Connect with us

Covid19

കൊവിഡ് 19: സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 വൈറസ് ബാധയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമെ നിലവില്‍ പ്രവര്‍ത്തിക്കേണ്ടതുള്ളൂ. ഉത്തരവ് പാലിക്കാതെ ചില പരീക്ഷാ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി എറണാകുളം കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫേസ് ബുക്കിലിട്ട കുറിപ്പില്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് 19 വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ കേരളത്തിലെത്തുന്ന സ്ഥിതി കണക്കിലെടുത്ത് എല്ലാ വിമാനത്താവളങ്ങളിലും കണിശമായ സ്‌ക്രീനിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യുന്നവരും ഇപ്പോഴുണ്ടെന്നും കൂടുതല്‍ കേസുകള്‍ വന്നാല്‍ അതിനനുസരിച്ച് ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കൊവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവരും അവരെ പരിചരിക്കുന്നവരും മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളൂവെന്ന് മന്ത്രി ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തി. മാസ്‌ക് ധരിക്കുന്നവര്‍ അത് ഉപയോഗിക്കേണ്ട രീതികള്‍ ശരിയായി മനസ്സിലാക്കിയിരിക്കണം. ഉപയോഗത്തിനു ശേഷം മാസ്‌കുകള്‍ ശാസ്ത്രീയമായി തന്നെ സംസ്‌കരിക്കണം. പൊതുജനങ്ങള്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കേണ്ടതില്ല. യാത്ര കഴിഞ്ഞു വന്നാല്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകിയാല്‍ തന്നെ പല പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷ നേടാം. സാനിറ്റൈസര്‍ വിപണിയില്‍ ആവശ്യത്തിനു ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാന്‍ ശ്രമം നടത്തിവരികയാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ പോകേണ്ടതില്ല. പരീക്ഷയെഴുതാന്‍ വരുന്ന കുട്ടികള്‍ക്ക് പ്രത്യേക റൂമും സൗകര്യങ്ങളും സ്‌കൂള്‍ അധികൃതര്‍ തന്നെ ചെയ്തുകൊടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Latest