Connect with us

Covid19

വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും; മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കോവിഡ് 19 ബാധിച്ച രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ക്ക് കേന്ദ്രം യാത്ര വിലക്ക് ഏര്‍പ്പെടുത്തുന്നത് അപരിഷ്‌കൃതമാണ്. ഇവരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കിും. വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാനം സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ നല്‍കുമെന്നും പ്രതിപക്ഷം അറിയിച്ചു.

ഇറ്റലിയിലെ വിമാനത്താവളത്തില്‍ 45 ഓളം മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ ഗര്‍ഭിണികളും പിഞ്ചു കുഞ്ഞുങ്ങളുമെല്ലാമുണ്ട്. ഇവര്‍ക്ക് ശരിയായ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. വിമാനത്താവളത്തിലെ കടകളെല്ലാം കൊവിഡ് ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്, കൈകളില്‍ നേരത്തെ ശേഖരിച്ച ഭക്ഷണം ഉപയോഗിച്ചാണ് ഇവര്‍ അതിജീവിക്കുന്നത്. ഇത് തീര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നു. ബോര്‍ഡിംഗ് പാസ് ലഭിക്കാത്തത് ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതുകൊണ്ടാണെന്നാണ് ഇവര്‍ പറയുന്നത്. ഇന്ത്യയിലേക്ക് വരണമെങ്കില്‍ കൊവിഡ് രോഗമില്ലെന്ന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഇന്ത്യന്‍ അധികൃതര്‍ ആവശ്യപ്പെട്ടാതിയി കുടുങ്ങിക്കിടക്കുന്നവര്‍ പറയുന്നു. ഇത്തരം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എവിടെന്ന് കിട്ടുമെന്ന് പോലും ഇവര്‍ക്ക് അറിയില്ല. പ്രശ്‌നത്തില്‍ എംബസി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

 

 

Latest