പോലീസിനായി കെല്‍ട്രോണ്‍ കണ്ണൂരില്‍ നിര്‍മിച്ച ട്രാഫിക് പാര്‍ക്കിലും ക്രമക്കേടെന്ന് കണ്ടെത്തല്‍

Posted on: February 14, 2020 11:47 am | Last updated: February 14, 2020 at 6:18 pm

കണ്ണൂര്‍ | കണ്ണൂരില്‍ പോലീസിനായി കെല്‍ട്രോണ്‍ നിര്‍മിച്ച ട്രാഫിക് പാര്‍ക്കിലും ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. സംസ്ഥാനത്ത് ട്രാഫിക് ബോധവത്കരണത്തിനായി കെല്‍ട്രോണ്‍ കരാറെടുത്ത് പണികഴിപ്പിച്ച പാര്‍ക്കിലാണ് ക്രമക്കേട് കണ്ടെത്തയിട്ടുള്ളത്. 35 ലക്ഷം വകയിരുത്തിയിരുന്ന പ്രവൃത്തിയില്‍ അത്രയും തുകക്കുള്ള നിര്‍മാണം നടന്നിട്ടില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദാന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ ചെയ്തിട്ടുണ്ട്.

ഉദ്ഘാടനത്തിന് മുമ്പു തന്നെ തകര്‍ന്ന് തുടങ്ങിയ പാര്‍ക്ക് പോലീസും ഏറ്റെടുത്തിട്ടില്ല. ചാല ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച പാര്‍ക്കിലെ റോഡില്‍ നിന്ന് ട്രാഫിക് ചിഹ്നങ്ങള്‍ പലയിടത്തും മാഞ്ഞുപോയിട്ടുണ്ട്. പെയിന്റില്‍ ആവശ്യമായ ചേരുവകള്‍ ചേര്‍ക്കാതെ അടിച്ചതു മൂലമാണ് ഇങ്ങനെ സംഭവിച്ചത. സിഗ്‌നല്‍ കാലുകളില്‍ ചിലത് ഇളകിപ്പോന്നിട്ടുമുണ്ട്. ഇരിപ്പിടങ്ങളും വിദ്യാര്‍ഥികള്‍ക്കായി സ്ഥാപിച്ച ഊഞ്ഞാലുമെല്ലാം തകര്‍ന്ന നിലയിലാണ്. ഡിജിപി ഉദ്ഘാടനം ചെയ്ത വയനാട്ടിലെ പാര്‍ക്കിനെതിരെയും പരാതിയുണ്ട്. ഫണ്ട് ചെലവഴിച്ചതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് ജില്ലാ പോലീസിന്റെ വിശദീകരണം.