Connect with us

National

മൃതദേഹത്തില്‍ 250ഓളം കുത്തേറ്റ മുറിവുകള്‍; ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

Published

|

Last Updated

ന്യൂഡല്‍ഹി | വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തിനിടെ അഴുക്കുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കുത്തികൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അങ്കിതിന്റെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് 250 ഓളം കുത്തേറ്റിട്ടുണ്ട്. ആഴത്തിലുള്ള നൂറോളം മുറിവുകള്‍ ഉണ്ടായിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

അങ്കിത് ശര്‍മ രണ്ടു മുതല്‍ നാല് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ആക്രമണത്തിനിരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കുത്തേറ്റ് ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജഫ്രാബാദിലെ ഖാജൂരി ഖാസ് ഏരിയയിലുള്ള അഴുക്കുചാലില്‍ ചൊവ്വാഴ്ചയാണ് അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് വരുന്നതിനിടെയായിരുന്നു അങ്കിത് ശര്‍മയെ അക്രമികള്‍ കൊലപ്പെടുത്തുന്നത്.

അങ്കിതിന്റെ കൊലക്ക് പിന്നില്‍ എ എ പി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെ താഹിര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.