Connect with us

National

ഡൽഹി അക്രമം: കൊല്ലപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസം എസ് എസ് എഫ് ഏറ്റെടുത്തു

Published

|

Last Updated

ഡൽഹിയിലെ നിയമസഹായ ക്യാമ്പിൽ എത്തിയവർ

ന്യൂഡല്‍ഹി | വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുഞ്ഞുങ്ങളുടെ പഠന ചെലവുകള്‍ എസ് എസ് എഫ് ഏറ്റെടുത്തു. മര്‍കസ് ഓര്‍ഫന്‍ കെയര്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയില്‍ കലാപത്തിന്റെ പ്രഭവ കേന്ദ്രമായ ന്യൂ കര്‍ദംപുരി, കബീര്‍ നഗര്‍ എന്നിവിടങ്ങളില്‍ കലാപകാരികള്‍ അരുംകൊല ചെയ്ത ഫൂര്‍ഖാന്‍, ഇസ്തിയാഖ് ഖാന്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച് രേഖകള്‍ കൈമാറി. വരും ദിവസങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് നടപടികള്‍ പൂര്‍ത്തിയാക്കും.
ഡല്‍ഹി കലാപത്തിലെ ആദ്യ രക്ത സാക്ഷിയാണ് കര്‍ദംപുരിയിലെ ഫുര്‍ഖാന്‍. നാല് വയസ്സുകാരി വാനിയ അന്‍സാരി, രണ്ട് വയസ്സുകാരന്‍ മൂസ അന്‍സാരി എന്നിവരാണ് ഫുര്‍ഖാന്റെ മക്കള്‍. അഞ്ച് വയസ്സുകാരി സെനബ് ഖാന്‍, രണ്ട് വയസ്സുകാരന്‍ സെയ്ദ് ഖാന്‍ എന്നിവരാണ് ഇസ്തിയാബ് ഖാന്റെ കുട്ടികള്‍. ഇവരുടെ വിദ്യാഭ്യാസത്തിനാവശ്യമായ മുഴുവന്‍ സഹായങ്ങളും മർകസ് വഴി നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കലാപ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി സമഗ്രമായ വസ്തുതാന്വേഷണ പഠനം എസ് എസ് എഫ് ദേശീയ കമ്മിറ്റിയുടെ കീഴിയില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലയിലെ വിദ്യാർഥികളായ പ്രവര്‍ത്തകരാണ് കലാപത്തിലെ നാശനഷ്ടക്കണക്കുകള്‍ തയ്യാറാക്കുന്നത്. തദ്ദേശീയരുടെ സഹകരണത്തോടെയാണ് പഠനം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇന്നലെ മുസ്തഫബാദിലെ അല്‍ഹിന്ദ് ആശുപത്രിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിയമ വിദ്യാര്‍ഥികളടങ്ങുന്ന സംഘം ലീഗല്‍ എയ്ഡ് ക്യാമ്പിന് തുടക്കം കുറിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള സഹായങ്ങളാണ് നല്‍കുന്നത്.
എസ് എസ് എഫ് ദേശീയ നേതാക്കളായ ശൗക്കത്ത് നഈമി അല്‍ ബുഖാരി, സുഹൈറുദ്ദീന്‍ നൂറാനി, നൗശാദ് ആലം ബറക്കാത്തി, ശരീഫ് ബെംഗളൂരു, ഡോ. അബ്ദുല്‍ ഖാദിര്‍ നൂറാനി, അബ്ദുർറഹ്മാന്‍ ബുഖാരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. അക്രമം താണ്ഡവമാടിയ ശിവ് വിഹാര്‍, ബാബു നഗര്‍, ഭജന്‍പുര, മുസ്തഫബാദ്, ചാന്തു നഗര്‍, ചാന്ത് ബാഗ്, ഖജൂരി ഖാസ് എന്നിവിടങ്ങളും എസ് എസ് എഫ് ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു.

Latest