Connect with us

Ongoing News

സൂപ്പര്‍ ഓവറിലെ അവസാന രണ്ട് പന്ത് ഗ്യാലറിയില്‍; ഹിറ്റ്മാന്‍ മാജികില്‍ ഇന്ത്യക്ക് പരമ്പര

Published

|

Last Updated

ഹാമില്‍ട്ടണ്‍ |  ന്യൂസിലന്‍ഡിനെതിരെ അവരുടെ തട്ടകത്തില്‍ ചരിത്രത്തിലാദ്യമായി ട്വന്റി- 20 പരമ്പര നേടി ടീം ഇന്ത്യ. അതും സൂപ്പര്‍ ഓവറിലേക്ക് നീണ്ട അവിസ്മരണീയ പോരാട്ടത്തിനൊടുവില്‍. ആദ്യം ബാറ്റ് ചെയ്ത് 179 റണ്‍സ് കരസ്ഥമാക്കിയ ഇന്ത്യ അതേ മാര്‍ജിനില്‍ കിവീസിനേയും പിടിച്ചുകെട്ടിയതോടെയാണ് കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. കിവികള്‍ക്കായി സൂപ്പര്‍ ഓവറില്‍ അടിച്ച് തകര്‍ക്കാനെത്തിയത് മാര്‍ട്ടിന്‍ ഗപ്റ്റിലും കെയ്ന്‍ വില്ല്യംസണും.പന്ത് എടുത്ത് പേസര്‍ ജസ്പീത് ബുംറ. ലൈനും ലെംഗ്തും പരമാവധി കാത്ത് സൂപ്പര്‍ ഓവറില്‍ ബുംറ ബോളെറിഞ്ഞെങ്കിലും കിവീസ് 17 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യക്കായി ഹിറ്റ്മാന്‍ രോഹിതും കെ എല്‍ രാഹുലും പാഡുകെട്ടി ഇറങ്ങി. ഗ്യാലറയില്‍ ആതിഥേയര്‍ക്കായി ആര്‍പ്പുവിളി. ന്യൂസിലന്‍ഡിന്റെ പേസ് ഇതിഹാസം ടിം സൗത്തിയുടെ അതിവേഗ പന്തുകളില്‍ ഇന്ത്യ പരുങ്ങി. ആദ്യ നാല് പന്തുകളില്‍ നേടിയത് എട്ട് റണ്‍സ് മാത്രം. അവസാന രണ്ട് പന്തില്‍ വേണ്ടത് പത്ത് റണ്‍സ്. ക്രീസില്‍ ഹിറ്റ്മാന്‍ രോഹത് ശര്‍മ. നിര്‍ണായക സമയത്ത് രോഹിത് വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ഇളകിമറിഞ്ഞ ഗ്യാലറി നിശബ്ദമായി. രോഹതിന്റെ മാസ്മരിക ബാറ്റിംഗില്‍ അവസാന രണ്ട് പന്തുകളും ഗ്യാലറയിലേക്ക് മൂളി പറന്നതോടെ ഹാമില്‍ട്ണില്‍ ഇന്ത്യ ചരിത്രം കുറിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മൂന്നാം അംഗത്തിലെ സൂപ്പര്‍ ജയത്തോടെ കപ്പില്‍ മുത്തമിടുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. ഓപ്പണര്‍മാരായ രോഹിത്തും രാഹുലും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒമ്പത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 96-ന് മൂന്ന് എന്ന നിലയിലേക്ക് വീണു.രോഹിത് – രാഹുല്‍ സഖ്യം വെറും 54 പന്തില്‍നിന്നാണ് 89 റണ്‍സ് ചേര്‍ത്തത്. 19 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സെടുത്ത രാഹുലാണ് ആദ്യം പുറത്തായത്. 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ധസെഞ്ചുറി തികച്ചത്. ട്വന്റി 20-യില്‍ രോഹിത്തിന്റെ 20-ാം അര്‍ധസെഞ്ചുറിയും വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണിത്. ഇതിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ രോഹിത് 10,000 റണ്‍സെന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു. 27 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിയെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊന്നും കാര്യമായ സംഭവാന നല്‍കാനായില്ല.

മറുപടി ബാറ്റിങ്ങില്‍ കിവീസിനും മികച്ച തുടക്കം ലഭിച്ചു. മാര്‍ട്ടിന്‍ ഗപ്റ്റിലും കോളിന്‍ മണ്‍റോയും ചേര്‍ന്ന് 47 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 21 പന്തില്‍ 31 റണ്‍സെടുത്ത ഗപ്റ്റിലിനെ പുറത്താക്കി ശര്‍ദ്ദുല്‍ ഠാക്കൂര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 14 റണ്‍സെടുത്ത് മണ്‍റോയും പിന്നാലെ ക്രീസ് വിട്ടു. ഒമ്പത് റണ്‍സെടുത്ത സാന്റ്നര്‍ക്കും അധികം ആയിസുണ്ടായിരുന്നില്ല. ഗ്രാന്‍ഡ്ഹോം അഞ്ചു റണ്‍സെടുത്ത് പുറത്തായി.

എന്നാല്‍ ഈ വിക്കറ്റെല്ലാം നഷ്ടപ്പെടുമ്പോഴും ഒരറ്റത്ത് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ പിടിച്ചു നിന്നു. പക്ഷേ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസീലന്‍ഡിനെ മുഹമ്മദ് ഷമി പിടിച്ചുകെട്ടി. എട്ടു റണ്‍സെടുക്കാനെ കിവീസിന് കഴിഞ്ഞുള്ളു.ആദ്യ പന്തില്‍ റോയ് ടെയ്ലര്‍ സിക്സ് അടിച്ചെങ്കിലും മൂന്നാം പന്തില്‍ കെയ്ന്‍ വില്ല്യംസണെ പുറത്താക്കി ഷമി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. കെ എല്‍ രാഹുലിന്റെ ക്യാച്ചില്‍ പുറത്താകുമ്പോള്‍ വില്ല്യംസണ്‍ നേടിയത് 48 പന്തില്‍ 95 റണ്‍സ്. പിന്നീട് ക്രീസിലെത്തിയ ടിം സെയ്ഫേര്‍ട്ട് നാലാം പന്ത് മിസ്സ് ആക്കിയപ്പോള്‍ അഞ്ചാം പന്തില്‍ സിംഗിളെടുത്തു. ഇതോടെ ആറാം പന്തില്‍ ന്യൂസീലന്‍ഡിന് വിജയിക്കാന്‍ ഒരൊറ്റ റണ്‍ എന്ന നിലയിലായി. എന്നാല്‍ ക്രിസീലുണ്ടായിരുന്ന ടെയ്ലറെ ബൗള്‍ഡാക്കി ഷമി മത്സരം സമനിലയിലെത്തിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest