Connect with us

National

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു; തീരുമാനം മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ രാഷ്ട്രീയത്തില്‍ തന്നെ കോണ്‍ഗ്രസിന് വലിയ തിരിച്ചടി. മധ്യപ്രദേശിലെ പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിലെത്തി മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം. ഇതോടെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴാനുള്ള സാധ്യത വര്‍ധിച്ചു. സിന്ധ്യയെ പിന്തുണക്കുന്ന 19 എം എല്‍ എമാരും രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലേക്ക് മാറ്റിയ ഈ എം എല്‍ എമാര്‍ ഇന്ന് ഭോപ്പാലില്‍ തിരിച്ചെത്തി രാജിക്കത്ത് സമര്‍പ്പിച്ചേക്കുമെന്നാണ് ബി ജെപിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സിന്ധ്യയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഉറച്ച നിലപാടിലാണ് റിപ്പോര്‍ട്ട്. സിന്ധ്യയുമായി കൂടിക്കാഴ്ച നടത്താന്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവസരം ലഭിച്ചിട്ടിലല്. കൂടിക്കാഴ്ചക്ക് സമയം ചോദിച്ചപ്പോള്‍ പന്നിപ്പനിയാണെന്നാണ് സിന്ധ്യ പറഞ്ഞതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞത്. സിന്ധ്യക്കായി പി സി സി പ്രസിഡന്റ് സ്ഥാനവും രാജ്യസഭ സീറ്റും കോണ്‍ഗ്രസ് ഇപ്പോള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇത് അവഗണിച്ചതായാണ് റിപ്പോര്‍ട്ട്.

മധ്യപ്രദേശില്‍ സര്‍ക്കാര്‍ വന്നത് മുതല്‍ തനിക്ക് അവഗണനയാണെന്നാണ് സിന്ധ്യ പറയുന്നത്. കമല്‍നാഥ് മുഖ്യമന്ത്രിയായപ്പോള്‍ പി സി സി പ്രസിഡന്റ് സ്ഥാനം താന്‍ നിര്‍ദേശിക്കുന്നയാള്‍ക്ക് നല്‍കണമെന്ന് സിന്ധ്യ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇത് അവഗണിച്ചു. തന്നെ പൂര്‍ണമായും ഒറ്റപ്പെടുത്തുന്ന നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും സിന്ധ്യ ആരോപിക്കുന്നു. ഗുണയില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്കുണ്ടായ തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പാലം വലിയാണെന്നും സിന്ധ്യ കണക്ക് കൂട്ടുന്നു.നേരത്തെ തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് കോണ്‍ഗ്രസുമായുള്ള ബന്ധം സിന്ധ്യ നീക്കിയിരുന്നു.

അതിനിടെ ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രിയാക്കാന്‍ ബി ജെ പി നീക്കങ്ങള്‍ തുടങ്ങി. എന്നാല്‍ സിന്ധ്യയും എം എല്‍ എമാരും ബി ജെ പിയെത്തിയാലും മുഖ്യമന്ത്രി സ്ഥാനം ശിവരാജ് സിംഗ് ചൗഹാന് നല്‍കാനാണ് ബി ജെ പി തീരുമാനം. സിന്ധ്യയെ ബി ജെ പി കേന്ദ്രമന്ത്രിയാക്കിയേക്കും. അദ്ദേഹത്തിനൊപ്പമുള്ള എം എല്‍ എമാരില്‍ ചിലര്‍ സംസ്ഥാനത്ത് മന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്.

 

 

Latest