Connect with us

Travelogue

നീലനഗര വിശേഷങ്ങൾ

Published

|

Last Updated

വർണങ്ങൾ എല്ലാവരെയും എപ്പോഴും ആകർഷിക്കും. അതുകൊണ്ട് തന്നെ രാജസ്ഥാൻ യാത്രാവേളയിൽ വർണങ്ങളുടെ പേരിൽ അറിയപ്പെടുന്ന എല്ലാ നഗരങ്ങളും കാണണമെന്ന് തീരുമാനിച്ചു. അങ്ങനെ ഗോൾഡൺ സിറ്റിയായ ജൈസൽമേർ, പിങ്ക് സിറ്റിയായ ജയ്പൂർ, ബ്ലൂ സിറ്റിയായ ജോധ്പൂർ എല്ലാം എന്റെ ലിസ്റ്റിൽ കടന്നു കൂടി. ജൈസൽമറിൽ നിന്നും ജയ്പൂർ പോകുന്ന വഴിക്കാണ് ജോധ്പൂർ. രാവിലെ ഏഴ് മണിക്കുള്ള ട്രെയിനിൽ ജൈസൽമേർ നിന്നും പുറപ്പെട്ടു ഒരു മണിയോടെ ജോധ്പൂരിലെത്തി. ആദ്യം തന്നെ പോയത് ജിപ്‌സി റെസ്‌റ്റോറന്റിലേക്കാണ്. അവിടുത്തെ രാജസ്ഥാനി താലി മീൽസ് വളരെ പ്രശസ്തമാണ്. 31 രാജസ്ഥാനി തനത് വിഭവങ്ങളാണ് ഈ താലിയിൽ വിളമ്പുന്നത്. കിടിലൻ ഭക്ഷണം. വയറുനിറയെ കഴിച്ച് അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. നഗരത്തിന്റെ ഏതാണ്ട് ഒത്ത നടുവിലായിരുന്നു ഞങ്ങളുടെ താമസ സ്ഥലം. താമസ സ്ഥലത്ത് പോയി കുറച്ചു വിശ്രമിച്ചിട്ട് ഞങ്ങൾ പുറത്തിറങ്ങി. മനസ്സിൽ മൊത്തം നീല നിറത്തിലുള്ള ആ നഗരം കാണാനുള്ള വെമ്പലായിരുന്നു. എന്നാൽ നഗരത്തിലേക്കിറങ്ങിയപ്പോൾ എവിടേയും നീല പോയിട്ട് അതിന്റെ വകഭേദം പോലും കാണാനില്ല. ആകെ ആശയക്കുഴപ്പത്തിലായി. ഞാൻ വായിച്ചത് മാറി പോയതാണോ എന്ന്. തൊട്ടടുത്ത കടയിൽ കയറി അന്വേഷിച്ചു. ആ ചേട്ടനാണ് പറഞ്ഞത് നീല നിറത്തിലുള്ള വീടുകൾ കാണണമെങ്കിൽ നഗരത്തിന്റെ പഴയ ഭാഗത്തേക്ക് പോകണമെന്ന്.


നീല വീടും
പച്ച ജനാലയും

കൗതുകമുണർത്തുന്ന നീല വീടുകൾ കാണണമെന്ന ആഗ്രഹത്തിലാണ് യാത്ര തന്നെ ആരംഭിച്ചത്. പിന്നെ അധികമൊന്നും ചിന്തിക്കാൻ നിന്നില്ല. ഓട്ടോ പിടിച്ച് ഞങ്ങൾ അങ്ങോട്ട് പോയി. നഗരത്തിന്റെ പഴയ ഭാഗം ശരിക്കും ഒരു വീർപ്പുമുട്ടുന്ന അനുഭവമായിരുന്നു. വളരെ ചെറിയ വീഥികൾ. രണ്ടു ഓട്ടോ നേർക്കുനേർ വന്നാൽ മൊത്തം ബ്ലോക്കാകും. പിന്നെ വാഹനങ്ങളുടെ ഹോൺ മുഴക്കവും, ആളുകളുടെ ചീത്ത വിളിയും എല്ലാം കൂടി കേൾക്കുമ്പോൾ ഇറങ്ങി ഓടാൻ തോന്നും. ഏതായാലും അര മണിക്കൂർ യാത്രയുടെ അന്ത്യത്തിൽ ഞങ്ങൾ നീല നഗരത്തിലെത്തി. ഭൂരിഭാഗം വീടുകൾക്ക് നീല നിറവും ജനാലകൾക്ക് പച്ച നിറവും ആയിരുന്നു. നാല് ചുറ്റിനും കുഞ്ഞു കുഞ്ഞു വഴികളും. വഴികളിലൂടെ ഇരുവശത്തായി പഴയ കെട്ടിടങ്ങളും. കാലങ്ങളായി നിലനിൽക്കുന്ന ചില പഴയ കെട്ടിടങ്ങളുടെ നീല നിറം വല്ലാതെ മങ്ങിയതായിരുന്നൂ.

ഇത്രയധികം നീല വീടുകൾ ഒന്നിച്ച് കണ്ടപ്പോൾ എന്താകും ഈ നീലയുടെ രഹസ്യമെന്ന് കൗതുകം തോന്നി. ഒരു നീല വീടിന്റെ മുന്നിൽ നിന്ന അൽപ്പം പ്രായം കൂടിയ മനുഷ്യനോട് വെറുതെ എന്റെ സംശയം ചോദിച്ചു. പുള്ളിക്കാരൻ പറഞ്ഞത് പണ്ട് ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് ബ്രാഹ്മണ കുലത്തിൽ ജനിച്ചവർ മറ്റുള്ളവരിൽ നിന്നും തിരിച്ച് അറിയപ്പെടാൻ അവരുടെ വീട് നീല നിറമാകി. കാലാകാലങ്ങളായി ഈ നിറം തന്നെ അവർ വീടുകൾക്ക് അടിക്കുന്നു. എന്നാൽ പുതുതലമുറക്കാർ ഇന്ന് ജാതിഭേദമെന്യേ അവരുടെ വീടുകൾക്ക് നീലനിറമടിക്കുന്നു.

വേറൊരു കാരണം പുള്ളി പറഞ്ഞത്, നീല നിറം അടിച്ചാൽ പൊതുവേ വീടുകൾക്ക് നല്ല തണുപ്പായിരിക്കും. അങ്ങനെ ചൂടിൽ നിന്ന് രക്ഷ നേടാൻ കൂടിയാണ് വീടുകൾക്ക് നീല നിറം കൊടുക്കുന്നത്. കൂടാതെ പണ്ട് തുരിശും ചുണ്ണാമ്പും കൂട്ടി ചേർത്താണ് നീല തയ്യാറാക്കിയിരുന്നത്. അത് കൊണ്ട് തന്നെ കീടങ്ങളെ ചെറുക്കാൻ അത് സഹായിച്ചിരുന്നു. ഇപ്പൊ എല്ലാ കൊല്ലവും ദീപാവലിയുടെ സമയത്ത് ഈ വീടുകളിൽ നീല ചായം പുതിയതായി അടിക്കും.
ആളുകൾ വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. ഞാൻ ഫോട്ടോയെടുത്ത് നടക്കുന്നത് കണ്ട് ഒരു അപ്പൂപ്പൻ എന്നേ പുള്ളിയുടെ ടെറസ്സ് കൊണ്ട് പോയി. അവിടെ നിന്നാൽ ജോധ്പുർ കോട്ടയുടെ ഒരു മനോഹര ദൃശ്യം കാണാൻ പറ്റും. ഭാഗ്യവശാൽ നല്ലൊരു സൂര്യാസ്തമയം കൂടി സാക്ഷ്യം വഹിക്കാൻ പറ്റി. അപ്പൊപ്പനോട് നന്ദി പറഞ്ഞ് ഞങ്ങൾ തിരികെ താമസ സ്ഥലത്തേക്ക് പോയി.

മിത്ര സതീഷ്
Mithrasatheesh@gmail.com

MitraSatheesh@gmail.com

Latest