National
ബി ജെ പിയുടെ ഖജനാവിലേക്ക് കോടികള്‍ ഒഴുകുന്നു: വരുമാനത്തില്‍ 134.59 ശതമാനം വര്‍ധന

ന്യൂഡല്‍ഹി | 2018-19 സാമ്പത്തിക വര്‍ഷം രാജ്യം ഭരിക്കുന്ന സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന ബി ജെ പിക്ക് വരുമാനമായി ലഭിച്ചത് 2,410.08 കോടി രൂപ. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കുകളിലാണ് ബി ജെ പിയുടെ വരുമാനത്തിലെ വര്‍ധന ചൂണ്ടിക്കാട്ടുന്നത്. ഇക്കാലയളവില്‍ പാര്‍ട്ടി എക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ 41.71 ശതമാനം തുക ( 1,005.33 കോടി) ചെലവഴിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തെ ആറ് ദേശീയപാര്‍ട്ടികള്‍ക്ക് ഈ കാലയളവില്‍ ആകെ ലഭിച്ച വരുമാനത്തിന്റെ 65.16 ശതമാനം വരും ബിജെപിക്ക് മാത്രം ലഭിച്ച വരുമാനമെന്നും കണക്കുകള്‍ പറയുന്നു.ബി ജെ പിയെ കൂടാതെ മറ്റ് ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ബി എസ് പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ക്ക് എല്ലാം കൂടി ലഭിച്ചത് 3,698.66 കോടി രൂപയാണ്.
918.03 കോടി രൂപയുമായി കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. ഇതിന്റെ പകുതിയോളം 469.92 കോടി രൂപ കോണ്‍ഗ്രസ് ചെലവഴിച്ചു. അസോസിയേന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ കണക്കുകള്‍ പ്രകാരം ബിജെപിയുടെ വരുമാനത്തില്‍ 134.59 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 1,027.34 കോടിരൂപയായിരുന്നു വരുമാനമായി ലഭിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ 360.97 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന് ഇക്കാലയളവില്‍ 192.65 കോടി രൂപ യും സി പി എമ്മിന് 110.96 കോടിയും വരുമാനമായി ലഭിച്ചു.
അതേസമയം കേന്ദ്രം കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിനെതിരെ നിയമ വഴിയിലൂടെ എതിര്‍പ്പ് ഉയര്‍ത്തുമ്പോഴും പ്രതിപക്ഷ കക്ഷികള്‍ ഇതേമാര്‍ഗത്തിലൂടെ ലഭിക്കുന്ന വരുമാനം സ്വീകരിക്കുന്നുണ്ടെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.