Connect with us

Editorial

മധ്യപ്രദേശിലെ കുടുംബാസൂത്രണ വിവാദം

Published

|

Last Updated

വിവാദ നടപടികൾക്ക് കുപ്രസിദ്ധമാണ് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാർ. 2018 ഡിസംബറിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടനെ കമൽനാഥ് നടത്തിയ മണ്ണിന്റെ മക്കൾ വാദം വൻപ്രതിഷേധത്തിനിടയാക്കിയിരുന്നു. ഉത്തർ പ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമുള്ള തൊഴിലാളികൾ മധ്യപ്രദേശുകാരുടെ തൊഴിലവസരങ്ങൾ അപഹരിക്കുകയും അവരുടെ കഞ്ഞിയിൽ മണ്ണിടുകയും ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രസ്താവന. 70 ശതമാനത്തിൽ കൂടുതൽ മധ്യപ്രദേശുകാരെ ജോലിക്ക് നിയോഗിക്കുന്ന കമ്പനികൾക്ക് നികുതിയിളവുകളും പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയും ചെയ്തു അദ്ദേഹം. ശിവസേന മഹാരാഷ്ട്രയിൽ ഉയർത്തിയ മണ്ണിന്റെ മക്കള്‍ വാദത്തിൽ പ്രചോദനമുൾക്കൊണ്ട് നടത്തിയ ഈ പ്രസ്താവനയെ വിവിധ രാഷ്ട്രീയ നേതാക്കൾ രൂക്ഷമായി വിമർശിക്കുകയുണ്ടായി. 2019 ഫെബ്രുവരിയിൽ ഗോവധക്കേസിൽ മൂന്ന് മുസ്‌ലിം യുവാക്കളെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുത്ത് ജയിലിലടച്ച കമൽനാഥ് സർക്കാറിന്റെ നടപടിയും വൻപ്രതിഷേധം സൃഷ്ടിച്ചിരുന്നു.

ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് കമൽനാഥ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവും വിവാദമായി. ഒരോ പുരുഷ ആരോഗ്യപ്രവർത്തകരും ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണമെന്നും അത് ചെയ്യാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കുമെന്നും അല്ലെങ്കിൽ അവർ നിർബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളാനുമാണ് ഈ ഉത്തരവിൽ പറയുന്നത്. കുടുംബാസൂത്രണ പ്രചാരണ രംഗത്ത് മോശം പ്രകടനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ കണ്ടെത്താനും അവരുടെ ശമ്പളം പിടിച്ചുവെക്കാനും മേലുദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിരുന്നു. ഇത്തരക്കാരുടെ പേര് നിർബന്ധിത വിരമിക്കലിനായി നിർദേശിക്കുമെന്നും വിജ്ഞാപനത്തിലുണ്ട്. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ ഉത്തരവ് പിൻവലിച്ചതായി മധ്യപ്രദേശ് സംസ്ഥാന ആരോഗ്യ മന്ത്രി തുൾസി സിൽവത്ത് അറിയിച്ചിട്ടുണ്ടെങ്കിലും വന്ധ്യംകരണം അടിച്ചേൽപ്പിക്കുന്ന ഇത്തരമൊരു നയത്തിലേക്ക് ഇന്നത്തെ ഭരണാധികാരികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ജനസംഖ്യാ പെരുപ്പം ഭക്ഷ്യ, താമസ മേഖലകളിൽ ഭരണകൂടത്തിന് പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയാണ് ജസസംഖ്യാ നിയന്ത്രണത്തിന്റെ മുഖ്യകാരണം. ഇന്ത്യ സ്വതന്ത്രമായി ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും രാജ്യത്ത് നിന്നു പട്ടിണി തുരത്താനായിട്ടില്ല. രാജ്യത്തെ ദശകോടികൾ ഇന്നും മുഴുപട്ടിണിയിലും അർധപട്ടിണിയിലുമാണ്. ജനസംഖ്യാ “വിസ്‌ഫോട”നമാണ് ഇതിനു മുഖ്യകാരണമെന്നും ഇത് നിയന്ത്രിച്ചാൽ പട്ടിണി അകറ്റാനും രാജ്യപുരോഗതിക്കു വേഗം കൂട്ടാനും സാധിക്കുമെന്നാണ് ആധുനിക രാജ്യതന്ത്രജ്ഞരും ഭരണാധികാരികളും സിദ്ധാന്തിക്കുന്നത്.

യഥാർഥത്തിൽ ജനസംഖ്യാ വർധനയല്ല, ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ അപാകതയും സാമ്പത്തിക രംഗത്തെ അസമത്വവുമാണ് ഇന്ത്യയുൾപ്പെടെ ലോകരാഷ്ട്രങ്ങളിലെ പട്ടിണിക്കു മുഖ്യകാരണം. 137 കോടി വരുന്ന ഇന്ത്യൻ ജനതക്ക് ഭക്ഷിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. അത് പൂർണമായി ശേഖരിക്കുകയോ, കൃത്യമായി സൂക്ഷിക്കുകയോ, ന്യായമായ തോതിൽ വിതരണം നടത്തുകയോ ചെയ്യുന്നില്ല. എഫ് സി ഐ ഗോഡൗണുകളിൽ സൂക്ഷിക്കുന്ന ഭക്ഷ്യധാന്യങ്ങൾ വൻതോതിലാണ് ഓരോ വർഷവും കേടുവന്നു നശിച്ചു കൊണ്ടിരിക്കുന്നത്. 2014ൽ പുറത്തു വന്ന കണക്ക് പ്രകാരം 2005 മുതൽ 2013 വരെയുള്ള ഒമ്പത് വർഷത്തിനിടെ 1.94 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് ഇന്ത്യയിൽ നശിച്ചത്. രാജ്യത്തെ എഫ് സി ഐ ഗോഡൗണുകളിൽ കെട്ടിക്കിടന്നു നശിക്കുന്ന കരുതൽ ഭക്ഷ്യശേഖരം മതി രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ കണ്ണീരൊപ്പാൻ. പാകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. ആധുനിക സമൂഹത്തിൽ നല്ലൊരു പങ്കും ആവശ്യത്തിലധികം ഭക്ഷ്യവസ്തുക്കൾ പാകം ചെയ്ത് അതിന്റെ നല്ലൊരു ഭാഗവും പിന്നീട് പാഴാക്കുന്നവരാണ്. ലോക ഭക്ഷ്യ, കാർഷിക സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നു ഭാഗം പാഴായിപ്പോകുന്നുണ്ട്. ഇന്ത്യയിൽ മാത്രം ദിനംപ്രതി 600 ടൺ വേവിച്ച ഭക്ഷ്യവസ്തുക്കളാണ് ചവറ്റുകൊട്ടയിലേക്ക് തള്ളുന്നത്. എഫ് സി ഐ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ നശിപ്പിക്കാതെ രാജ്യത്തെ സാധാരണക്കാർക്ക് വിതരണം ചെയ്തു കൂടേയെന്നു സുപ്രീം കോടതി ചോദിച്ചപ്പോൾ, അത് സർക്കാറിനു അധിക ബാധ്യതയുണ്ടാക്കുമെന്നു പറഞ്ഞു ഒഴിഞ്ഞുമാറിയവരാണ് രാജ്യത്തെ ഭരണാധികാരികൾ. മരണപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ സ്മരണക്കായി സഹസ്രകോടികൾ ചെലവിട്ടു പ്രതിമകൾ നിർമിക്കുന്നവരും ഭരണരംഗത്ത് കോടികൾ ധൂർത്തടിക്കുന്നവരുമാണ് പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനു വരുന്ന പണം അധിക ബാധ്യതയായി കാണുന്നതെന്നോർക്കണം.

ഇത്തരം ഭരണാധികാരികൾ തന്നെയാണ് പട്ടിണിക്ക് പരിഹാരമായി രാജ്യത്തെ ജനനം തടയാൻ കച്ചകെട്ടിയിറങ്ങിയിരുന്നതും കുടുംബാസൂത്രണം അടിച്ചേൽപ്പിക്കുന്നതും. എന്തൊരു വിരോധാഭാസം. സന്താന നിയന്ത്രണം മനുഷ്യവിഭവ ശേഷിയിൽ ഇടിവ് സൃഷ്ടിക്കുന്നതുൾപ്പെടെ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് പഠനങ്ങളും ഇത് കർശനമായി നടപ്പാക്കിയ ചൈന തുടങ്ങിയ രാജ്യങ്ങളിലെ അനുഭവങ്ങളും വിളിച്ചോതുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനായി ഒരു ദമ്പതികൾക്ക് ഒരു കുഞ്ഞു മതിയെന്ന നിയമം നടപ്പാക്കിയ രാജ്യമാണ് ചൈന. പദ്ധതി ഏതാനും വർഷം പിന്നിട്ടപ്പോൾ ഇത് മനുഷ്യ വിഭവശേഷി കുറയാനിടയാക്കുകയും തൊഴിൽ മേഖലയിൽ ആളുകൾക്ക് ക്ഷാമം നേരിടുകയും ചെയ്തതോടെ കുട്ടികൾ രണ്ടാകാം എന്ന നിലപാടിലേക്ക് ചൈനീസ് ഭരണാധികാരികൾ മാറുകയുണ്ടായി. ഇംഗ്ലണ്ട് സ്വദേശി തോമസ് റോബർട്ട് മാൽത്തസ് ആണ് ജനസംഖ്യാ നിയന്ത്രണ നയത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. എന്നാൽ ജനസംഖ്യ തടയുന്നത് ഭക്ഷ്യാവശ്യം പരിമിതപ്പെടുത്തുമെന്നു സിദ്ധാന്തിച്ച മാൽത്തസ് ജനനം തടയുന്നതിലൂടെ നഷ്ടമാകുന്ന മനുഷ്യ വിഭവത്തെക്കുറിച്ചു ഓർത്തിരിക്കില്ല. ജനങ്ങളാണ് ലോകത്തെ ഏറ്റവും വലിയ വിഭവം. ഒരു കുഞ്ഞിന്റെ പിറവിയിലൂടെ അളക്കാനാകാത്തത്ര തൊഴിൽ ശേഷിയും നൈപുണ്യങ്ങളും ചിന്തയും ഭാവനയുമാണ് ഇവിടെ പിറവിയെടുക്കുന്നത്. ഇതിനേക്കാൾ വലുതല്ലല്ലോ ഒരു മനുഷ്യന് ആവശ്യമായ ഭക്ഷ്യവിഭവം.