ഫുട്‌ബോള്‍ മേളക്കിടെ ഗാലറി തകര്‍ന്നു; നിരവധി പേര്‍ക്ക് പരുക്ക്

Posted on: January 19, 2020 10:29 pm | Last updated: January 20, 2020 at 10:29 am

പാലക്കാട് | ഫുട്‌ബോള്‍ മേളക്കിടെ ഗാലറി തകര്‍ന്ന് നിരവധി പേര്‍ക്ക് പരുക്ക്. കളിക്കളത്തില്‍ ജീവന്‍ പൊലിഞ്ഞ മുന്‍ സന്തോഷ് ട്രോഫി താരം ആര്‍ ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ നൂറണി സിന്തറ്റിക് ടര്‍ഫില്‍ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരം തുടങ്ങാനിരിക്കെയാണ് അപകടം. ഇന്ന് രാത്രി 8.45 ഓടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഗാലറി തകര്‍ന്നത്.

മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഗ്രൗണ്ടിന്റെ ഒരു വശത്ത് കവുങ്ങ് കൊണ്ട് താത്കാലികമായി നിര്‍മിച്ച ഗാലറി തകര്‍ന്നു വീഴുകയായിരുന്നു. ആയിരത്തിലധികം പേരാണ് ഗാലറിയില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെയെല്ലാം ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. തകര്‍ന്ന ഗാലറിക്കകത്ത് ആരും കുടുങ്ങിയിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഫയര്‍ ഫോഴ്‌സ്, പോലീസ്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.