Connect with us

Gulf

എക്‌സ്‌പോ കഴിഞ്ഞാലും 80 ശതമാനം സ്ഥാപനങ്ങള്‍ ദുബൈയില്‍ തുടരുമെന്ന്

Published

|

Last Updated

ദുബൈ | യു എ ഇയുടെ, വിശിഷ്യാ ദുബൈയുടെ സമ്പദ് ഘടനയില്‍ വന്‍ കുതിപ്പിന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്ന എക്‌സ്‌പോ 2020 അവസാനിച്ചാലും മേളക്കെത്തിയ സ്ഥാപനങ്ങളില്‍ 80 ശതമാനവും ദുബൈയില്‍തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍.

ആഗോള വ്യാപാരമേള 2021 ഏപ്രിലില്‍ അവസാനിക്കുമെങ്കിലും നാല് കാര്യങ്ങള്‍ അത് ബാക്കിവെക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. മേളക്കുവേണ്ടി നിര്‍മിച്ച കെട്ടിട സമുച്ചയങ്ങള്‍, സാമ്പത്തിക വികസനം, സാമൂഹ്യ വളര്‍ച്ച, ദുബൈയുടെ ഖ്യാതി എന്നിവയാണതെന്ന് സംഘാടകര്‍ വിശദീകരിച്ചു. എന്നാല്‍ എക്‌സ്‌പോ അവസാനിക്കുമെങ്കിലും മേളക്കെത്തിയ 80 ശതമാനം സ്ഥാപനങ്ങളും ലോകത്ത് ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന നഗരത്തിന്റെ ഭാഗമായി ദുബൈയില്‍ തുടരുമെന്ന് കണക്കുകൂട്ടുന്നതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

ഡിസ്ട്രിക് 2020 എന്ന പേരില്‍ അറിയപ്പെടുന്ന എക്‌സ്‌പോ പ്രദേശം വന്‍ മുന്നേറ്റങ്ങള്‍ക്കാണ് ഭാവിയില്‍ സാക്ഷ്യം വഹിക്കുക. ദുബൈയിലെ ഒരു സമ്പൂര്‍ണ നഗരമായി ഇവിടം തുടരും. വ്യാപാര സൗകര്യങ്ങള്‍ക്കുപുറമെ ആധുനിക താമസ സൗകര്യങ്ങളും ഇവിടെ ലഭ്യമായിരിക്കും. 1.35 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള വ്യാപാരമേഖലക്കുപുറമെ 65,000 ചതുരശ്ര മീറ്റര്‍ വിശാലതയുള്ള താമസകേന്ദ്രങ്ങളും ഡിസ്ട്രിക് 2020 യുടെ ഭാഗമായുണ്ടാകുമെന്ന് എക്‌സ്‌പോ അധികൃതര്‍ വിശദീകരിച്ചു. വിദ്യാഭ്യാസ, വിവിധ വിനോദ സംവിധാനങ്ങളും ഇവിടെയുണ്ടാകും.