Connect with us

National

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ യാദൃശ്ചികമല്ല; രാഷ്ട്രീയ ആസൂത്രണമുണ്ട്: മോദി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധങ്ങളിലൂടെ ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അരാജകത്വം സൃഷ്ടിക്കുകയാണ്. ഡല്‍ഹിക്കാരുടെ വോട്ടുകള്‍ക്കു മാത്രമെ ഇത് അവസാനിപ്പിക്കാന്‍ സാധിക്കൂ. സീലാംപുര്‍, ഷഹീന്‍ ബാഗ്, ജാമിയ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ യാദൃച്ഛികമല്ല. ഇതിന് പിന്നില്‍ രാഷ്ട്രീയ ആസൂത്രണമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദ്വേഷ രാഷ്ട്രീയത്താലല്ല മറിച്ച് വികസന രാഷ്ട്രീയത്താലാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ നയിക്കപ്പെടുന്നത്. സീലാംപുര്‍, ജാമിയ, ഷഹീന്‍ ബാഗ് എന്നിവിടങ്ങളിലെല്ലാം സിഎഎയ്‌ക്കെതിരെ ഒന്നിലധികം പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നു. ഈ പ്രതിഷേധങ്ങള്‍ യാദൃച്ഛികമല്ല. അതെല്ലാം രാഷ്ട്രീയത്തില്‍ വേരൂന്നിയ പരീക്ഷണമാണ്. ഒരു നിയമത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നെങ്കില്‍ അത് എന്നേ അവസാനിക്കുമായിരുന്നു.രാജ്യതാല്‍പര്യത്തിനാണ് ബിജെപി സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണ് -പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest