Connect with us

Health

കരുതലോടെ കേരളം; മാർഗനിർദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം | ചൈനയിൽ നിന്ന് പുതിയതരം കൊറോണ വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ (ഗൈഡ്‌ലൈൻ) പുറത്തിറക്കി.

ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഈ മാസം 18 മുതൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ യോഗങ്ങൾ കൂടിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി വരുന്നത്. ഇവയെല്ലാം കർശനമായി പാലിക്കാൻ എല്ലാ ആശുപത്രികളും തയ്യാറാകണമെന്ന് മന്ത്രി നിർദേശം നൽകി.
മെഡിക്കൽ കോളജുകളിലും ജില്ലയിലെ പ്രധാന ജനറൽ അല്ലെങ്കിൽ ജില്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ടതാണ്. മാസ്‌ക്, കൈയുറ, സുരക്ഷാ കവചങ്ങൾ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ കെ എം എസ് സി എല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ വൈറോളജി ലാബിലേക്ക് അയക്കാനും നിർദേശം നൽകിയിട്ടുണ്ട്.

എയർപോർട്ടുകൾ, സീപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയാണ് പ്രാഥമികമായി കൊറോണ വൈറസ് ഉള്ളവരെ കണ്ടെത്തുന്നത്. എയർപോർട്ട്/സീ പോർട്ട് ഹെൽത്ത് ഓഫീസർമാരാണ് ഇവരെ സ്‌ക്രീൻ ചെയ്യുന്നത്.
എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയ ആശുപത്രിയിലേക്ക് അയക്കുന്നു. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ബോധവത്കരണം നൽകി വീടുകളിൽ തന്നെ നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നു. ഇവരെ 28 ദിവസം വരെ നിരീക്ഷിക്കണം.

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഐസൊലേഷൻ സൗകര്യമേർപ്പെടുത്തിയിട്ടുള്ള ആശുപത്രിയിൽ എത്തേണ്ടതാണ്. ചൈനയിൽ നിന്ന് വന്നവർ ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി ബന്ധപ്പെടേണ്ടതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ 1056, 0471 2552056 എന്നീ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ.

പുതിയ വൈറസായതിനാൽ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നൽകുന്നത്. ഇതിനുള്ള ചികിത്സാ മാർഗരേഖയാണ് പുറത്തിറക്കിയത്.

---- facebook comment plugin here -----

Latest