കൊവിഡ് 19: ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ട്രന്‍ഡിംഗായി ‘ജി.ഒ.കെ ഡയറക്ട്’ ആപ്പ്

Posted on: March 18, 2020 7:20 pm | Last updated: March 18, 2020 at 7:20 pm

തിരുവനന്തപുരം | കോവിഡ്19 സംബന്ധിച്ച ആധികാരിക വിവരങ്ങളറിയിക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ ‘ജി.ഒ.കെ ഡയറക്ട്’ (GoKDirect ) മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ട്രന്‍ഡിംഗ് ലിസ്റ്റില്‍. നിലവില്‍ നാല് ലക്ഷത്തോളം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്്‌ഫോമിനു പുറമെ ഐ.ഒ.എസിലും ആപ്പ് ലഭ്യമാണ്.

കോവിഡ്19 വിവരങ്ങളറിയാന്‍ ഒരു ദിവസം നാലു ലക്ഷം മിസ്ഡ് കോളുകളാണ് മൊബൈല്‍ ആപ്പിലേക്ക് എത്തിയത്. സ്മാര്‍ട്ട് ഫോണ്‍ കൈയിലില്ലാത്തവര്‍ക്കു പോലും ഔദ്യോഗിക അറിയിപ്പുകള്‍ ലഭ്യമാക്കാനാണ് 8302201133 എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. മിഡ്‌സ് കോള്‍ ചെയ്ത് ആപ്പില്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലെങ്കിലും എസ്.എം.എസ് ആയി സുപ്രധാന അറിയിപ്പുകള്‍ ലഭ്യമാകും.

വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍, യാത്ര ചെയ്യുന്നവര്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ വിവരം മൊബൈല്‍ ആപ്പില്‍ ലഭിക്കും. കൂടാതെ പൊതുഅറിയിപ്പുകളുമുണ്ടാവും. ഇതിനായി പ്രത്യേക വിഭാഗങ്ങള്‍ ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്‌ക്രീനിനു താഴെ ആരോഗ്യവകുപ്പിന്റെ ദിശയുടെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്ന് നേരിട്ട് വിളിക്കാനുമാവും.