Connect with us

Wayanad

എൽ ജെ ഡിയുടെ ലയന നീക്കങ്ങളെ അഭിനന്ദിച്ച്‌ ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി

Published

|

Last Updated

മാനന്തവാടി | എൽ ജെ ഡിയുടെ ജനതാദൾ എസുമായുള്ള ലയന നീക്കങ്ങളെ അഭിനന്ദിച്ച്‌ ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ സമര പരിപാടികളുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത ജില്ലാ ഭാരവാഹികളുടെ പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നേതാക്കൾ. ലയനം അനിവാര്യമാണെന്നും സോഷ്യലിസ്റ്റുകളുടെ പുനരേകീകരണവും ഐക്യവും പുതിയ സാഹചര്യത്തിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു.
ലോക് താന്ത്രിക് ജനതാദൾ-ജനതാദൾ എസ് ലയനം വയനാട് ജില്ലയിലെ മുഴുവൻ ജനതാദൾ പ്രവർത്തകരും ഒറ്റ മനസോടെ സ്വാഗതം ചെയ്യുമെന്നും നേതാക്കൾ സൂചിപ്പിച്ചു.

രാജ്യത്ത്‌ ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയത് സാധാരണക്കാരുടെ ജീവിതഭാരം വർധിപ്പിക്കുന്ന നടപടിയാണ്. ഒറ്റയടിക്ക്‌ 146 രൂപയാണ്‌ വർധിപ്പിച്ചത്തോട്കൂടെ സിലിണ്ടറിന്‌ 850 രൂപയായി. ആറുവർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണിത്. കടുത്ത സാമ്പത്തിക മാന്ദ്യത്തിനിടെ 2014 ജനുവരിക്കുശേഷമുള്ള ഏറ്റവും വലിയ ഈ വർധനവ് നിലവിൽ വന്നത് ജനങ്ങളുടെ കുടുംബ ബഡ്ജറ്റുകളെ താറുമാറാക്കിയിരിക്കുന്നു. ജനങ്ങളെ അവശ്യസാധനങ്ങളുടെ വിലവര്‍ധിപ്പിച്ച് ശ്വാസം മുട്ടിക്കുന്ന ഈ തീരുമാനം വഴി കേന്ദ്ര സർക്കാറിന്റെ ജന വിരുദ്ധ മുഖമാണ് തുറന്നു കാണിക്കപ്പെട്ടത്. ജനതാദൾ എസ് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അഭിപ്രായപ്പെട്ടു.

കാര്‍ഷിക തകര്‍ച്ചയും തൊഴിലില്ലായ്‌മയും രൂക്ഷമാക്കാന്‍ വഴിയൊരുക്കുന്ന കേന്ദ്ര ബജറ്റിനെതിരെ ഫെബ്രുവരി 18-ന്‌ നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌ എൽ ഡി എഫ് നടത്തുന്ന മാര്‍ച്ചും പ്രതിഷേധയോഗവും വിജയിപ്പിക്കാൻ ബഹുജനങ്ങൾ മുൻകൈ എടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കേന്ദ്ര ബജറ്റിനെതിരെ ഈ മാസം 12 മുതല്‍ 18 വരെ നടക്കുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ്‌ കേരളത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളിലും എൽ ഡി എഫ്
പ്രതിഷേധം നടത്തുന്നത്.
എല്‍ ഐ സി അടക്കം രാജ്യത്തിന്റെ പൊതുസ്വത്ത്‌ വന്‍തോതില്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്നതാണ് കേന്ദ്ര ബജറ്റ്‌. കേരളത്തെ പ്രത്യേകിച്ചും വയനാടിനെ പാടെ തഴഞ്ഞിരിക്കുകയാണ്‌ ബജറ്റ്. സംസ്ഥാനം സമര്‍പ്പിച്ച ഒരു പദ്ധതി പോലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. റെയില്‍വേ വികസനം, എയിംസ്‌, റെയില്‍കോച്ച്‌ ഫാക്ടറി, ശബരി റെയില്‍പാത തുടങ്ങിയവക്ക്‌ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല. പ്രളയ ദുരന്തം നേരിടുന്നതിനുള്ള സഹായം അനുവദിച്ചതില്‍ കേരളത്തോട്‌ കാണിച്ച ക്രൂരത ബജറ്റിലും ആവര്‍ത്തിച്ച കേന്ദ്ര നടപടി സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ്‌. ജനവിരുദ്ധ ബജറ്റിനെതിരായ എൽ ഡി എഫ് പ്രക്ഷോഭത്തില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന്‌ ജനതാദൾ എസ് ഭാരവാഹികൾ അഭ്യര്‍ഥിച്ചു.

പത്രസമ്മേളനത്തിൽ ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് സി കെ ഉമ്മർ , ജില്ലാ വൈസ് പ്രസിഡന്റ് ജുനൈദ് കൈപ്പാണി, ഇ പി ജേക്കബ് , സി പി അഷ്‌റഫ് എന്നിവർ പങ്കെടുത്തു.