Connect with us

Editors Pick

ഓർമകൾ പങ്കുവെച്ച് ഇംറാനും സോനുവും

Published

|

Last Updated

ഡൽഹി എസ് എസ് എഫ് മുസ്ത്വഫാബാദിൽ സംഘടിപ്പിച്ച ലീഗൽ എയ്ഡ് ക്യാമ്പ്

ന്യൂഡല്‍ഹി | തലക്കു ഗുരുതരമായി പരുക്കേറ്റ ഇംറാൻ ഖാനെ കാണുന്നത് ഡൽഹി എസ് എസ് എഫ് മുസ്ത്വഫാബാദിൽ സംഘടിപ്പിച്ച ലീഗൽ എയ്ഡ് ക്യാമ്പിൽ വെച്ചാണ്. ജോലി കഴിഞ്ഞു റിക്ഷയിൽ തിരിച്ചുവരുന്നതിനിടെ ശിവ വിഹാറിൽ വീടിന് തൊട്ടുമുമ്പിൽ വെച്ചാണ് ഇംറാനെ അക്രമികൾ പിടികൂടുന്നത്. പേരു ചോദിച്ചായിരുന്നു അക്രമം. അവർ കൂട്ടം ചേർന്നു മർദിച്ചു. ഇരുമ്പുവടിയും ദണ്ഡുകളുമുള്ള വലിയ സംഘം പൊതിരെ തല്ലി.

ആ ആൾക്കൂട്ടം മുഴുവൻ ഒരു തവണയെങ്കിലും തന്റെ ദേഹത്ത് കൈവെച്ചിട്ടുണ്ടാകുമെന്ന് ഇംറാൻ പറയുന്നു. തലപൊളിഞ്ഞിട്ടും അശുപത്രിയിൽ കൊണ്ടുപോകാൻ ആരുമുണ്ടായിരുന്നില്ല. ആ വൈകുന്നേരം തന്നെ ജീവൻ നഷ്ടപ്പെട്ടു പോകുമെന്നു കരുതിയതാണ്. എന്നാൽ അൽഹിന്ദ് ആശുപത്രിയിലെ അൻവർ ഡോക്ടറും സംഘവുമെത്തിയാണ് മുസ്ത്വഫാബാദിലേക്ക് കൊണ്ടുവന്നതും ചികിത്സിച്ചതും. വീട് അക്രമികൾ കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തെന്ന് ഇംറാൻ പറയുന്നു.

അൽഹിന്ദ് ആശുപത്രിക്ക് മുകളിലെ ദുരിതാശ്വാസ ക്യാന്പിലെ മറ്റൊരു ഇരയാണ് സോനു. തങ്ങളുടെ ഗല്ലിയിലിട്ടു രണ്ട് മനുഷ്യരെ ആൾക്കൂട്ടം തല്ലിക്കൊല്ലുന്നത് നേരിട്ടു കണ്ടവളാണ് സോനു. ശിവ വിഹാറിന് ഇപ്പുറമുള്ള ഭാർഗിയാർഡ് വിഹാറിൽ നിന്നാണ് സോനു ക്യാന്പിലെത്തുന്നത്. അക്രമം നേരിൽ കണ്ടതിന്റെ ഭയം സോനുവിന്റെ മുഖത്തുനിന്ന് ഇപ്പോഴും മാഞ്ഞുപോയിട്ടില്ല.
എങ്കിലും കൊല്ലപ്പെട്ടവർക്ക് വേണ്ടി ഏതു കോടതിയിലും സാക്ഷിപറയാൻ തയ്യാറാണെന്ന് സോനു പറയുന്നു. വലിയ ദണ്ഡുകളും ഇരുമ്പു വടികളും ഉപയോഗിച്ചാണ് അക്രമികൾ തങ്ങളെ ഗല്ലിയിലെ രണ്ട് പേരെ തല്ലിക്കൊന്നത്.
അവരുടെ ജീവൻ അക്രമികൾ എടുക്കുന്നത് നേരില്‍ കണ്ടു. ആ ഭീതിയുടെ ഓർമകൾ ഇപ്പോഴും മനസ്സിൽ നിന്നു പോകുന്നില്ലെന്നും അവർ വ്യക്തമാക്കി. 200ൽ പരം കുടുംബങ്ങളാണ് അൽഹിന്ദ് ആശുപത്രിയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. പലർക്കും ഗുരുതരമായ പരുക്കുകളാണുള്ളത്.

Latest