കെ പി സി സിക്ക് ജംബോ കമ്മിറ്റി തന്നെ; ഇരട്ട പദവിയും തുടരും

Posted on: January 16, 2020 9:09 pm | Last updated: January 17, 2020 at 9:51 am

ന്യൂഡല്‍ഹി | ദിവസങ്ങളായി ഡല്‍ഹിയില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കെ പി സി സി ഭാരവാഹി പട്ടികയില്‍ ധാരണ. കെ പി സി സിുടെ ഭാരവാഹിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും പ്രഖ്യാപനംഉടനുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

അന്തിമ ധാരണ പ്രകാരം കെ പി സി സി ഭാരവാഹികളുടെ എണ്ണത്തില്‍ വലിയ മാറ്റമില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഭാരവാഹികളുടെ എണ്ണം കുറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വിവിധ ഗ്രൂപ്പുളും നേതാക്കളും ശക്തായ വിയോജിപ്പ് അറിയിച്ചതോടെ ജംബോ കമ്മിറ്റി തന്നെ കെ പി സി സിയില്‍ നിലനിര്‍ത്തുകയായിരുന്നു. ഭാരാഹികളുടെ എണ്ണം കുറക്കുക, ഒരാള്‍ക്ക് ഒരു പദവി മാത്രമാക്കുക തുടങ്ങിയ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. ജനപ്രതിനിധകളടക്കമുള്ള പലര്‍ക്കും കെ പി സി സിയില്‍ ഭാരവാഹിത്വമുണ്ടാകും. ഇരട്ടപദവി ഒഴിവാക്കാനാകില്ലെന്ന് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ വാശിപിടിച്ചതോടെ ഹൈക്കമാന്‍ഡും ഇതിനൊപ്പം നില്‍ക്കുകയായിരുന്നു.

90 മുതല്‍ 100വരെ ഭാരവാഹികള്‍ കെ പി സി സിയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 30 ജനറല്‍ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും പട്ടികയിലുണ്ടാകും.
തൃശൂര്‍ ഡി സി സി പ്രസിഡന്റിനേയും കെ പി സി സി ഭാരവാഹി പട്ടികക്കൊപ്പം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ കെ പി സി സി ഭാരവാഹി പട്ടിക 50 ആയി കുറക്കുമെന്നും എ, ഐ ഗ്രൂപ്പുകള്‍ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം പത്ത് വീതം നല്‍കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ പി സി സി പ്രസിഡന്റുമായി അടുത്ത വൃത്തങ്ങളായിരുന്നു ഇത് സംബന്ധിച്ച സൂചന നല്‍കിയത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തില്‍ ഗ്രൂപ്പുകള്‍ കടുംപിടുത്തം പിടിച്ചപ്പോള്‍ എല്ലാം തകര്‍ന്നടിയുകയായിരുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നേതാക്കളില്‍ പലരും കേരളത്തിലേക്ക് മടങ്ങി.