Connect with us

Kerala

ബ്രേക്ക് ദ ചെയിൻ ഏറ്റെടുത്ത് കേരളം

Published

|

Last Updated

ആരോഗ്യവകുപ്പ് നടപ്പാക്കിയ “ബ്രേക്ക് ദ ചെയിൻ” ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ഗവ. ഗേൾസ് സ്‌കൂളിലെ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾ കൈ സോപ്പ് ഉപയോഗിച്ച് കഴുകുന്നു

തിരുവനന്തപുരം | കൊവിഡ് 19 വൈറസ് വ്യാപനം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്ത് കേരളം. മന്ത്രി കെ കെ ശൈലജ പ്രഖ്യാപിച്ച ക്യാമ്പയിൻ വളരെ വേഗമാണ് കേരളത്തിലെ എല്ലാ മേഖലകളിലുമുള്ള വ്യക്തികൾ ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ അഭ്യർഥന പ്രകാരം മന്ത്രിമാരും ജനപ്രതിനിധികളും വിവിധ മേഖലകളിലുള്ളവരും ക്യാമ്പയിൻ ഏറ്റെടുത്തു. സിനിമാ താരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യർ, ടോവിനോ തോമസ്, ജയറാം, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബൻ, അനുശ്രീ, ഐശ്വര്യ ലക്ഷ്മി, രൺജി പണിക്കർ, വിനീത് ശ്രീനിവാസൻ, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രമുഖരുടെ നീണ്ട നിരയാണ് ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായത്.

മാധ്യമങ്ങളും ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക ബോധവത്കരണം നടത്തി വരുന്നുണ്ട്. മാധ്യമ പ്രവർത്തകർ, കുടുംബശ്രീ, വിദ്യാർഥി – യുവജന സംഘടനകൾ, എൻ എസ് എസ്, സർവീസ് സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബേങ്കുകൾ തുടങ്ങിയവരെല്ലാം ബ്രേക്ക് ദ ചെയിൻ ഏറ്റെടുത്തിട്ടുണ്ട്.
ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേർന്ന് കിയോസ്‌കുകൾ സ്ഥാപിച്ച് വരികയാണ്. ഒരാളിൽ നിന്ന് മറ്റ് പലരിലേക്ക് എന്ന ക്രമത്തിൽ കണ്ണികളായാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ഈ കണ്ണികളെ പൊട്ടിക്കുകയാണ് ലക്ഷ്യം. ഹസ്തദാനം പോലെ സ്പർശിച്ച് കൊണ്ടുള്ള സാമൂഹിക ആശംസകൾ ഒഴിവാക്കുക, നിശ്ചിത അകലം പാലിക്കുക, മുഖം, മൂക്ക്, കണ്ണുകൾ എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടണം. ഇടക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്.
വീടുകളിലോ സ്ഥാപനങ്ങളിലോ എത്തിയാൽ ഉടൻ കൈകൾ കഴുകേണ്ടത് ശീലമാക്കണം. അശുദ്ധിയുള്ള കൈ കൊണ്ട് ഒരിക്കലും മുഖം, കണ്ണ്, മൂക്ക്, വായ ഇവ സ്പർശിക്കരുത്. നിരീക്ഷണത്തിലുള്ളവർ ഒരു കാരണവശാലും പുറത്തിറങ്ങരുത്. ഇങ്ങനെ എല്ലാവരും ഒറ്റക്കെട്ടായി ഈ കണ്ണികളെ പൊട്ടിച്ചാൽ കൊവിഡ് 19നെ ഫലപ്രദമായി പ്രതിരോധിക്കാമെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.

Latest