Connect with us

Kerala

അവള്‍ക്കായി കേരളം മനമുരുകി; പക്ഷേ...

Published

|

Last Updated

കൊല്ലം | ഒരു പകലും രാത്രിയും മുഴുവന്‍ ദേവനന്ദക്ക് വേണ്ടി കേരളം കണ്ണുനനച്ച് പ്രാര്‍ഥിക്കുകയായിരുന്നു… കുഞ്ഞുമോള്‍ക്ക് ഒന്നും പറ്റരുതേയെന്ന പ്രാര്‍ഥന.. ശുഭവാര്‍ത്ത കേള്‍ക്കണേ എന്ന് ആശിച്ചവര്‍ക്ക് മുന്നിലേക്കാണ് ആ മിടുക്കിയുടെ മരണവാര്‍ത്ത എത്തുന്നത്. അതോടെ തേങ്ങലടക്കാനാകാതെ പലരും അണപൊട്ടി.

കൊട്ടിയം നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളായ ദേവനന്ദയെ വ്യാഴാഴ്ച പത്തരയോടെയാണ് കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് അപ്രത്യക്ഷയാവുകയായിരുന്നു. തുണിയലക്കാന്‍ പുറത്തുപോയ ധന്യ തിരിച്ചുവീട്ടിലെത്തിയപ്പോള്‍ ദേവനന്ദയെ കാണാനില്ല. തുടര്‍ന്ന് വീട്ടിലും പരിസരത്തും അയല്‍ വീടുകളിലും തിരക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ കണ്ണനല്ലൂര്‍ പോലീസില്‍ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തുകയും ചെയ്തു.

കുഞ്ഞു ദേവനന്ദയെ കണ്ടെത്താന്‍ ഒരു നാട് മുഴുവന്‍ തിരച്ചിലില്‍ ഏര്‍പെടുന്നതാണ് പിന്നീട് കണ്ടത്. കേട്ടവര്‍ കേട്ടവര്‍ ദേവനന്ദയെ തിരക്കിയിറങ്ങി. വീടും പരിസരവും അരിച്ചുപൊറുക്കി പരിശോധിച്ചു. പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ഫയര്‍ഫോഴ്‌സും ഡോഗ് സ്‌കോഡും മുങ്ങല്‍ വിദഗ്ധരും സജീവമായി രംഗത്തിറങ്ങി. രാത്രി വൈകിയും പരിശോധന തുടര്‍ന്നെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. സമൂഹ മാധ്യമങ്ങളും ദേവനന്ദയുടെ ചിത്രം ഷെയര്‍ ചെയ്ത് ഇതിന് ശക്തമായ പിന്തുണ നല്‍കി. ഇതിനിടയില്‍ ദേവനന്ദയെ കണ്ടെത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പരന്നത് അന്വേഷകരെ കുഴക്കി. പോലീസ് ഇത് നിഷേധിച്ച് സന്ദേശം നല്‍കിയതോടെ അതിന് പരിഹാരം. ഒടുവില്‍, ഇന്ന് പുലര്‍ച്ചെ തന്നെ പരിശോധന തുടര്‍ന്നപ്പോഴാണ് കുഞ്ഞു ദേവനന്ദയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

[irp]

വാക്കാട് സരസ്വതി വിദ്യാ നികേതനിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ദേവനന്ദ മിടുക്കിയായിരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു. ബുധനാഴ്ച നടന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ അവള്‍ നൃത്തമാടിയിരുന്നു. ഡാന്‍സിലും പാട്ടിലും പഠനത്തിലും ഒരുപോലെ മിടുക്കിയായിരുന്നു ദേവനന്ദയെന്നാണ് അധ്യാപകരുടെ സാക്ഷ്യം.

ദേവനന്ദയുടെ മരണം കൊലപാതകമാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. വീടിന് 200 മീറ്റര്‍ ദൂരെയുള്ള ആറ്റിലേക്ക് ദേവനന്ദ ഒറ്റക്ക് പോകില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും ഉറപ്പിച്ച് പറയുന്നത്. അങ്ങനെയെങ്കില്‍ ദേവനന്ദയെ ആര് അവിടെ എത്തിച്ചുവെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം ലഭിക്കേണ്ടത്.

Latest