Connect with us

Editorial

കനയ്യ കുമാറും കെജ്‌രിവാളിന്റെ മലക്കം മറിച്ചിലും

Published

|

Last Updated

രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പുളവാക്കിയിരിക്കുകയാണ് കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയുടെ കാര്യത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാറിന്റെ മലക്കം മറിച്ചില്‍. 2016 ഫെബ്രുവരി ഒമ്പതിന് ജെ എന്‍ യു ക്യാമ്പസില്‍ അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന പരാതിയില്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ തുടങ്ങി 10 വിദ്യാര്‍ഥികള്‍ക്കെതിര രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട കേസില്‍ 2019 മെയിലാണ് പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കായി ഡല്‍ഹി പോലീസ് സംസ്ഥാന സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചത്. രാജ്യദ്രോഹക്കേസുകളില്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ കുറ്റപത്രം ഫയല്‍ ചെയ്യാവൂ എന്നാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥ. എന്നാല്‍ കനയ്യ കുമാര്‍ നിരപരാധിയാണ്, അദ്ദേഹത്തിനെതിരെയുളള ആരോപണം വ്യാജമാണെന്ന നിലപാടില്‍ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്ക് വിസമ്മതിക്കുകയായിരുന്നു ആം ആദ്മി സര്‍ക്കാര്‍ ഇതുവരെയും. ഇപ്പോള്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എ എ പി ഉജ്വല വിജയം നേടി മൂന്നാമതും അധികാരത്തിലേറിയതിനു തൊട്ടു പിന്നാലെയാണ് അപ്രതീക്ഷിതമായി നിലപാട് മാറ്റി പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കിയത്.

ജെ എന്‍ യു ക്യാമ്പസിലെ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിലെ കനയ്യ കുമാറിന്റെ പ്രസംഗം അരവിന്ദ് കെജ്‌രിവാള്‍ പൂര്‍ണമായി കേട്ടതും അതിനെ അഭിനന്ദിച്ചു കൊണ്ട് 2016 മാര്‍ച്ച് മൂന്നിന് ട്വീറ്റ് ചെയ്തതുമാണ്. അതില്‍ രാജ്യദ്രോഹപരമായി ഒന്നുമില്ലെന്ന് അദ്ദേഹം ട്വീറ്റിലൂടെ സാക്ഷ്യപ്പെടുത്തുകയുമുണ്ടായി. ബി ജെ പി മുന്‍ എം പി മഹേഷ് ഗിരിയും എ ബി വി പി പ്രവര്‍ത്തകരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 11ന് ഡല്‍ഹി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിനു ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2019 ജനുവരി 14നാണ് പട്യാല കോടതിയില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍, അനുമതിയില്ലാതെ യോഗം ചേരല്‍, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 200 പേജ് വരുന്ന കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ താത്പര്യത്തോടെയുള്ള നടപടിയാണിതെന്നായിരുന്നു അന്ന് ആം ആദ്മി ആരോപിച്ചിരുന്നത്.

അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങ് വിവാദമായ സാഹചര്യത്തില്‍ അതിന്റെ നിജസ്ഥിതി കണ്ടെത്താനായി രണ്ടാം കെജ്‌രിവാള്‍ സര്‍ക്കാര്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനു തെളിവില്ലെന്നാണ് 2016 മാര്‍ച്ച് മൂന്നിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റു ചില വിദ്യാര്‍ഥികള്‍ അഫ്‌സല്‍ ഗുരുവിനു അനുകൂലമായി മുദ്രാവാക്യം മുഴക്കിയതായി സംശയമുണ്ട്. എങ്കിലും ഇവരും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ല, പുറമെ നിന്നെത്തിയ മുഖംമറച്ച ചിലരാണ് അത് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടിയുടെ ദൃശ്യങ്ങള്‍ എന്ന വ്യാജേന ചില ചാനലുകള്‍ ജെ എന്‍ യു വിദ്യാര്‍ഥികള്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ കാണിച്ചിരുന്നു. ഈ വീഡിയോ വ്യാജമാണെന്നും, “പാക്കിസ്ഥാന്‍ സിന്ദാബാദ്” കാണിക്കുന്ന അതിലെ ഭാഗങ്ങള്‍ കൃത്രിമമായി കൂട്ടിച്ചേര്‍ത്തതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ചാനലുകള്‍ക്കെതിരെ നിയമനടപടി ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു കെജ്‌രിവാള്‍ സര്‍ക്കാര്‍. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇപ്പോള്‍ കനയ്യ കുമാറിനെ കുറ്റവിചാരണ നടത്താന്‍ ആം ആദ്മി സര്‍ക്കാര്‍ അനുമതി നല്‍കിയത്? ഒരു നിരപരാധിയെ ഹിന്ദുത്വ ഫാസിസത്തിന്റെ താത്പര്യങ്ങള്‍ക്കായി വിട്ടുകൊടുത്ത കെജ്‌രിവാളിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ സ്വന്തം പാര്‍ട്ടിക്കകത്ത് തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിയോടുള്ള സമീപനത്തിലുമുണ്ട് അരവിന്ദ് കെജ്‌രിവാളിന് നയംമാറ്റം. നിയമ ഭേദഗതിയോട് വിയോജിപ്പായിരുന്നു തുടക്കത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. ഡല്‍ഹിയില്‍ സി എ എയും എന്‍ ആര്‍ സിയും നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു നേരത്തേ കെജ്‌രിവാള്‍. നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരത്തില്‍ സ്ഥലം എം എല്‍ എ അടക്കം ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പങ്ക് ചേരുകയുമുണ്ടായി.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പൗരത്വ നിയമത്തിനെതിരായ സമരത്തോട് കെജ്‌രിവാള്‍ അകലം പാലിക്കാന്‍ തുടങ്ങി. ശഹീന്‍ ബാഗ് സമരത്തിനു പിന്തുണയുമായി മതേതര കക്ഷി നേതാക്കള്‍ ഒന്നൊന്നായി രംഗത്തു വന്നപ്പോള്‍ കെജ്‌രിവാളോ എ എ പി നേതാക്കളോ ആ വഴി തിരിഞ്ഞു നോക്കിയതേയില്ല. ഇത് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വര്‍ഗീയ ധ്രുവീകരണ അജന്‍ഡയെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ തന്ത്രമായി കരുതി സമാധാനിച്ചു മതേതര ഇന്ത്യ.
എന്നാല്‍ കഴിഞ്ഞ വാരത്തില്‍ നടന്ന ഡല്‍ഹി വംശീയ ഹത്യയില്‍ ഹിന്ദുത്വ ഭീകരര്‍ ഒരു സമുദായത്തെ പ്രത്യേകം തിരഞ്ഞു പിടിച്ച് കൊല്ലുകയും ആക്രമിക്കുകയും സ്ഥാപനങ്ങള്‍ക്കു തീവെക്കുകയും ചെയ്തപ്പോള്‍ കെജ്‌രിവാള്‍ അത് കാണാത്ത ഭാവം നടിച്ചതോടെ അദ്ദേഹത്തെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന എല്ലാ നല്ല ധാരണകളും നഷ്ടമായിരിക്കുകയാണ് രാജ്യത്തെ മതേതര വിശ്വാസികള്‍ക്ക്. ഇനിയും ഡല്‍ഹിയില്‍ ഒതുങ്ങിക്കഴിയാതെ ദേശീയ തലത്തില്‍ ആധിപത്യത്തിനു ആഗ്രഹിക്കുന്ന ഒന്നാംതരം ഒരു രാഷ്ട്രീയ കൗശലക്കാരനാണ് കെജ്‌രിവാള്‍ ഇപ്പോള്‍. ഇതിനുള്ള കളികളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വരെ കൂടി ആകര്‍ഷിക്കുന്ന ഒരു പാര്‍ട്ടിയായി ആം ആദ്മിയെ വളര്‍ത്തിയെടുക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ഈ നീക്കത്തില്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ച ന്യൂനപക്ഷ സമുദായങ്ങളെയും കനയ്യ കുമാറിനെ പോലുള്ള മതേതരവാദികളെയും ഒറ്റുകൊടുക്കാന്‍ അദ്ദേഹത്തിന് മടിയില്ല. ബി ജെ പിയുടെ ഹിന്ദുത്വ ഫാസിസത്തെ ചെറുത്തുനില്‍ക്കാന്‍ ആര്‍ജവമുള്ള ഒരു മതേതര നേതാവെന്ന നിലയില്‍ കെജ്‌രിവാളില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍ക്ക് അത് തിരുത്താന്‍ സമയം അതിക്രമിച്ചിരിക്കുന്നു.