Connect with us

Kerala

വെടിയുണ്ടകള്‍ നഷ്ടപ്പെടുന്നത് പുതിയ സംഭവമല്ല: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന പോലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വെടിയുണ്ടകള്‍ നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ലെന്ന പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെടിയുണ്ടകള്‍ പലപ്പോഴായി കാണാതായിട്ടുണ്ട്. താന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴും ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകാമെന്നും കോടിയേരി പറഞ്ഞു.വിവിധ കാര്യങ്ങള്‍ക്കായി പോകുന്ന പോലീസുകാര്‍ക്ക് നല്‍കുന്ന വെടിയുണ്ടകള്‍ പലപ്പോഴും തിരിച്ചെത്താറില്ല. ധൃതിപിടിച്ച് കൃത്യങ്ങള്‍ നിര്‍വഹിച്ചു വരുമ്പോള്‍ വെടിയുണ്ടകളെല്ലാം തിരിച്ചെത്തിക്കാന്‍ പോലീസുകാര്‍ക്ക് കഴിഞ്ഞില്ലെന്നു വരും. എന്നാല്‍, അത് രേഖയാക്കി സൂക്ഷിക്കേണ്ടതാണ്. രേഖപ്പെടുത്താതിരുന്നപ്പോഴാണ് സി എ ജി യുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുക- കോടിയേരി പറഞ്ഞു.

വിശദമായി പരിശോധിച്ചാല്‍ കാണാതെ പോയെന്നു പറയുന്ന തോക്കുകള്‍ അവിടെത്തന്നെ കണ്ടെത്താനാകും. കണക്കുകള്‍ രേഖപ്പെടുത്തിയതില്‍ പിഴവു വന്നതാകാനാണ് സാധ്യത. സി ഐ ജി റിപ്പോര്‍ട്ട് പി എ സി പരിശോധിക്കുമ്പോള്‍ അതു വ്യക്തമാകും.
റിപ്പോര്‍ട്ട് നിയമസഭക്ക് സമര്‍പ്പിക്കുന്നതിന് മുമ്പ് ചോര്‍ന്നോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം സി എ ജിക്കു തന്നെയാണ്. . റിപ്പോര്‍ട്ടിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് പറയാനാവില്ലെന്നും അതില്‍ പറയുന്ന കാര്യങ്ങളെല്ലാം പരിശോധനക്ക് വിധേയമാക്കട്ടെയെന്നും കോടിയേരി പറഞ്ഞു.

“അലനും ത്വാഹയും മാവോയിസ്റ്റുകള്‍ തന്നെ”
യു എ പി എ ചുമത്തപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അലന്‍ ശുഹൈബും ത്വാഹ ഫസലും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇരുവരെയും പാര്‍ട്ടി ഏരിയാ കമ്മിറ്റി പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏരിയാ കമ്മിറ്റി തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഇതാദ്യമായാണ്, അലനെയും ത്വാഹയെയും പുറത്താക്കിയെന്ന് സി പി എം പ്രഖ്യാപിക്കുന്നത്.

സി പി എമ്മിനുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് അവരെ പുറത്താക്കിയതെന്ന് കോടിയേരി വ്യക്തമാക്കി. അവര്‍ ഒരേസമയം സി പി എമ്മിലും മാവോയിസ്റ്റ് ഗ്രൂപ്പിലും പ്രവര്‍ത്തിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ല. അതേസമയം, ത്വാഹയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി വേദനിപ്പിക്കുന്നതാണെങ്കിലും പാര്‍ട്ടിയെ തള്ളിപ്പറയില്ലെന്ന് മാതാവ് ജമീല പറഞ്ഞു. പാര്‍ട്ടിയില്‍ ഇനിയും വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒന്നും പറയാനില്ലെന്നായിരുന്നു അലന്റെ കുടുംബാംഗങ്ങളുടെ പ്രതികരണം.

Latest