത്രനാമം ഡൊമസ്റ്റിക്കസ് എന്നതാണ്. നാരായണപ്പക്ഷി, ഇറക്കിളി, അരിക്കിളി, അന്നക്കിളി, വീട്ടുകുരുവി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ചാരനിറത്തിലുള്ള തലയും മങ്ങിയ തവിട്ട് നിറത്തിലുള്ള വാലും ശരീരവുമാണ് ഇവക്കുള്ളത്.

ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ ആൻഡ് നാച്വുറൽ റിസോഴ്സിന്റെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ്ഡേറ്റാ ബുക്കിൽ അങ്ങാടിക്കുരുവികളുമുണ്ട്. ഇവയുടെ ശരാശരി ആയുർദൈർഘ്യം മൂന്ന് വർഷമാണ്.
ഓരോ വർഷവും പ്രായപൂർത്തിയായവയിൽ 40 ശതമാനത്തിലേറെയും ചത്തുപോകുന്നുവെന്നാണ് കണക്ക്. മനുഷ്യൻ ജീവിതശൈലി മാറ്റിയതോടെയാണ് പിടിച്ചുനിൽക്കാനാകാതെ കേരളത്തിൽ ഏറ്റവും വേഗത്തിൽ അന്യംനിന്നുപോവുന്ന ഒരിനമായി അങ്ങാടിക്കുരുവികൾ മാറിയത്.

കെട്ടിടങ്ങളിൽ വന്ന മാറ്റം, ഭക്ഷ്യക്ഷാമം, മലിനീകരണം, മൊബൈൽ ടവറുകളുടെ വരവ് എന്നിവയെല്ലാം അങ്ങാടിക്കുരുവികളുടെ എണ്ണം കുറയാൻ കാരണമായി.
ഓലകൊണ്ടും ഓടുകൊണ്ടും തീർത്ത പഴയ കെട്ടിടങ്ങളിൽ കൂടുകൂട്ടാൻ ഇവക്ക് സൗകര്യമുണ്ടായിരുന്നു. എന്നാൽ, പുതിയ കോൺക്രീറ്റ് കെട്ടിടങ്ങളിൽ ഇത് കുറവാണ്.