Connect with us

Articles

പോരാട്ടം മുറുകും; തെരുവിലും കോടതിയിലും

Published

|

Last Updated

ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ തന്നെ ഹരജിക്കാരായ കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ടി എന്‍ പ്രതാപന്‍ എം പിയും കോടതി വളപ്പില്‍ എത്തിയിരുന്നു. ഒന്നാം നമ്പര്‍ കോടതി മുറിയില്‍ സ്ഥലപരിമിതിയുടെ പ്രശ്നമുള്ളതിനാല്‍ നേരത്തേ അവിടെ എത്തിച്ചേരേണ്ടതുണ്ടായിരുന്നു. പിന്നീട് പ്രധാന കക്ഷിയായ മുസ്‌ലിം ലീഗ് നേതാക്കന്മാരും എത്തി. എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കൊപ്പം പ്രൊഫ. ഖാദര്‍ മൊയ്ദീന്‍, സാദിഖ്അലി ശിഹാബ് തങ്ങള്‍ തുടങ്ങിയ നേതാക്കന്മാരും എത്തിയിരുന്നു. എല്ലാവര്‍ക്കും പ്രവേശനം ലഭിക്കുമോ എന്ന് സംശയിച്ചിരുന്നെങ്കിലും എല്ലാവര്‍ക്കും കോടതി മുറിക്കുള്ളില്‍ കയറാനായി. എസ് എഫ് ഐ ദേശീയ കമ്മിറ്റിയുടെ ഹരജി കൂടി പരിഗണിക്കപ്പെടുന്നുണ്ടായിരുന്നതിനാല്‍ ദേശീയ പ്രസിഡന്റ് സാനുവും കോടതിയിലെത്തി. ഒരു സംസ്ഥാന സര്‍ക്കാറിന് കേന്ദ്ര സര്‍ക്കാറിനെതിരെ സ്യൂട്ട് സമര്‍പ്പിക്കാനാകുമോ എന്ന വിഷയം കോടതിയില്‍ തീര്‍പ്പാകാതെ നില്‍ക്കുന്ന വിഷയമായതിനാലും മറ്റെന്തൊക്കെയോ സാങ്കേതിക കാരണങ്ങളാലും കേരള സര്‍ക്കാറിന്റെ സ്യൂട്ട് അന്നേദിവസം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇല്ലായിരുന്നു.
പത്ത് മണിക്ക് കോടതി നടപടികള്‍ ആരംഭിച്ചു. ഒന്ന്, രണ്ട്, മൂന്ന് കോടതി മുറികളും സജീവമായിരുന്നു. കോടതി ഒന്നില്‍ നാലാമത്തെ കേസായിട്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികള്‍ പരിഗണിച്ചത്.

വാദങ്ങളൊന്നും കേള്‍ക്കാതെ മറ്റൊരു ദിവസത്തേക്ക് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കാനുള്ള സാധ്യത പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിം ലീഗിന്റെ തുടര്‍ ഹരജി കോടതിക്ക് അവഗണിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് പറയപ്പെട്ടിരുന്നെങ്കിലും ഇങ്ങനെയൊരു നിയമം സ്റ്റേ ചെയ്യാനാകില്ല എന്ന വസ്തുത സര്‍ക്കാര്‍ ഭാഗം കോടതിയില്‍ അവതരിപ്പിക്കുമെന്നും അതോടെ സ്റ്റേ ആവശ്യം തള്ളുമെന്നും അറിഞ്ഞതോടെ നിരാശ വന്നുനിറഞ്ഞു. ഹരജിക്കാരുടെ വാദങ്ങളൊന്നും കേള്‍ക്കാതെ കോടതി മറ്റൊരു തീയതി പറഞ്ഞ് പിരിയുന്നതും, ഇനി വാദം കേട്ടാല്‍ തന്നെ സ്റ്റേ ആവശ്യം തള്ളുന്നതും സ്വാഭാവികമായും വലിയ നിരാശയും നിയമ വ്യവസ്ഥിതിയോട് കടുത്ത അവിശ്വാസവും ഉണ്ടാക്കിയേക്കും എന്ന് തീര്‍ച്ചയായിരുന്നു.

കോടതി മുറിക്കകത്തേക്ക് പ്രവേശിക്കുമ്പോള്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. സുവിദത്ത് പറഞ്ഞതും പത്ത് മിനുട്ടില്‍ കൂടുതല്‍ ഒരുപക്ഷേ കോടതി ചേരില്ലെന്നായിരുന്നു. അങ്ങനെ പത്തര മണിയോടെ ആദ്യ മൂന്ന് കേസുകളും കഴിഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസും ഇതുപോലെ പെട്ടെന്ന് എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ പറഞ്ഞ് അവഗണിക്കുമോ എന്ന് ആശങ്കയുണ്ടായി. എന്നാല്‍, കോടതി വാദങ്ങള്‍ കേള്‍ക്കാന്‍ തന്നെ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് ഹാജരായത്. എങ്ങനെയെങ്കിലും വാദം കേള്‍ക്കല്‍ നീട്ടിക്കൊണ്ടുപോകുകയാണ് സര്‍ക്കാറിന്റെ താത്പര്യമെന്ന് ആദ്യമേ വ്യക്തമായി. നിയമത്തിനെതിരെയുള്ള ഓരോ ഹരജികള്‍ക്കും വേറെവേറെ വാദ പ്രതിവാദ വിശദീകരണങ്ങള്‍ വേണമെന്നും അതിനു സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ പറഞ്ഞു. കോടതി അതിന് തയ്യാറല്ലെന്നായപ്പോള്‍ അസമിന്റെയും ത്രിപുരയുടെയും ഹരജികള്‍ എങ്കിലും വേറെ വേണമെന്നായി. അത് പ്രത്യേകം കേള്‍ക്കാമെന്ന് കോടതിയും സമ്മതിച്ചു.
സര്‍ക്കാര്‍ എന്തുകൊണ്ട് മറുപടി നല്‍കുന്നില്ലെന്ന് ചോദിച്ചപ്പോള്‍ ഇനിയും ആറാഴ്ച സമയം വേണമെന്നായി കേന്ദ്രം. അതോടെ ഹരജിക്കാര്‍ രണ്ടാഴ്ച പോലും സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. അതോടെ നാലാഴ്ചയില്‍ കൂടുതല്‍ സമയം അനുവദിക്കപ്പെടില്ലെന്ന് കോടതി ആ വിഷയത്തില്‍ ഒരു തീര്‍പ്പ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യുകയല്ല തങ്ങളുടെ ആവശ്യമെന്ന് കപില്‍ സിബല്‍ വാദിച്ചു. വേണ്ടത് ഈ നിയമത്തിന്റെയും പുറമെ എന്‍ ആര്‍ സി, എന്‍ പി ആര്‍ തുടങ്ങിയവയുടെ നടപടികള്‍ നീട്ടിവെക്കുകയാണ് വേണ്ടതെന്നും ആവശ്യമുന്നയിച്ചു. രണ്ടിന്റെയും ഫലം ഏകദേശം ഒന്നാണെങ്കിലും സ്റ്റേ ചെയ്യണമെന്നുള്ള ആവശ്യം ഹരജിയെ ദുര്‍ബലപ്പെടുത്തുമെന്ന നിരീക്ഷണം വെച്ച് ആവശ്യപ്പെടാതിരുന്നതാകണം. പോരാത്തതിന് സ്റ്റേ പോലെ ഒരിടക്കാല വിധിയാണ് ഹരജിക്കാര്‍ ആവശ്യപ്പെടുകയെന്ന് സര്‍ക്കാറും കണക്കു കൂട്ടിയിരുന്നു. കോടതിയും അത് ധരിച്ചിരുന്നു.

പൗരത്വ നടപടികള്‍ രണ്ട് മാസം പോലും വൈകിപ്പിക്കാന്‍ ആകില്ല എന്ന് സര്‍ക്കാര്‍ ഭാഗം പറഞ്ഞപ്പോള്‍ കഴിഞ്ഞ പതിനേഴ് വര്‍ഷമായി നടക്കാത്തത് ഇപ്പോള്‍ രണ്ട് മാസം കൂടി വൈകിപ്പിക്കാന്‍ പറ്റില്ലെന്ന് പറയുന്നതിന് പിന്നിലെ യുക്തി എന്താണ് എന്ന് കപില്‍ സിബല്‍ ചോദിച്ചതോടെ സര്‍ക്കാര്‍ ഭാഗം അടങ്ങി; ചീഫ് ജസ്റ്റിസ് പിന്നോട്ടാഞ്ഞു. ഭരണഘടനാ സംബന്ധമായ വിഷയമായതിനാല്‍ ഇത് വിശാല ഭരണഘടനാ ബഞ്ചിന് കൈമാറണമെന്നതായിരുന്നു മറ്റൊരാവശ്യം. അത് അംഗീകരിക്കാന്‍ കോടതി തയ്യാറായി. അങ്ങനെയാകുമ്പോള്‍ ഇപ്പോള്‍ ഈ വാദങ്ങള്‍ തുടര്‍ന്ന് ഒടുവില്‍ ഭരണഘടനാ ബഞ്ചിന് വിടുന്ന സാഹചര്യമുണ്ടായാല്‍ സമയവും കുറെ നീളും, വാദങ്ങള്‍ കുറെ ആവര്‍ത്തനങ്ങളുമാകും. അസമിന്റെ കാര്യത്തില്‍ ഈ വിഷയം നീട്ടിക്കൊണ്ടുപോകുന്നത് മാനവിക വിരുദ്ധമാണ് എന്നതും കോടതിയില്‍ ഉന്നയിക്കപ്പെട്ടു. എന്‍ ആര്‍ സി നടപ്പാക്കിക്കഴിഞ്ഞ ഒരു സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യം ഭീകരമാണ്.

സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ കോടതി വിധിയില്‍ നിരാശപ്പെടാനില്ലെന്നതാണ് ഉപസംഹാരം. കോടതിക്ക് ഒരുനിലക്കും അവഗണിക്കാന്‍ പറ്റാത്ത വിഷയമാണ് ഇത് എന്ന വസ്തുത സ്ഥിരപ്പെട്ടിരിക്കുകയാണ് എന്ന് പറയാം. രാജ്യത്തിന്റെ തെരുവുകളില്‍ കോടിക്കണക്കിനാളുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്കൊപ്പം നിയമ പോരാട്ടവും പ്രതീക്ഷിക്കുന്നതു പോലെ ഭരണഘടനാ സംരക്ഷണമായി മാറുമെന്ന് കരുതുന്ന ദിശയിലാണ് കാര്യങ്ങള്‍. കഴിയുന്നത്ര കോടതി വ്യവഹാരങ്ങള്‍ വൈകിപ്പിക്കാനും അങ്ങനെ ജനകീയ സമരങ്ങളെ ദുര്‍ബലപ്പെടുത്താനും കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നെങ്കില്‍ അതും തെറ്റിയിരിക്കുന്നു എന്നതാണ് കോടതി വിധിയോടുള്ള ജനങ്ങളുടെ പ്രതികരണം കാണിക്കുന്നത്.

നാലാഴ്ചയല്ല, നാല് മാസമല്ല, നാല് വര്‍ഷമോ നാല് യുഗമോ ഇങ്ങനെ സമരം ചെയ്യേണ്ടി വന്നാലും അതിന് തയ്യാറാണ് എന്നതായിരുന്നു ശഹീന്‍ ബാഗിലെ തൊണ്ണൂറ് കഴിഞ്ഞ മുത്തശ്ശിമാരുടെ കോടതി നടപടിയോടുള്ള പ്രതികരണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ ഒരിക്കല്‍ പോലും ജനങ്ങളുടെ വിഷയം കോടതി വ്യവഹാരം എന്താകുമെന്നതിനെ കുറിച്ചായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. നിയമം കൊണ്ടുവന്ന സര്‍ക്കാര്‍ അത് പിന്‍വലിക്കട്ടെ എന്നതാണ് സമരത്തിന്റെ ആവശ്യം. സര്‍ക്കാര്‍ ദുരഭിമാനത്തിന്റെ കൊടുമുടിയില്‍ കയറിനിന്ന് അഹങ്കരിക്കയാകയാല്‍ കോടതി വഴിക്കുള്ള പോരാട്ടം കൂടി നടക്കട്ടെ എന്നേ ബഹുഭൂരിപക്ഷം ജനങ്ങളും കരുതിയിട്ടുള്ളൂ. ഭരണഘടനാ സ്ഥാപനങ്ങളും നീതിവ്യവസ്ഥയും രാജ്യം ഭരിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തോട് വിധേയപ്പെടുകയോ കീഴൊതുങ്ങുകയോ ചെയ്തിരിക്കുന്നു എന്ന ആശങ്കയും സംശയവും ജനങ്ങളെ ബാധിച്ചിട്ടുണ്ട് എന്ന വസ്തുത കൂടിയാകുമ്പോള്‍ തെരുവുകളിലെ സമരത്തില്‍ വലിയ പ്രതീക്ഷയും ഫലവുമുണ്ട്. ജനുവരി മുപ്പതിന് രക്തസാക്ഷി ദിനത്തിന്റെ അന്ന് ജാമിഅ, ശഹീന്‍ബാഗ്, കുറേജ് തുടങ്ങിയ സമരങ്ങളിലെ പ്രക്ഷോഭകാരികള്‍ ജാമിഅയില്‍ നിന്ന് രാജ്ഘട്ടിലേക്ക് ഗാന്ധി സമാധാന ജാഥ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

വരുന്ന നാലാഴ്ചക്കുള്ളില്‍ രാജ്യത്ത് ശഹീന്‍ ബാഗിനു സമാനമായ അയ്യായിരത്തിലധികം സമരങ്ങള്‍ ഉണ്ടാകുമെന്ന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ പറയുന്നു. നിയമത്തിന് അവധിയില്ലെന്നാകില്‍ സമരങ്ങള്‍ക്കും അതുണ്ടാകുമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് ജനങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സമരം ഇനിയുമിനിയും ശക്തിപ്പെടുകയേയുള്ളൂ; തെരുവിലുമതെ, കോടതിയിലുമതെ.