Connect with us

National

ഡൽഹിയെ ഭയം കീഴടക്കി; വംശഹത്യാ നീക്കം മലയാളിയെ ലക്ഷ്യമിട്ടേക്കാം

Published

|

Last Updated

കോഴിക്കോട് | വടക്കു കിഴക്കൻ ഡൽഹിയിലാണ് ഹിന്ദുത്വ ഭീകര വാഴ്ച അരങ്ങേറുന്നതെങ്കിലും ഡൽഹിയിലെ മലയാളികൾ കടുത്ത ഭീതിയിലാണെന്ന് വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ.
പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ മലയാളി വിദ്യാർഥികളുടെ പങ്കാളിത്തം ഹിന്ദുത്വ ശക്തികളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും അവസരം കിട്ടിയാൽ വംശഹത്യയുടെ വാൾമുന തങ്ങൾക്കെതിരെയും തിരിഞ്ഞേക്കാമെന്ന് ഭയപ്പെടുന്നതായും മലയാളി വിദ്യാർഥികൾ പറയുന്നു.

സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം വിവിധ കോളജുകളിൽ ക്ലാസുകൾ സസ്‌പെൻഡ് ചെയ്തിരിക്കുകയാണെന്നും പുറത്തിറങ്ങുന്നത് അപകടസാധ്യതയുണ്ടാക്കുമെന്ന് അധ്യാപകർ മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്നും ഡൽഹി യൂനിവേഴ്‌സിറ്റി ബി എ ഓണേഴ്‌സ് പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനി കോഴിക്കോട് ഉള്ളിയേരി സ്വദേശിനി എസ് ഹരിനന്ദന ഡൽഹിയിൽ നിന്ന് ഫോണിലൂടെ അറിയിച്ചു. വിദ്യാർഥികൾ സംഘർഷം ആരംഭിച്ച ശേഷം താമസ സ്ഥലത്തു നിന്ന് പുറത്തിറങ്ങിയിട്ടില്ല. ലക്ഷ്മി നഗർ അടക്കം മലയാളികൾ താമസിക്കുന്ന കേന്ദ്രങ്ങളെല്ലാം അകത്തു നിന്ന് അടച്ച് വിദ്യാർഥികൾ ഉള്ളിൽ കഴിയുകയാണ്.

കടുത്ത മുസ്്‌ലിം വിരോധം പുലർത്തുന്നവർ മുസ്്‌ലിംകൾക്കെതിരെ തിരിയാൻ അവസരം കാത്തിരിക്കുന്നതു പോലെയാണ് തോന്നിയിട്ടുള്ളത്. ജനങ്ങൾ അത്രമാത്രം വർഗീയമായിത്തീർന്നിട്ടുണ്ട്.
ഡൽഹി അടക്കം ഹിന്ദി മേഖലയിലെ വിദ്യാർഥികൾ പൊളിറ്റിക്കൽ സയൻസ് പോലുള്ള പഠന വിഷയങ്ങളിൽ മാത്രമാണ് അൽപ്പമെങ്കിലും മതേതര സ്വഭാവം കാണിക്കുന്നത്. അല്ലാത്തവരേറെയും വർഗീയമായി ചിന്തിക്കുന്നവരാണ്. അതിനാൽ ഇന്നലെ കൂടെ ഉണ്ടായിരുന്നവർ ഇന്ന് കലാപകാരിയായി തലതല്ലിപ്പൊളിക്കുമോ എന്ന ആശങ്കയുണ്ട്. അക്രമികൾ ബസുകൾക്കു തീയിടുന്നതിനാൽ മലയാളി വിദ്യാർഥികൾ ബസിൽ കയറാൻ ഭയപ്പെടുകയാണ്.
പോലീസ് വർഗീയമായി പെരുമാറുന്നു എന്നതാണ് ഡൽഹിയിൽ കണ്ട ഏറ്റവും ഭീതിജനകമായ അവസ്ഥയെന്ന് ഹരിനന്ദന പറയുന്നു. പൗരത്വ പ്രക്ഷോഭങ്ങൾക്കു നേരെ എ ബി വി പി ആക്രമം നടത്തുമ്പോൾ പോലീസ് നോക്കി നിൽക്കും. സമരക്കാരെ അറസ്റ്റ് ചെയ്താൽ അതി ക്രൂരമായി മർദിക്കും. ഈ പോലീസ് ഹിന്ദുത്വ കലാപകാരികൾക്കൊപ്പം ചേരും എന്നത് ഉറപ്പാണ്.
ജയ് ശ്രീറാം വിളി ഇവിടെ എപ്പോഴും വികാരം ആളിക്കത്തിക്കാനുള്ള ആഹ്വാനമാണ്. പുൽവാമ സംഭവം അടക്കം ഓരോ സന്ദർഭത്തിലും ജയ് ശ്രീറാം വിളികളോടെയാണ് അവർ തെരുവിലിറങ്ങുന്നത്. ഇന്ത്യ ഹിന്ദു രാഷ്ട്രമായിക്കഴിഞ്ഞു, മറ്റുള്ളവർക്കൊന്നും ഇവിടെ ജീവിക്കാൻ അവകാശമില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.

വിദ്യാഭ്യാസമില്ലാത്ത ഒരു വിഭാഗത്തെ അവർ അങ്ങനെ ധരിപ്പിച്ചു കഴിഞ്ഞു. ഡൽഹിയിലെ കലാശാലകളിലുള്ള വലിയൊരു വിഭാഗം വിദ്യാർഥികളും അങ്ങനെയാണ് ചിന്തിക്കുന്നത്.
മലയാളികളികളുടെ രാഷ്ട്രീയ ബോധം, അവരുടെ മത നിരപേക്ഷത, സമരങ്ങളിലെ പങ്കാളിത്തം എന്നിവ പോലീസും സംഘ്പരിവാര ശക്തികളും ഭരണകൂടവും ഒരുപോലെ മാർക്ക് ചെയ്തിട്ടുണ്ട്.
അതിനാൽ കലാപത്തിന്റെ മറവിൽ ഹിന്ദുത്വ അക്രമികൾ മലയാളികൾക്കെതിരെ തിരിയുമോ എന്ന ഭയം ശക്തമാണ്. താമസ കേന്ദ്രങ്ങൾ അനിശ്ചിതമായി അടഞ്ഞു കിടക്കുമ്പോൾ ഭക്ഷണം, നാപ്കിൻ തുടങ്ങിയ അവശ്യ വസ്തുക്കൾക്കു പ്രയാസം നേരിടുമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest