Connect with us

Gulf

കൊറോണ: സഊദിയില്‍ കടുത്ത നിയന്ത്രണങ്ങള്‍- രാജ്യത്തേക്ക് വരുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Published

|

Last Updated

റിയാദ് | കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സഊദി അറേബ്യ. റീഎന്‍ട്രി ഉള്‍പ്പെടെ ഏത് വിസയില്‍ രാജ്യത്തേക്ക് വരുന്നവര്‍ക്കും ആരോഗ്യ സര്‍ട്ടിഫിക്കറ്റ് (പിസിആര്‍) നിര്‍ബന്ധമാക്കി. കൊവിഡ്19 സ്ഥിരീകരിച്ച ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളില്‍നിന്നും സൗദിയിലേക്ക് വരുന്നവര്‍ക്കാണ് നിയമം ബാധകമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ വിസക്കും റീ എന്‍ട്രിയില്‍ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവര്‍ക്കും പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് യാത്രയുടെ 24 മണിക്കൂര്‍ മുമ്പ് എടുത്ത സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സ്വീകരിക്കുക. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസുകള്‍ നല്‍കേണ്ട ഉത്തരവാദിത്തം അതത് വിമാന കമ്പനികള്‍ക്കായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കൂടാതെ കരമാര്‍ഗം രാജ്യത്തേക്കുള്ള പ്രവേശനത്തിന് സഊദി അറേബ്യ വിലക്കി. ബഹ്‌റൈന്‍ , കുവൈറ്റ്, യു എ ഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കരമാര്‍ഗ പ്രവേശനമാണ് നിര്‍ത്തിയതെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാണിജ്യ ട്രക്കുകള്‍ക്ക് കടുത്ത പരിശോധനക്ക് ഒടുവില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കും. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പരിശോധനക്കായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ എല്ലാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്ന് വിമാനത്താവളങ്ങളിലും യാത്രക്കാരെ കര്‍ശന പരിശോധനക്ക് വിധേയമാക്കും. രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണമെന്നും ആഭന്തര മന്ത്രാലയം അറിയിച്ചു.

Latest