Connect with us

Kerala

കോണ്‍ഗ്രസിന്റെ ശൈലിയും നേതൃ കാഴ്ചപ്പാടും മാറണം: ജയറാം രമേശ്

Published

|

Last Updated

കൊച്ചി |  കോണ്‍ഗ്രസ് വീണ്ടും രാജ്യത്ത് ശക്തിപ്പെടണമെങ്കില്‍ വലിയ ഒരു മാറ്റത്തിന് തയ്യാറാകണമെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശ്. പാര്‍ട്ടിയുടെ ശൈലിയും നേതൃത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുമെല്ലാം മാറണം. പ്രാദേശിക തലത്തിലുള്ള നേതാക്കളെ ശാക്തീകരിക്കുകയും വളര്‍ത്തിക്കൊണ്ടുവരികയും വേണം. അവര്‍ക്ക് സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും നല്‍കണമെന്നും ജയറാം രമേശ് പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അധികാരത്തില്‍ നിന്ന് പാര്‍ട്ടി പുറത്തായിട്ട് ആറ് വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇന്നും ചില നേതാക്കള്‍ മന്ത്രിമാരെ പോലെയാണ് പെരുമാറുന്നത്. നേതാക്കന്‍മാര്‍ ധാര്‍ഷ്ട്യം ഒഴിവാക്കണം. ബിഹാറില്‍ ഇന്ന് കോണ്‍ഗ്രസില്ല, യു പിയില്‍ നാമാവശേഷമായി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട ശക്തമായ നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം അമിത് ഷായുടെ മുഖത്തേറ്റ അടിയാണ്. പ്രചാരണത്തിന് അവര്‍ ഉപയോഗിച്ച ഭാഷ, തന്ത്രങ്ങള്‍ എന്നിവ തിരസ്‌കരിക്കപ്പെട്ടു. 15 വര്‍ഷത്തോളം ഭരിച്ച് ഡല്‍ഹിയിലെ റോഡുകള്‍, മെട്രോ, എയര്‍പോര്‍ട്ട് തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിലേറ്റത് കനത്ത പ്രഹരമാണ്.

കേരളത്തിലെ നേതാക്കളെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കേരള കേന്ദ്രീകൃതമായ ഒരു പാര്‍ട്ടിയല്ല ലക്ഷ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.കേരളത്തില്‍ പാര്‍ട്ടിക്ക് ഒരു പ്രത്യേക പദവിയുണ്ട്. കാരണം ഞങ്ങള്‍ മത്സരിക്കുന്നത് സിപിഎമ്മിനോടാണ്. കേരളത്തില്‍ പ്രാവര്‍ത്തികമാകുന്നത് കേരളത്തിന് പുറത്ത് പ്രാവര്‍ത്തികമാകണമെന്നില്ല.

കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് ശശി തരൂര്‍ ഒരു ഇലക്ഷന്‍ ഫോര്‍മുല നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ രണ്ടു അവസരങ്ങളില്‍ മാത്രമാണ് വോട്ടെടുപ്പ് നടത്തിയിട്ടുള്ളത്. തരൂര്‍ എന്തുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന്അറിയില്ല. കോണ്‍ഗ്രസ് അധ്യക്ഷനെ സമവായത്തിലൂടെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest