Connect with us

Gulf

മൊബൈല്‍ ഫോണില്‍ വ്യാജ സന്ദേശങ്ങള്‍ നല്‍കി തട്ടിപ്പ്: അബൂദബിയില്‍ 142 പേരെ അറസ്റ്റു ചെയ്തു

Published

|

Last Updated

അബൂദബി | മൊബൈല്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന 13 ഓളം സംഘങ്ങളിലുള്ള 142 പേര്‍ കഴിഞ്ഞ വര്‍ഷം പിടിയിലായതായി അബൂദബി പോലീസ്. അബൂദബി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെളിപ്പെടുത്തല്‍.
അബൂദബി, അജ്മാന്‍, ഷാര്‍ജ, ദുബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഏറ്റവുമൊടുവില്‍ ദുബൈ അജ്മാന്‍ പോലീസിന്റെ സഹകരണത്തോടെ 28 പേരടങ്ങുന്ന കവര്‍ച്ചാ സംഘത്തെയാണ് പിടികൂടിയതെന്ന് അബൂദബി പോലീസ് സി ഐ ഡി വിഭാഗം ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ യൂസഫ് മുഹമ്മദ് അല്‍ സാബി പറഞ്ഞു.

ബേങ്ക് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളുടെ രഹസ്യ വിവരങ്ങള്‍ മനസിലാക്കല്‍, വലിയ സമ്മാന വിജയികളായെന്ന് അറിയിക്കല്‍ എന്നിവക്കു പുറമെ മൊബൈല്‍ നമ്പറില്‍ സമ്മാനമടിച്ചിരിക്കുന്നു, ഏതെങ്കിലും പ്രധാന ദിനത്തില്‍ സംഭാവനകള്‍ സ്വീകരിക്കുന്നു, ബേങ്ക് ചെക്കിന്റെയോ തിരിച്ചറിയല്‍ കാര്‍ഡിന്റെയോ പകര്‍പ്പ് അയക്കുക, ഉടന്‍ ജീവനക്കാര്‍ ബന്ധപ്പെടും തുടങ്ങിയ സന്ദേശങ്ങളും നല്‍കിയാണ് തട്ടിപ്പ് സംഘങ്ങള്‍ പൊതുവെ ആളുകളെ ബന്ധപ്പെടാറുള്ളതെന്ന് പോലീസ് വ്യക്തമാക്കി. യു എ ഇയിലെ ടെലികോം സേവന ദാദാക്കളോ, ബേങ്കുകളോ സമ്മാനം ലഭിച്ചുവെന്ന പേരില്‍ ഉപഭോക്താക്കളെ ഒരിക്കലും ഫോണില്‍ വിളിക്കില്ല. ജനങ്ങളുടെ അറിവില്ലായ്മയും അത്യാഗ്രഹവും മുതലെടുത്ത് മാത്രമേ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും പോലീസ് വിശദമാക്കി.

പരിചയമില്ലാത്ത ഒരാളുമായി മൊബൈല്‍ ഫോണ്‍ വഴി ഒരിക്കലും വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെക്കരുതെന്ന് പോലീസ് നിര്‍ദേശിച്ചു. കൂടുതല്‍ സമയം ഫോണില്‍ തുടരുന്നത് ആളുകളുടെ കൂടുതല്‍ വിവരങ്ങള്‍ ഇത്തരം സംഘങ്ങള്‍ക്ക് ലഭിക്കാന്‍ ഇടയാക്കും. എമിറേറ്റ്‌സ് ഐ ഡി നമ്പര്‍ ബേങ്ക് ഗവണ്മെന്റ് ഇടപാടുകളില്‍ ഉപയോഗിക്കുന്നതിനാല്‍ പരിചയമില്ലാത്തവരുമായി പങ്കുവെക്കരുത്. ഇലക്ട്രോണിക് പിന്‍ നമ്പറുകള്‍ ആരുമായും പങ്കുവെക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിനിരയായാലോ സംശയകരമായ ഇടപാടുകള്‍ നടന്നാലോ 8002626 എന്ന നമ്പരില്‍ വിവരമറിയിക്കണം.

വാര്‍ത്താ സമ്മേളനത്തില്‍ കമ്മ്യൂണിറ്റി പോലീസ് തലവന്‍ ലഫ്റ്റനന്റ് കേണല്‍ സൈഫ് അലി അല്‍ ജാബ്രി, ഐ ടി വിഭാഗം തലവന്‍ മേജര്‍ നാസര്‍ അബ്ദുല്ല അല്‍ സാദി എന്നിവരും പങ്കെടുത്തു. മൊബൈല്‍ ഫോണ്‍ തട്ടിപ്പിനെതിരെ ശക്തമായ ബോധവത്കരണം ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. സമൂഹത്തിലെ എല്ലാ തുറകളിലേക്കും സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെ അറബിക്, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് പോലീസ് ബോധവത്കരണം നടത്തുക.

Latest