Kerala
ജനം ആഗ്രഹിക്കുന്നത് യോജിച്ച സമരം; ഗവര്‍ണറുടെ നിലപാട് ശരിയല്ല: കാന്തപുരം

കോഴിക്കോട് | പൗരത്വ ഭേദഗതി നിയമത്തില്‍ യോജിച്ചുള്ള സമരമാണ് പൊതുജനം ആഗ്രഹിക്കുന്നതെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. പൗരത്വ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമരം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും അത്തരത്തിലുള്ള താത്പര്യമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് സ്വാഗതാര്‍ഹമാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. സുപ്രീംകോടതിയില്‍ നിന്ന് ശുഭകരമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം സുപ്രീം കോടതിയെ സമീപിച്ചതിനെ എതിര്‍ത്തുകൊണ്ടുള്ള ഗവര്‍ണറുടെ നിലപാട് ശരിയല്ലെന്നും ജനങ്ങളുടെ താത്പര്യത്തിനനുസരിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനുള്ളതാണ് സര്‍ക്കാറെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാന്തപുരം പറഞ്ഞു.