Connect with us

National

നിര്‍ഭയ കേസ്: കുറ്റവാളികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും; പുറപ്പെടുവിക്കുന്നത് മൂന്നാമത്തെ മരണ വാറണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ നാല് കുറ്റവാളികളെയും മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും. രാവിലെ ആറിനാണ് വധശിക്ഷ നടപ്പാക്കുക. കേസില്‍ ഇത് മൂന്നാം തവണയാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. ഒറ്റ വരിയിലുള്ള ഉത്തരവിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ധര്‍മേന്ദര്‍ റാണ വിധി പ്രസ്താവിച്ചത്. കോടതിയില്‍ കൂടിയിരുന്നവര്‍ കൈയടികളോടെയാണ് വിധിയെ വരവേറ്റത്.

ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്
നിര്‍ഭയയുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജി ഇന്ന് രാവിലെ പരിഗണിച്ച കോടതി ഇരു പക്ഷത്തിന്റെയും വാദം കേട്ട ശേഷം വിധി പ്രസ്താവിക്കാനായി ഉച്ചത്തേക്ക് മാറ്റിവക്കുകയായിരുന്നു. നിയമപരമായ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിനായി കുറ്റവാളികള്‍ക്ക് അനുവദിച്ച ഏഴു ദിവസത്തെ സമയ പരിധി ഫെബ്രുവരി 12ന് അവസാനിച്ചതോടെയാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ വീണ്ടും കോടതിയെ സമീപിച്ചത്.

ഇത് മൂന്നാം തവണയാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിക്കുന്നത് എന്നതില്‍ അസന്തുഷ്ടിയുണ്ടെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവി പറഞ്ഞു. ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിച്ചെങ്കിലും വീണ്ടും മരണ വാറണ്ട് പുറപ്പെടുവിച്ചതില്‍ സന്തോഷവുമുണ്ടെന്നും വിധി മൂന്നിന് തന്നെ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പ്രതികരിച്ചു.

Latest