പന്തീരങ്കാവ് യു എ പി എ കേസ്: കോഴിക്കോട് ജില്ലാ സെക്രട്ടറിയെ തള്ളി എം വി ഗോവിന്ദനും പി ജയരാജനും

Posted on: January 24, 2020 1:09 pm | Last updated: January 24, 2020 at 9:06 pm

തിരുവനന്തപുരം | പന്തീരങ്കാവ് യു എ പി എ കേസില്‍ സി പിഎമ്മില്‍ ഭിന്നത തുടരുന്നു. അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഉറപ്പിച്ച് പറയുകയാണെന്നും അതിന്റെ ആഴവും പരപ്പും അന്വേഷിച്ചേ പറയാനാകൂ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

യു എ പി എ കേസ് വിഷയത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പി ജയരാജനും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. യു എ പി എ കാര്യത്തിലും വിദ്യാര്‍ഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും കോഴിക്കോട് കെ എല്‍ എഫ് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞത്, അതില്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നു. മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്നും ജയരാജന്‍ കുറിപ്പില്‍ പറയുന്നു.

അതേസമയം അലനും താഹയും മാവോയിസ്റ്റ് ആണെങ്കില്‍ പോലും യു എ പി എ ചുമത്തലല്ല ശരിയായ നടപടിയെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഇന്നലെ പറഞ്ഞിരുന്നു.
വിദ്യാര്‍ഥികളുടെ ഭാഗം കേള്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അത് കഴിഞ്ഞാല്‍ മാത്രമേ അലനും താഹയും ഏതെങ്കിലും തരത്തിലുള്ള ബന്ധത്തില്‍ പെട്ടുപോയിട്ടുണ്ടോ എന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്ത കാലത്തോളം അവര്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.