Connect with us

Kerala

ചവറ എംഎല്‍എ വിജയന്‍പിള്ള അന്തരിച്ചു

Published

|

Last Updated

കൊച്ചി | ചവറ എം എല്‍ എ. എന്‍ വിജയന്‍പിള്ള(65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

1979 മുതല്‍ 2000 വരെ 21 വര്‍ഷം ആര്‍ എസ് പി പ്രതിനിധിയായി ചവറ പഞ്ചായത്ത് അംഗമായിരുന്നു. 2000ല്‍ കോണ്‍ഗ്രസ് ടിറ്ററ്റില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ എസ് പി നേതാവും മന്ത്രിയുമായിരുന്നഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി കന്നി അങ്കത്തില്‍ നിയമസഭയിലെത്തി.ഇടതുസ്വതന്ത്രനായിട്ടാണ് അദ്ദേഹം ചവറയില്‍ നിന്ന് മത്സരിച്ച് ജയിച്ചത്

ബേബി ജോണിന്റെ വിശ്വസ്തനായി ആര്‍എസ്പിയിലുണ്ടായിരുന്ന വിജയന്‍പിള്ള ആര്‍എസ്പിയിലെ ഭിന്നതയെ തുടര്‍ന്ന് 2000 കാലത്ത് കോണ്‍ഗ്രസിലെത്തി.

കരുണാകരനുമായിട്ടായിരുന്നു അടുപ്പം. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ഡിഐസിയുടെ ഭാഗമായി. തിരിച്ച് കരുണാകരന്‍ കോണ്‍ഗ്രസിലെത്തിയപ്പോള്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങി.

മദ്യനയവിഷയത്തില്‍ കെ പി സി സി പ്രസിഡന്റായിരുന്ന വി എം സുധീരനുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ടത്. അതിന് ശേഷം സിഎംപിയില്‍ ചേര്‍ന്നു. അന്നത്തെ അരവിന്ദാക്ഷന്‍ വിഭാഗത്തിനൊപ്പമായിരുന്നു.അരവിന്ദാക്ഷന്‍ വിഭാഗം സി എംപി സിപിഎമ്മില്‍ ലയിച്ചതോടെ വിജയന്‍പിള്ളയും സിപിഎമ്മിന്റെ ഭാഗമായി.

ഭാര്യ: സുമ, മക്കള്‍:സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമകന്‍: ജയകൃഷ്ണന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ചവറ ശങ്കരമംഗലത്തെ വീട്ടുവളപ്പില്‍