Connect with us

International

തുര്‍ക്കിയില്‍ യാത്രാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; മൂന്ന് മരണം,180 പേര്‍ക്ക് പരിക്ക്

Published

|

Last Updated

ഇസ്താംബൂള്‍ | തുര്‍ക്കിയില്‍ യാത്രാ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും നൂറ്റി എണ്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുര്‍ക്കിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഈജിയയിലെ ഇസ്മിറില്‍ നിന്ന് 177 യാത്രക്കാരും ആറ് ജീവനക്കാരുമായി യാത്ര തിരിച്ച പെഗാസസ് എയര്‍ലൈന്‍സിന്റെ പിസി 2193 വിമാനമാണ് അപകടത്തില്‍പെട്ടത്.

സാബിഹ ഗൊകീന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു. അപകടത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം ഫ്യൂസ്ലേജില്‍ നിന്ന് പൂര്‍ണ്ണമായും വേര്‍പെടുകയും തീപിടുത്തം ഉണ്ടാവുകയും ചെയ്തതാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായതെന്ന് ഗതാഗതമന്ത്രി കാഹിത് തുര്‍ഹാന്‍ പറഞ്ഞു

യാത്രക്കാരില്‍ ഭൂരിഭാഗവും തുര്‍ക്കി സ്വദേശികളാണ്. റണ്‍വേയില്‍ നിന്നും 196 അടിയാണ് വിമാനം തെന്നിമാറിയത്.

കഴിഞ്ഞ ഒരുമാസമായി തുര്‍ക്കിയില്‍ കനത്ത കാറ്റും മൂടല്‍ മഞ്ഞും തുടരുകയാണ്, ഇത് തുര്‍ക്കിയിലെ വിമാന സര്‍വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം അടയ്ക്കുകയും വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. വ്യാഴാഴ്ച് രാവിലെയോടെ സര്‍വീസുകള്‍ പുനരാംഭിച്ചതായി ഇസ്താംബുള്‍ ഗവര്‍ണര്‍ അലി യെര്‍ലികായ പറഞ്ഞു. അപകടത്തെ കുറിച്ച് പ്രോസിക്യൂഷന്‍ അന്വേഷണത്തിന് തുര്‍ക്കി ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.

Latest