കൊവിഡ് 19: പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാറുകള്‍ ഇടപെടണമെന്ന്‌ ഐ സി എഫ്

Posted on: March 12, 2020 1:59 pm | Last updated: March 12, 2020 at 1:59 pm

ദുബൈ | കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ യാത്രാവിലക്കും വിമാനസര്‍വീസുകള്‍ റദ്ദാക്കലും മറ്റു നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതു കാരണം ആശങ്കയിലായ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കേരള മുഖ്യമന്ത്രിക്കും അയച്ച കത്തില്‍ ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ കുടുങ്ങിപ്പോയവരുടെ ഇഖാമ (താമസാനുമതി) കാലഹരണപ്പെടുന്നതുള്‍പ്പടെ വിവിധ വിഷയങ്ങളില്‍ പ്രവാസികള്‍ പ്രതിസന്ധിയിലാണ്.

പല രാജ്യങ്ങളിലും ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. രോഗമില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന വ്യവസ്ഥ മൂലം ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ ഗര്‍ഭിണികളും കുട്ടികളും വരെയുണ്ട്. ഇറാനില്‍ മത്സ്യത്തൊഴിലാളികളായ നിരവധി പേര്‍ വിഷമാവസ്ഥയിലാണ്. പൗരന്മാര്‍ക്ക് ഇന്ത്യയില്‍ വരാന്‍ രോഗബാധ ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും യാത്രാവിലക്കുകള്‍ കാരണം പ്രവാസികളുടെ ഇപ്പോഴുള്ള ജോലി നഷ്ടപ്പെടാതിരിക്കാന്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

പ്രവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ അതീവഗൗരവത്തോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പരിഗണിക്കണം. നയതന്ത്ര ഇടപെടലിലൂടെ പരിഹാരം കാണേണ്ട വിഷയങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം. ലോകം മുഴുവന്‍ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ നിയമങ്ങളിലും നിബന്ധനകളിലും ഇളവു വരുത്തി എല്ലാവരുടെയും ആശങ്ക പരിഹരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.