Connect with us

Articles

ചരിത്രം മുറിപ്പെടുന്ന ആവിഷ്‌കാരങ്ങള്‍

Published

|

Last Updated

പ്രി യദര്‍ശന്‍ സംവിധാനം ചെയ്ത് 1996ല്‍ വെള്ളിത്തിരയിലെത്തിയ ചിത്രമായിരുന്നു കാലാപാനി. മോഹന്‍ലാലായിരുന്നു നായകന്‍. വീര്‍ സവര്‍ക്കര്‍ എന്നൊരു കഥാപാത്രമുണ്ട് ഈ സിനിമയില്‍. ഫ്രീ ഇന്ത്യന്‍ സൊസൈറ്റി എന്ന സംഘടനക്ക് ലണ്ടനില്‍ രൂപം നല്‍കിയ വിനായക് ദാമോദര്‍ സവര്‍ക്കര്‍ തന്നെയായിരുന്നു ആ കഥാപാത്രം.
റഷ്യന്‍ വിപ്ലവകാരികളില്‍ നിന്ന് ബോംബ് നിര്‍മിക്കുന്ന വിദ്യ മനസ്സിലാക്കിയ സവര്‍ക്കറും അനുയായികളും പിന്നീട് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞു കൊലപ്പെടുത്തുകയും ഈ കേസില്‍ സവര്‍ക്കര്‍ അറസ്റ്റിലാകുകയും ചെയ്തു. കഠിന തടവും നാടുകടത്തലുമാണ് സവര്‍ക്കര്‍ക്ക് ശിക്ഷയായി ലഭിച്ചത്. ശിക്ഷാ കാലയളവില്‍ ബ്രിട്ടീഷ് തടവില്‍ നിന്ന് രക്ഷപ്പെട്ട സവര്‍ക്കറെ ഫ്രാന്‍സ് സേന പിടികൂടുകയും ബ്രിട്ടന് കൈമാറുകയും ചെയ്തു. അങ്ങനെയാണ് അന്തമാനിലെ ബ്രിട്ടീഷ് ജയിലില്‍ സവര്‍ക്കര്‍ തടവു പുള്ളിയായി എത്തുന്നത്.

പ്രിയദര്‍ശന്‍ കാലാപാനി സിനിമയിലൂടെ മോഹന്‍ലാലിനെ അന്തമാനിലേക്കയച്ചപ്പോള്‍ ഈ സവര്‍ക്കര്‍ കഥാ പാത്രം അവിടെ മോഹന്‍ലാലിന് കൂട്ടായി ഉണ്ടായിരുന്നു. സവര്‍ക്കറുടെ ജയില്‍ പ്രവേശനത്തേക്കാള്‍ പ്രശസ്തവും വിവാദവുമായിരുന്നു അദ്ദേഹത്തിന്റെ ജയില്‍ മോചനം.
സിനിമയില്‍ അമരീഷ് പുരി അഭിനയിച്ച കഥാപാത്രത്തിന്റെ ഷൂ മോഹന്‍ലാലിന്റെ കഥാപാത്രം നക്കിക്കൊടുക്കുന്ന ഒരു രംഗമുണ്ട്. ഇതിന് സമാനമായിരുന്നു ജയില്‍ മോചനാനന്തരമുള്ള സവര്‍ക്കറുടെ ജീവിതം. താനും തന്റെ കൂട്ടുകാരും ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒന്നും ചെയ്യില്ലെന്നും ബ്രിട്ടീഷ് രാജ് പൂര്‍ണമായും അനുസരിച്ച് ജീവിക്കാമെന്നും മാപ്പപേക്ഷ സമര്‍പ്പിച്ച ചരിത്രമാണ് വി ഡി സവര്‍ക്കറിന്റെത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഒരു പോരാളിയും ഇത്തരത്തിലൊരു അപമാനകൃത്യം ചെയ്തതായി ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. മാപ്പപേക്ഷ നല്‍കിയതോടെ പോരാളികളുടെ പട്ടികയില്‍ നിന്ന് സവര്‍ക്കറെ ഇന്ത്യന്‍ ജനത പുറത്താക്കി. പക്ഷേ, കാലാപാനി സിനിമയില്‍ സവര്‍ക്കര്‍ വീര കഥാപാത്രമാണ്. പ്രേക്ഷകരുടെ മനസ്സിനെ ആഴത്തില്‍ തൊട്ട സ്വാതന്ത്ര്യ സമര പോരാളി.

പാഠപുസ്തകങ്ങള്‍ കഴിഞ്ഞാല്‍ ഒരു പക്ഷേ, സാധാരണ ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിവുള്ള ചരിത്ര പഠന മാര്‍ഗമാണ് സിനിമ. സിനിമ കാണുന്ന സാധാരണ പ്രേക്ഷകര്‍ ചരിത്ര വസ്തുതകള്‍ അന്വേഷിച്ചു പോകാനോ ശരികേടുകള്‍ വിവേചിച്ചറിയാനോ ശ്രമിക്കാറില്ല. കണ്‍മുന്നിലെ സിനിമാ കാഴ്ചകള്‍ അപ്രകാരം തന്നെ ചിന്തകള്‍ ഏറ്റെടുക്കുകയും ഉപബോധ മനസ്സില്‍ ഉറക്കി കെടുത്തുകയും ചെയ്യും. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട എന്തെങ്കിലും കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ ഉപബോധ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ബോധ്യങ്ങളാകും പ്രസ്തുത സങ്കല്‍പ്പങ്ങള്‍ക്ക് നിറം പകരുക.
കുറേയധികം മനസ്സുകളില്‍ തീര്‍ത്തും നിരുപദ്രവകരമായി ഉറങ്ങിക്കിടക്കുന്ന ഈ തെറ്റായ ബോധ്യങ്ങള്‍ പതിയെ പതിയെ യാഥാര്‍ഥ്യങ്ങളെ മറി കടന്ന് ചരിത്ര വസ്തുതകളായി ഗണിക്കപ്പെടുമ്പോഴാണ് ഉറങ്ങിക്കിടന്നിരുന്ന ഈ ബോധ്യങ്ങളുടെ അപകടാവസ്ഥ സാമൂഹിക വിപത്തായി മാറുക. ഇത്തരത്തില്‍ സംഭവിച്ച കുറേയധികം അബദ്ധങ്ങളാണ് സമകാലിക ഇന്ത്യയുടെ സാമൂഹിക ജീവിതത്തെയും ബഹുസ്വര സംവിധാനത്തെയും തകിടം മറിച്ചിരിക്കുന്നത്.

പല ചരിത്ര സിനിമകളും ഇതിഹാസ സീരിയലുകളും ഇന്ത്യന്‍ സാമൂഹിക ക്രമത്തെ ഇപ്രകാരം അപകടപ്പെടുത്തിയിട്ടുണ്ട്. കാലാപാനി വെള്ളിത്തിരയിലെത്തി കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ മറ്റൊരു ചരിത്ര സിനിമയുമായി മോഹന്‍ലാലും പ്രിയദര്‍ശനും രംഗത്തെത്തിയത് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വക നല്‍കിയിരിക്കുന്നു.
യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്റെ ക്രൂരതകള്‍ ഇന്ത്യന്‍ ജനത ആദ്യമായി അനുഭവിച്ചത് പോര്‍ച്ചുഗീസുകാരില്‍ നിന്നായിരുന്നല്ലോ. 1498ല്‍ വാസ്‌കോഡ ഗാമയുടെ നേതൃത്വത്തില്‍ മലബാറില്‍ കപ്പലിറങ്ങിയ പറങ്കിപ്പട, പിന്നീട് വിവിധ സേനാധിപതികളുടെ നേതൃത്വത്തില്‍ നൂറിലേറെ വര്‍ഷം കിതച്ചും കുതിച്ചും മലബാറില്‍ തുടര്‍ന്നു.
പോര്‍ച്ചുഗീസ് കുതിപ്പിന് തടയിട്ടതും മലബാറിനെ പറങ്കി സംസ്‌കാരത്തിലേക്ക് വീഴാതെ കാത്തു സൂക്ഷിച്ചതും സാമൂതിരിയുടെ നാവിക സേനയായിരുന്നു. കുഞ്ഞാലി മരക്കാര്‍മാര്‍ നേതൃത്വം നല്‍കിയിരുന്ന നാവികപ്പടയായിരുന്നു സാമൂതിരി പക്ഷത്ത് നിന്നുകൊണ്ട് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാട്ടം നടത്തിയത്. ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ തന്നെ ഇതിഹാസമായി വാഴ്ത്തപ്പെടുന്ന മരക്കാര്‍മാരില്‍ നാലാമത്തെ മരക്കാരെ അഭ്രപാളികളില്‍ അവതരിപ്പിക്കാനാണ് പ്രിയദര്‍ശന്റെ ശ്രമം.
ഒരു പ്രത്യേക സമുദായത്തിന്റെ രാജ്യസ്‌നേഹവും രാഷ്ട്രീയ സംഭാവനകളും പാരമ്പര്യവും പൗരത്വവുമെല്ലാം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യന്‍ ചുറ്റുപാടില്‍ ആ സമുദായത്തിന്റെ മേല്‍വിലാസത്തില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയ വീര പോരാളികളുടെ ജ്വലിക്കുന്ന ഓര്‍മകള്‍ സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമം അഭിനന്ദനാര്‍ഹമാണ്.

പക്ഷേ, സിനിമ എന്ന മാധ്യമത്തിന്റെ അലങ്കാരത്തികവുകള്‍ക്ക് വേണ്ടിയോ വ്യാപാര സാധ്യതകള്‍ കണക്കിലെടുത്തോ തിരുകി കയറ്റാന്‍ സാധ്യതയുള്ള ബിറ്റുകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പിന്നണിയിലുള്ളവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്. സ്വതന്ത്ര ആവിഷ്‌കാരങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതു തന്നെ. പക്ഷേ, അത് സ്വന്തം ആഗ്രഹങ്ങളുടെ ആവിഷ്‌കാരങ്ങളാകരുത്. പ്രത്യേകിച്ച് ഏറെ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുള്ള ചരിത്ര സംഭവങ്ങളെ സിനിമയാക്കുമ്പോള്‍. പാടിപ്പതിഞ്ഞ പല ചരിത്ര വിശേഷങ്ങളെയും മാറ്റിയെഴുതാനും തിരുത്തി വായിപ്പിക്കാനും ചില സിനിമാ ശ്രമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വസ്തുതയാണ്. ചതിയന്‍ ചന്തുവിനോട് അക്കാലമത്രയും നില നിന്നിരുന്ന അനിഷ്ടം മാറ്റിയെടുത്ത ചലച്ചിത്ര ഉദ്യമമായിരുന്നല്ലോ എം ടിയുടെ വടക്കന്‍ വീരഗാഥ.
സിനിമയല്ലേ, ഇതിന് എന്ത് ആധികാരികതയാണ് അക്കാദമിക് ലോകം കല്‍പ്പിക്കുന്നത് എന്നൊക്കെ വാദിക്കാമെങ്കിലും സാധാരണ ജനങ്ങളുടെ ബോധ്യങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള ഒരു മാധ്യമം എന്ന നിലക്ക് സ്വതന്ത്ര ആവിഷ്‌കാരങ്ങളിലും തനിമയും വസ്തുതയും ചോരാതെ സൂക്ഷിക്കല്‍ സിനിമയിലും അനിവാര്യമാണ്.
കുഞ്ഞാലി മരക്കാര്‍ നാലാമന്റെ പ്രണയ രംഗങ്ങളും അദ്ദേഹത്തിന് ഒട്ടും ചേരാത്ത തലപ്പാവുമാണ് റിലീസാകും മുമ്പേ പ്രിയദര്‍ശന്‍ സിനിമയെ വിവാദത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കുഞ്ഞാലി മരക്കാരുടെ പിന്‍തലമുറ കോടതിയും കയറിയിരിക്കുന്നു.

സാമൂതിരി – മഖ്ദൂം – മരക്കാര്‍ ത്രയത്തിന്റെ മനോഹരമായ കൂട്ടുകെട്ടിനെ ഏറ്റവും നന്നായി പരിചയപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്. ബഹുസ്വരതയും മത സൗഹാര്‍ദവും ഏറ്റവും നന്നായി തിളങ്ങി നിന്നിരുന്ന നാളുകളായിരുന്നു സാമൂതിരിയുടെ ഭരണ കാലം. കടല്‍ കടന്നെത്തിയ പോര്‍ച്ചുഗീസ് സേനയെ കടലില്‍ പോയി എതിരിടാന്‍ സാമൂതിരിയുടെ നായര്‍ പോരാളികള്‍ക്ക് മതപരമായ ആചാരക്രമങ്ങള്‍ തടസ്സമായപ്പോള്‍ മുസ്‌ലിംകളുടെ ആത്മീയ നേതൃത്വവും പലപ്പോഴും സാമൂതിരിയുടെ രാഷ്ട്രീയ ഉപദേശകനുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ആണ് കുഞ്ഞാലി മരക്കാരെ നിര്‍ദേശിക്കുന്നത്. പ്രശസ്തനായ സമുദ്ര വ്യാപാരി മമ്മാലി മരക്കാരുടെ പിന്‍ഗാമി കുട്ട്യാലി മരക്കാരുടെ മകന്‍ മുഹമ്മദ് എന്ന കുഞ്ഞാലി മരക്കാര്‍ ഒന്നാമനില്‍ നിന്ന് തുടങ്ങുന്നതാണ് കുഞ്ഞാലി മരക്കാര്‍മാരുടെ ചരിത്രം.

ജനനം കൊച്ചിയിലായിരുന്നെങ്കിലും പിന്നീട് പ്രധാന പ്രവര്‍ത്തന മേഖല പൊന്നാനിയായി മാറി. മഖ്ദൂമിന്റെ ആത്മീയ നേതൃത്വത്തിലായിരുന്നു ജീവിതത്തിലെ ഓരോ ചലനങ്ങളും. നാല് മരക്കാര്‍മാരുടെ ജീവിത കാലഘട്ടങ്ങള്‍ പ്രഗത്ഭരായ മൂന്ന് മഖ്ദൂമുമാരുടെ കാലഘട്ടം കൂടിയായിരുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, അല്ലാമാ അബ്ദുല്‍ അസീസ് ഇബ്‌നു സൈനുദ്ദീന്‍, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ എന്നിവരായിരുന്നു ആ മൂന്ന് പേര്‍. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടാനും ആത്മീയ ജീവിതം നയിക്കാനും മഖ്ദൂമുമാരുമായുള്ള നിരന്തര സമ്പര്‍ക്കം മരക്കാര്‍മാര്‍ക്ക് വലിയ ഊര്‍ജം നല്‍കിയിരുന്നു.
ഒരു ജനപ്രിയ സിനിമക്ക് അനിവാര്യമായും ചേര്‍ക്കേണ്ട ചേരുവകള്‍ കുഞ്ഞാലി മരക്കാരെ കഥാപാത്രമാക്കുന്ന സിനിമയില്‍ എത്രത്തോളം നീതിപൂര്‍വമായിരിക്കും എന്ന് ചിന്തിക്കേണ്ടതുണ്ട്. സാധാരണ പ്രേക്ഷകരുടെ മനസ്സില്‍ തെറ്റായ ചിത്രം പതിയാനിടയുള്ള ഇത്തരം സിനിമാ ശ്രമങ്ങള്‍ ചരിത്രത്തോട് ചെയ്യുന്ന നീതികേടായി വായിക്കപ്പെട്ടാലും മുഖം ചുളിക്കേണ്ടതില്ല.

സിനിമ തീര്‍ക്കുന്ന നായക മുഖങ്ങളും കഥാപശ്ചാത്തലങ്ങളും സാങ്കേതിക സംവിധാനങ്ങളും ചരിത്രത്തെ ആവിഷ്‌കരിക്കുമ്പോള്‍ പ്രേക്ഷക മനസ്സുകളും ചിന്തകളും കേവലമായ സിനിമാ പരിമിതിയിലേക്ക് ഒതുങ്ങുകയും അനന്തമായ ചിന്താ സാധ്യതകള്‍ക്ക് അതിര് നിര്‍ണയിക്കുകയും ചെയ്യുന്നു. ഒപ്പം ടിപ്പിക്കല്‍ സിനിമാ ചേരുവകളും ചേരുമ്പോള്‍ കേവലം സ്വന്തമായ ആവിഷ്‌കാരങ്ങള്‍ മാത്രമായി ചരിത്രം ചുരുങ്ങുന്നു.

Latest