കൊറോണ: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന

Posted on: January 23, 2020 10:25 am | Last updated: January 23, 2020 at 1:58 pm

ബീജിംഗ് | ചൈനയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധ അയല്‍ രാഷ്ട്രങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ലോകാരോഗ്യ സംഘടന ആലോചിക്കുന്നു. സംഘടനയുടെ ഇന്നു ചേരുന്ന അടിയന്തര സമിതി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. ബുധനാഴ്ച സമിതി യോഗം ചേര്‍ന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. വൈറസിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ തേടിയ ശേഷം വീണ്ടും യോഗം ചേരാനായിരുന്നു നിശ്ചയിച്ചത്.

വൈറസ് ബാധിച്ച് ചൈനയില്‍ ഇതുവരെ 17 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 500നടുത്ത് ആളുകള്‍ക്ക് വൈറസ് ബാധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടായിരത്തില്‍ പരമാളുകള്‍ നിരീക്ഷണത്തിലുമാണ്. കൂടുതല്‍ പേരിലേക്ക് അസുഖം പടരുന്നത് കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങളും നടപടികളുമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ യുഹാന്‍ നഗരത്തിലും മറ്റുമായി അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. റോഡ്, വ്യോമ, റെയില്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചിട്ടുണ്ട്. നഗരത്തിലെ താമസക്കാരോട് പ്രദേശം വിട്ടുപോകരുതെന്നും ആളുകള്‍ കൂടിനില്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തു നിന്നുള്ളവര്‍ യുഹാനിലെത്തുന്നതും വിലക്കിയിട്ടുണ്ട്.

മുമ്പ്, അഞ്ചുതവണ ലോകാരോഗ്യ സംഘടനആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്്. എബോള പടര്‍ന്നുപിടിച്ചപ്പോള്‍ രണ്ടുതവണയും പന്നിപ്പനി, പോളിയോ, സികാ വൈറസ് എന്നീ രോഗങ്ങള്‍ പടര്‍ന്ന സന്ദര്‍ഭത്തില്‍ ഓരോ തവണയുമായിരുന്നു ഇത്.

അതിനിടെ, സഊദിയില്‍ നഴ്‌സായി പ്രവര്‍ത്തിക്കുന്ന കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കും വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.