Connect with us

Book Review

ജീവിതത്തെ അളന്നു മുറിച്ചു നിർമിച്ച കഥാജാലകങ്ങൾ

Published

|

Last Updated

കബ്രാളും കാശിനെട്ടും | കെ എസ് രതീഷ്

ഒട്ടുമിക്ക നല്ല കഥാകൃത്തുക്കൾക്കും തന്റെ ജീവിത പരിസരം തന്നെയാവും എഴുത്തിന് പ്രചോദനം. എന്നാൽ അപൂർവം ചിലർ കണ്ടതിനും കേട്ടതിനും അപ്പുറം സർഗാത്മകതയുടേതായ ഒരു മറുലോകം പടുത്തുയർത്തി കഥകളുടെ നവലോകം തീർക്കാൻ കൊണ്ടു പിടിച്ചു ശ്രമിക്കുന്നു. ഈ ഗണത്തിൽ പേര് ചേർക്കാവുന്ന യുവകഥാകൃത്താണ് കെ എസ് രതീഷ്. കഥകളിൽ പരീക്ഷണങ്ങളുടേതായ പുതുവഴി തീർക്കാൻ ഒരു അനുകരണത്തിനും മുതിരാതെ തന്റേതായ മൗലികമായ രചനാ പാതയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ഏറെ മുന്നോട്ട് സഞ്ചരിച്ച രതീഷിന്റെ 12 കഥകളുടെ സമാഹാരമാണ് ” കബ്രാളും കാശിനെട്ടും ” എന്ന പുസ്തകം.

ഹമീദിന്റെ കോഴിക്കടയിലിരുന്ന് അറുത്തിട്ട് വീപ്പയിൽ കിടന്ന്പിടയുന്ന കോഴികളുടെ ഒടുവിലത്തെ പിടച്ചിലുകൾ എണ്ണിത്തിട്ടപ്പെടുത്തൽ പതിവാക്കിയ ജസ്റ്റിൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ട് സുപരിചിതമല്ലാത്ത ഒരു കഥാവഴി തിരഞ്ഞെടുത്ത “ഗൊമോറ ” എന്ന ആദ്യകഥയെ മനുഷ്യബന്ധങ്ങൾക്ക് ജാതി, മതങ്ങൾക്കതീതമായ ഇഴയടുപ്പത്താൽ നെയ്‌തെടുത്ത ഒരു കഥാമാലയാക്കുന്നതിൽ രതീഷ് വിജയിക്കുന്നു. പത്തേ, ഒമ്പതേ, എട്ടേ എന്ന ക്രമത്തിൽ നിരാശയോടെ അറുത്തിട്ട കോഴികളുടെ പിടച്ചിൽ എണ്ണി ഒടുവിൽ കണ്ണടച്ച് ചുവരിൽ ചാരിയിരുന്ന് കരയുന്ന ജസ്റ്റിന് കഞ്ചാവാണെന്നും ഭ്രാന്താണെന്നും നാട്ടാരെല്ലാം പറയും. അപ്പോൾ തന്റെ ഉറ്റ ചങ്ങാതിയായ ജസ്റ്റിന്റെ പിതാവിനെ സമാശ്വസിപ്പിക്കാൻ ഹമീദ് പറയും “ചെക്കനേതാണ്ട് കണ്ട് പേടിച്ചതാ പാപ്പി ” അപരന്റെ ഹൃദയവേദന തന്റേത് കൂടിയായിക്കാണുന്ന ഉയർന്ന മാനുഷികതയുടെ ഒരു തലംകൂടി ഈ കഥക്കുണ്ട്. റാഹേലമ്മയും ജാനറ്റും മേസ്ത്രിവെടിയുമെല്ലാം കൂടിതീർക്കുന്ന അരമനകളുടെ അധോലോകവും ആൽമാവ് മുക്കിലെ വിശേഷങ്ങളും ഗൊമോറ എന്ന കഥക്ക് അനുഭൂതിയുടെ ഒരു വന്യ തലവുമുണ്ടെന്ന് പറയാതെവയ്യ.
അതുപോലെ ഒരു ട്രെയിൻ യാത്രക്കിടെ കണ്ടുമുട്ടുന്ന വയോധികനായ രാവുത്തരേയും നുസ്രുമോളേയും തെല്ലൊരു സംശയത്തോടെ അകന്നു നിന്ന് വീക്ഷിക്കുന്ന സിതാരക്ക് വെറുപ്പുകൾ നടുക്കുന്ന യാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ എത്രവേഗം അനുകമ്പയും സ്‌നേഹവുമായി രൂപാന്തരപ്പെടുന്നു? കാലത്തിന്റെ നടപ്പുരീതി മൂലം തെറ്റിദ്ധരിക്കപ്പെട്ട കാഴ്ചകളിൽ ജീവിതത്തിന്റെ നേർക്കാഴ്ചകൾക്കപ്പുറം ആന്തരികമായ വിശുദ്ധിയെ തൊട്ടറിയുമ്പോൾ ” സിറാത്ത് ” പോലുള്ള നന്മ മണമുള്ള കഥകളുണ്ടാകുന്നു.

തൊഴിലാളി മുതലാളി പോരാട്ടങ്ങളും അതുമൂലം സംഭവിക്കേണ്ട പ്രോലിറ്റേറിയൻ മുന്നേറ്റങ്ങളെ കുറിച്ചുമെല്ലാം ധാരാളം കഥകൾ മലയാളത്തിൽ പിറവികൊണ്ടതും അതൊരു സാഹിത്യശാഖയായി ദീർഘകാലം ചർച്ച ചെയ്യപ്പെട്ടതുമാണ്. എന്നാൽ തൊഴിലാളി, മുതലാളി ബന്ധത്തിന് സംഘട്ടനത്തിന്റേതും വിധേയത്വത്തിന്റേതു മല്ലാത്ത ഒരു പ്രയോഗികതയുടെ സമവായ തലത്തിലൂടെ മുന്നേറാൻ കഴിയുന്ന രീതിയിലേക്ക് വെളിച്ചംവീശുന്ന ഒരു പുതുമയാർന്ന കഥയാണ് സമാഹാരത്തിന്റെ ശീർഷകമായ “കബ്രാളും കാശിനെട്ടും ”
സൈനുവിന്റെ മരണത്തെ കുറിച്ചുള്ള പരാമർശത്തിൽ ” മരണം എത്ര നിശബ്ദമായാണ് അതിന്റെ ജപ്തി നടപടികൾ പൂർത്തിയാക്കുന്നത്?” എന്ന തരത്തിലുള്ള വരികൾ ഈ കഥയിൽ പലയിടത്തും ഒരു ഫിലോസഫിക്കൽ ടച്ച് രൂപപ്പെടുന്നത് കാണാം. ഒരുകഥാ പശ്ചാതലത്തിൽ മറ്റ് അനേകം കഥാപരിസരങ്ങൾ ഉടലെടുക്കുന്ന ഒരു രീതിയാൽ ഏറെ വ്യത്യസ്തമായ ശൈലി സ്വീകരിച്ചു കൊണ്ടെഴുതിയ കഥയായിട്ടു കരുതണം ഈ കഥയെ കാണാൻ .
മാമ്പുഴ ബാലൻ എന്ന കഥാപാത്രത്തിലൂടെ സമകാലിക എഴുത്തുകാരിലെ പൊങ്ങച്ചത്തേയും അവനവനിസത്തേയും കണക്കറ്റ് കളിയാക്കുന്ന ഹാസ്യ ശൈലി സ്വീകരിക്കുമ്പോഴും എഴുത്തിന്റെ തനത് ഗൗരവതരങ്ങളായ ഭാവങ്ങൾ ചോർന്നു പോകാതെ ആവിഷകാരം പൂണ്ട കഥയാണ് “ഓവിയറ്റ് യൂനിയൻ ” എന്നകഥ. നവ മാധ്യമ എഴുത്തിൽ മാത്രം അഭിരമിക്കുന്ന ഉപരിപ്ലവതയെ നന്നായി വിചാരണക്ക് വിധേയമാക്കുന്ന കഥ കൂടിയാണ് ഓവിയറ്റ് യൂനിയൻ. ഈ ഗണത്തിലേക്ക് ചേർക്കപ്പെടാവുന്ന മികച്ച കഥയായി “ക്ലാപ്പ് ” എന്ന കഥയും ഈ സമാഹാരത്തിലുണ്ട്.

അതുപോലെ പ്രളയം പശ്ചാതലമായി അതിന്റെ ഇരകളാക്കപ്പെടുന്നവർക്കിടയിൽ ഉടലെടുക്കുന്ന പ്രത്യേക മാനസികാവസ്ഥകളെ നന്നായി ആവിഷ്കരിക്കുന്ന “വെട്ടത്തിക്കോട്ട”, സമകാല ജീവിതത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലേക്കും കടന്നു ചെല്ലുന്ന കഥാപരിസരങ്ങളുള്ള” തോപ്രാങ്കുടി” പോലുള്ള കഥകളുടെ പുതുവഴിയെ അടയാളപ്പെടുത്തുന്നു കെ എസ് രതീഷിന്റെ കഥകളേറെയും. ചെവര്, പീലിക്കുഞ്ഞ്, മോമോസാപ്പിയൻസ്, എ ഫോർ, എലി കെ. ഫോർ കെണി!, ലൈഫ് ബ്രേറിയം തുടങ്ങിയ കഥകളും ഒന്നിനൊന്ന് വ്യത്യസ്തങ്ങളും അസാധാരണ തലങ്ങളിലേക്ക് ഭാവന ചേക്കേറുന്ന കഥയുടെ പുതുവഴികളായി സമാഹാരത്തെ മികവുറ്റതാക്കുന്നു. പാറ്റേൺലോക്ക് എന്ന ആദ്യ കഥാസമാഹാരം മുതൽ കബ്രാളും കാശിനെട്ടും വരെയുള്ള സമാഹാരങ്ങളിലൂടെ രതീഷ് വരച്ചിട്ട കഥകളേറെയും മൗലികവും നൂതനവുമായ വ്യതിരിക്തതയാർന്ന കഥാലോകത്തെയാണെന്ന് കാണാം.
നിരന്തരമായഎഴുത്തിന് ബോധപൂർവമായ ഒരു ഇടവേളയുണ്ടാവുകയാണെങ്കിൽ ഇടവേളക്കുശേഷം കൂടുതൽ മികച്ച കഥകളുമായി കെ എസ് രതീഷ് ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാകൃത്തായി മലയാള സാഹിത്യത്തിൽ അടയാളപ്പെടാൻ സാധ്യത ഏറെയാണ്.അതിനു അടിവരയിടുന്ന കഥകളാണ് ഈ സമാഹാരത്തിലേറയും. പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്. വില: 125 രൂപ.

Latest