Connect with us

Health

ഇവരെ സൂക്ഷിക്കണം; ആത്മഹത്യയിലേക്ക് നയിക്കപ്പെടാം

Published

|

Last Updated

കോഴിക്കോട് | പെട്ടെന്നുള്ള വികാര വിക്ഷോഭങ്ങളെ പ്രതിഫലിപ്പിക്കാനാണ് സ്ത്രീകൾ പൊതുവെ ആത്മഹത്യാ ശ്രമങ്ങൾ നടത്തുന്നതെന്നും ഏറ്റവും എളുപ്പം ലഭ്യമായ മാർഗം എന്ന നിലയിലാണ് അവർ തീ ഉപയോഗിക്കുന്നതെന്നും പ്രമുഖ മാനസികാരോഗ്യ വിദഗ്ധൻ ഡോ. പി എൻ സുരേഷ്‌കുമാർ പറയുന്നു.
30 ശതമാനം പൊള്ളൽ ഏറ്റാൽ പോലും ജീവൻ രക്ഷിക്കാനുള്ള സംവിധാനം ഇന്നില്ലാത്തതിനാൽ ഇത്തരം കേസുകളിൽ മരണം ഉറപ്പാവുകയാണ് ചെയ്യുന്നത്.
സ്ത്രീകളേക്കാൾ ആത്മഹത്യ ചെയ്യുന്നത് പുരുഷൻമാരാണ്. ആറ് പുരുഷൻമാർക്ക് ഒരു സ്ത്രീ എന്ന നിരക്കിലാണ് ആത്മഹത്യാ കണക്ക്. എന്നാൽ ആത്മഹത്യാ ശ്രമത്തിന്റെ കാര്യത്തിൽ സ്ത്രീകളാണ് മുന്നിൽ. ആറ് സ്ത്രീകൾ ആത്മഹത്യാശ്രമം നടത്തുമ്പോൾ ഒരു പുരുഷൻ എന്നതാണ് നില.

പെരുമാറ്റ വൈകല്യങ്ങളാണ് സ്ത്രീകളെ പൊടുന്നനെയുള്ള ആത്മഹത്യാ ശ്രമത്തിലേക്ക് നയിക്കുന്നത്. അസ്ഥിര വൈകാരിക വ്യക്തിത്വം (ഇമോഷണലി അൺസ്റ്റേബിൾ പേഴ്‌സണാലിറ്റി) എന്ന ഗണത്തിൽ പെടുന്നവരാണിവർ. ബെല്ലും ബ്രേക്കുമില്ലാതെയാണ് ഇത്തരം വ്യക്തിത്വം സഞ്ചരിക്കുന്നത്. ഈ വ്യക്തിത്വ വൈകല്യങ്ങൾ മരുന്നുകൊണ്ട് ചികിത്സിക്കേണ്ടതല്ല. കുഞ്ഞുനാൾ മുതൽ രൂപപ്പെട്ടു വരുന്ന ഇത്തരം പെരുമാറ്റ വൈകല്യം സ്വഭാവ രൂപവത്കരണ കൗൺസലിംഗ് പോലുള്ള രീതികൾ കൊണ്ട് മാറ്റിയെടുക്കാവുന്നതാണ്.

കുരക്കുന്ന പട്ടി കടിക്കില്ല എന്ന ചൊല്ല് ഇത്തരക്കാർക്ക് ചേരില്ല. പല തവണ ആത്മഹത്യക്കു ശ്രമിക്കുന്ന ഒരാൾ അവസാനം ലക്ഷ്യം കാണുമെന്നുറപ്പാണ്. ആത്മഹത്യാ പ്രവണത ഒരു വ്യക്തിയിൽ കണ്ടാൽ അതിന് ചികിത്സ ആവശ്യമാണ്. ഇത്തരക്കാരിൽ 60 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ ശ്രമം പൂർത്തിയാക്കി ആത്മഹത്യ ചെയ്യുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
കടുത്ത മാനസിക രോഗം അനുഭവിക്കുന്ന രോഗികൾ ആത്മഹത്യ ചെയ്യുന്നതു സംബന്ധിച്ച് നേരത്തേ തന്നെ തീരുമാനിച്ചുറപ്പിക്കുന്നതായാണ് കാണാറുള്ളത്. അത്തരക്കാർ വിഫലമായ ശ്രമങ്ങൾ നടത്താറില്ല.
കുടുംബത്തിനുള്ളിൽ ഏറ്റവും കൂടുതൽ മാനസിക സമ്മർദം അനുഭവിക്കുന്നത് സ്ത്രീകളാണ്. ഈ എടുത്തു ചാട്ടത്തിൽ എളുപ്പം കൈയിൽ കിട്ടുന്ന സാധനമാണ് മണ്ണെണ്ണ. മരിക്കണം എന്നു കരുതിയല്ല, ഒന്നു ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുന്നത്.

ഇന്ത്യയിലാണ് തീ കൊളുത്തിയുള്ള ആത്മഹത്യ ഏറ്റവും അധികം കാണുന്നത്. തീ എല്ലാറ്റിനേയും ശുദ്ധീകരിക്കുന്നു എന്ന ഒരു വിശ്വാസം ഇന്ത്യൻ മനസ്സിലുണ്ടെന്ന് ഈ രംഗത്തെ ചില ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. സതി അനുഷ്ഠാനത്തിലേക്കു നയിച്ച അതേ സാംസ്‌കാരിക ബോധം തന്നെയാണ് തീകൊളുത്തിയുള്ള ആത്മഹത്യക്കു പിന്നിലും പ്രവർത്തിക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
30 ശതമാനം പൊള്ളലേറ്റാൽ പോലും ജീവൻ രക്ഷിക്കാനുള്ള സംവിധാനം ഇന്ന് സർക്കാർ ആശുപത്രികളിൽ ഇല്ല. പൊള്ളലേറ്റുള്ള അപകടങ്ങളിൽ ഏറെയും സംഭവിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കിടയിലായതു കൊണ്ട് സ്വകാര്യ ആശുപത്രികൾ ഈ ചികിത്സ ഏറ്റെടുക്കുന്നില്ല. ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന തൊലി നശിക്കുന്നതോടെ ശരീരത്തിൽ നിന്നു വലിയ തോതിൽ ജലം നഷ്ടപ്പെടുന്നു. നിർജലീകരണം തടയാൻ കഴിയുന്നില്ല. ഇതോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ നഷ്ടപ്പെടുന്നു. ഒരു കൊതുകുവലയുടെ സംരക്ഷണം മാത്രമാണ് ആശുപത്രിയിൽ രോഗിക്കു കിട്ടുക. അതിനാൽ അതിവേഗം അണുബാധക്കും രോഗി ഇരയാവും. ഫലപ്രദമായ ഒരു ബേൺസ് യൂനിറ്റ് ഇന്ന് എവിടെയും ഇല്ലാത്തതിനാൽ പൊള്ളലേൽക്കുന്നവർക്ക് മരണം ഉറപ്പാണ്.
പെരുമാറ്റ വൈകല്യങ്ങൾ പോലുള്ള ചെറിയ മാനസിക പ്രശ്‌നങ്ങൾ കണ്ടെത്താനും കൗൺസലിംഗ് പോലുള്ള സംവിധാനത്തിലൂടെ പരിഹാരം കാണാനും പഞ്ചായത്ത്, വാർഡ് തലങ്ങളിൽ സംവിധാനം ഉണ്ടാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. കുടുംബത്തിനകത്ത് നിസ്സാരമായി കരുതുന്ന ഇത്തരം പ്രശ്‌നങ്ങളെ ഗൗരവമായി കൈകാര്യം ചെയ്യേണ്ടതാണ്.

ആത്മഹത്യാ പ്രതിരോധ ക്ലിനിക്കുകൾ പോലുള്ള സംവിധാനങ്ങൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. 24 മണിക്കൂറും ടെലിഫോൺ വഴി കൗൺസലിംഗ് സേവനം ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങളിലേക്ക് നിത്യവും നിരവധി ഫോൺവിളികളാണ് എത്തുന്നത്. പെരുമാറ്റ വൈകല്യങ്ങൾ പോലുള്ള മാനസികാവസ്ഥയിൽ ആത്മഹത്യയെ കുറിച്ചു ചിന്തിക്കുന്നവർക്ക് 4952760000 എന്ന തണൽ നമ്പറിലേക്കു വിളിച്ചാൽ ലഭിക്കുന്ന കൗൺസലിംഗ് വലിയ ആശ്വാസമാണ് നൽകുന്നത്.

ഓരോ നാട്ടിലും ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമുണ്ട്. ഇതിനായി സന്നദ്ധ പ്രവർത്തകരെ പരിശീലിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം നിർദേശിക്കുന്നു.

 

ത്മഹത്യാ പ്രവണതയുടെ ലക്ഷണങ്ങൾ

  • അതിയായ സങ്കടം, ഉത്കണ്ഠ
  • ഒന്നും ആസ്വദിക്കാൻ കഴിയുന്നില്ല
  • കലശലായ ദേഷ്യം
  • കുറ്റബോധം
  • മരണത്തെ കുറിച്ചുള്ള സംസാരം
  • തന്റെ ജീവിതം വെറുതെയാണെന്ന സംസാരം
  • താൻ എല്ലാവർക്കും ഭാരമാണെന്നും ആർക്കും തന്നെ
  • ഇഷ്ടമല്ലെന്നും വിലയിരുത്തൽ
  • ജീവിതം സ്തംഭനാവസ്ഥയിലാണെന്ന വിചാരം
  • ജനിക്കേണ്ടായിരുന്നു എന്ന ആത്മഗതം
  • എല്ലാത്തിൽ നിന്ന് ഒറ്റപ്പെട്ടു മാറി നിൽക്കൽ
  • മറ്റുള്ളവരോട് അധികം സംസാരിക്കാതെ ഒഴിഞ്ഞു മാറൽ
  • വളരെ ഇഷ്ടമുള്ള വസ്തുക്കൾ ആർക്കെങ്കിലും നൽകുക
  • അപകടകരമായ കാര്യങ്ങൾ ചെയ്യുക
  • ആത്മഹത്യക്ക് വേണ്ടിയുള്ള വസ്തുക്കൾ ശേഖരിക്കുക

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest