Connect with us

National

ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായിരുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അടുത്ത ഒരുമാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്നാണ് ഉപാധി. ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പോലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും ഫെബ്രുവരി 16 ന് മുമ്പായി ചികിത്സക്കായി ഡല്‍ഹി എയിംസില്‍ പോകാന്‍ ആസാദ് ഉദ്ദേശിക്കുന്നുവെങ്കില്‍ പോലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ആസാദിന് ജാമ്യം നല്‍കുന്നത് ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കുമെന്ന് ഡല്‍ഹി പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതു കണക്കിലെടുത്താണ് ആസാദിനെ ദില്ലിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും കോടതി വിലക്കിയത്. റിമാന്‍ഡില്‍ കഴിയവെ രോഗബാധിതനായ ആസാദിന് കൃത്യമായ ചികിത്സ നല്‍കാന്‍ പോലീസ് തയ്യാറാകാതിരുന്നത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നീട് കോടതി ഉത്തരവിനെ തുടര്‍ന്നാണ് ആസാദിനെ ഡല്‍ഹി എയിംസില്‍ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചത്.

ആസാദിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ, പ്രോസിക്യൂഷനെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡോ. കാമിനി ലോ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചില പോസ്റ്റുകള്‍ വഴി സാമൂഹിക മാധ്യമത്തിലൂടെ ആസാദ് കലാപത്തിന് ആഹ്വാനം നല്‍കിയതായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അങ്ങനെയൊരു പോസ്റ്റ് ഏതാണെന്ന് വ്യക്തമാക്കണമെന്ന് ആസാദിന്റെ അഭിഭാഷകന്‍ മഹ്മൂദ് പ്രച ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂട്ടര്‍ തയ്യാറായില്ല. തുടര്‍ന്ന്, പോസ്റ്റ് ഏതാണെന്ന് പറയണമെന്ന് ജഡ്ജിയും ശഠിച്ചു.

ഇതിനു പിന്നാലെ പ്രോസിക്യൂട്ടര്‍ സി എ എയുമായി ബന്ധപ്പെട്ട ചന്ദ്രശേഖറിന്റെ ചില പോസ്റ്റുകള്‍ കോടതി മുറിയില്‍ വായിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമുഅ മസ്ജിദില്‍ പ്രതിഷേധിക്കണമെന്ന പോസ്റ്റുകളായിരുന്നു ഇവ. ഇതിലെവിടെയാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നതെന്നും പ്രതിഷേധിക്കുന്നതിലും പ്രക്ഷോഭം നടത്തുന്നതിലും എന്താണ് തെറ്റെന്നും ജഡ്ജി ചോദിച്ചു. പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്, ആസാദിന്റെ പോസ്റ്റുകളില്‍ എവിടെയാണ് അക്രമത്തെ പിന്തുണക്കുന്നത്? നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ജഡ്ജി ഉന്നയിച്ചു.

ഡല്‍ഹി ജുമുഅ മസ്ജിദ് പാകിസ്ഥാനിലാണെന്നതു പോലെയാണ് താങ്കളുടെ പെരുമാറ്റമെന്നും ഇനി അഥവാ അത് പാകിസ്ഥാനില്‍ ആണെങ്കില്‍ തന്നെ അവിടെ പോയും പ്രതിഷേധിക്കാമെന്നും അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു പാകിസ്ഥാനെന്നും ജഡ്ജി പറഞ്ഞു. പ്രതിഷേധിക്കണമെങ്കില്‍ അനുമതി വാങ്ങണമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞപ്പോള്‍ എന്ത് അനുമതി എന്ന് ജഡ്ജി തിരിച്ചുചോദിച്ചു. ഇതോടെ, പ്രോസിക്യൂട്ടര്‍ തീര്‍ത്തും പരുങ്ങലിലായി.

---- facebook comment plugin here -----

Latest