Connect with us

Book Review

അപൂർണ വിരാമങ്ങളിൽ അവസാനിപ്പിച്ച കഥകൾ

Published

|

Last Updated

അപൂർണവിരാമങ്ങൾ | അഷിത

വായന ഇഷ്ടപ്പെടുന്നവർ – കഥകളിഷ്ടപ്പെടുന്നവർ വായിച്ചിരിക്കേണ്ട പുസ്തകമാണ് അഷിതയുടെ ” അപൂർണവിരാമങ്ങൾ” എന്ന് പറഞ്ഞുകൊണ്ട് എന്റെ വായനാനുഭവം പങ്കുവെക്കട്ടെ.
വായനക്കാരുടെ ആവശ്യപ്രകാരം മാതൃഭൂമി ബുക്ക്‌സ് പുനഃപ്രസിദ്ധീകരിച്ച അഷിതയുടെ ആദ്യകാല കഥാസമാഹാരങ്ങളിൽ ഒന്നാണ് ” അപൂർണവിരാമങ്ങൾ”. 2019 മാർച്ച് 27ാം തീയതി തന്റെ 62ാംമത്തെ വയസ്സിൽ ഭൂമിയിലെ എഴുത്തു ജീവിതത്തിന് പൂർണ വിരാമമിട്ടുകൊണ്ട് കഥകളുടെ മറ്റൊരു ലോകത്തിലേക്ക് പാറിപ്പറന്നു പോയി അഷിത. അനിതര സാധാരണ ബുദ്ധിയുള്ള, അതിമനോഹരമായ എഴുത്തുശൈലിയുള്ള, അത്യന്തം കുലീനമായ ഭാഷാചാതുര്യമുള്ള, പകരം വെക്കാനില്ലാത്ത ഒരു എഴുത്തുകാരിയായിരുന്നു അഷിത.

കഥകൾ മാത്രമല്ല അഷിതയുടെ തൂലികക്ക് വഴങ്ങിയിരുന്നത്. നോവലുകൾ, കവിതകൾ, വിവർത്തനം, ബാലസാഹിത്യം എന്നീ രംഗങ്ങളിലെല്ലാം അഷിത തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പതിനാല് ചെറിയ കഥകളടങ്ങിയ ഒരു സമാഹാരമാണ് അപൂർണവിരാമങ്ങൾ. പതിനാല് കഥകളും ഒന്നിനൊന്നു മുന്തിയതാണെന്നിരിക്കെ എല്ലാ കഥകളെയും കുറിച്ച് ആസ്വാദനം എഴുതാൻ തുനിയുന്നത് ബുദ്ധിയല്ല. അതുകൊണ്ടു വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട കഥകളെ മാത്രമേ ഇവിടെ പരിചയപ്പെടുത്തുന്നുള്ളൂ. ഏറ്റവും ഇഷ്ടപ്പെട്ട കഥ, രണ്ടാമതായി ഇഷ്ടപ്പെട്ട കഥ എന്നിങ്ങനെ ഒരു ഡിഗ്രി ഓഫ് കംപാരിസണിൽ എത്തിച്ചേരാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോഴാണ് പുസ്തകത്തിലെ കഥകളുടെ അതേ ഓർഡറിൽ കഥകളെ പറ്റി എഴുതാമെന്ന് തീർച്ചയാക്കിയത്. കഥകളിലെ ഓരോ ഭാവങ്ങളെയും കഥാപാത്രങ്ങളുടെ നിൽപ്പും, നടപ്പും, നോട്ടങ്ങൾ കൂടിയും എത്ര മാസ്മരികമായിട്ടാണ് കഥാകാരി കോറിയിട്ടിരിക്കുന്നതു എന്ന് അദ്ഭുതപ്പെടുത്തും.

[irp]

അപൂർണവിരാമങ്ങളിലെ ചില കഥകളെ ഇങ്ങനെ പരിചയപ്പെടുത്തട്ടെ. വീട്ടുകാരറിയാതെ കാമുകനോടൊപ്പം ഇറങ്ങിത്തിരിച്ച കീർത്തി രജിസ്റ്റർ ഓഫീസിലേക്കുള്ള വഴി മദ്ധ്യേ പതറിപ്പോകുന്നതും, ഇതോടെ പരിഭ്രമിച്ച കാമുകൻ ഒളിച്ചോടലിൽ മുൻ പരിചയമുള്ള ചേച്ചിയുടെ അടുത്തേക്ക് കീർത്തിയെ കൊണ്ടുവരുന്നതുമാണ് ” എന്നിട്ടോ ? ” എന്ന കഥയിൽ പ്രതിപാദിക്കുന്നത്. ചേച്ചി തന്റെ അനുഭവങ്ങളിലൂടെ ഈ ഒളിച്ചോടലും രജിസ്റ്റർ വിവാഹവും എളുപ്പമാക്കുമെന്നായിരുന്നു കാമുകന്റെ വിശ്വാസം. എന്നാൽ ഒളിച്ചോടി വിവാഹം കഴിഞ്ഞു ഒരു കുട്ടിയൊക്കെയായി ജീവിത യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെട്ടു തുടങ്ങിയ ചേച്ചി ഒരു നിമിഷം കീർത്തിയോട് സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോകണം എന്ന് പറയാൻ വരെ ആഗ്രഹിച്ചു. പ്രേമവും ഒളിച്ചോടലും വിവാഹവുമൊക്കെ കഴിഞ്ഞാൽ ജീവിതത്തിന് പിന്നെ വലിയ കാൽപ്പനികഭംഗിയൊന്നും ഇല്ലെന്നും ബാക്കിയൊക്കെ വെറും അഡ്ജസ്‌റ്‌മെന്റ്‌സ് ആണെന്നും കീർത്തിയോട് പറയാൻ ആഗ്രഹിച്ചു. കയ്‌പേറിയ സ്വന്തം ജീവിതാനുഭവങ്ങൾ തുറന്നു പറയാനുള്ള ജാള്യത കൊണ്ടാകാം ടാക്‌സിയിൽ രാജകുമാരൻ വന്നു രാജകുമാരിയെ പാണീഗ്രഹണം ചെയ്തു സുഖമായി ജീവിക്കുന്ന പഴയ സങ്കൽപ്പ കഥ പറഞ്ഞു കീർത്തിയെ വിവാഹത്തിന് തയ്യാറാക്കുന്നത്. വാസ്തവത്തിൽ ഒളിച്ചോടുന്ന കുട്ടികളുടെ മനസ്സിലൊക്കെ ഇന്നും ഈ രാജകുമാരൻ സങ്കൽപം തന്നെയല്ലേ ഉള്ളത് ? അവർ സ്‌നേഹിക്കുന്നതും ഈ സങ്കൽപരാജകുമാരനെത്തന്നെയാണെന്നും അല്ലാതെ ജീവനോടെ ഒപ്പമുള്ള കാമുകനെ അല്ലെന്നും പറയാതെ പറഞ്ഞുകൊണ്ട് ” എന്നിട്ടോ ? ” എന്ന കഥ അവസാനിപ്പിക്കുകയാണ് കഥാകാരി.

ഒരു പരിഷ്‌കൃത മനുഷ്യന് വേണ്ട സുഖഭോഗങ്ങളെല്ലാമുള്ള ദിവാൻസ് റോഡിന്റെ കഥയാണ് ” ദിവാൻസ് റോഡ്”. സുഖഭോഗങ്ങൾ എന്ന് പറഞ്ഞാൽ ഹോട്ടൽ, ബ്യൂട്ടി പാർലർ, തുണിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ആരാധനാലയങ്ങൾ, വീഡിയോ പാർലർ എന്നിവയെല്ലാം. ഈ ദിവാൻസ് റോഡിൻറെ ലാവണ്യം കാത്തുസൂക്ഷിക്കാൻ കോർപറേഷൻ കൊണ്ടുവന്നു സ്ഥാപിച്ച “യൂസ് മി ” എന്നെഴുതിയ അഴുക്കു വീപ്പ ഉണ്ടാക്കിയ കോലാഹലങ്ങളാണ് ദിവാൻസ് റോഡ് എന്ന കഥ പറയുന്നത്. കുട്ടികളെ ബോർഡിംഗിലാക്കി മുന്തിയ ഇനം പട്ടിക്കുട്ടികളെ വളർത്തുന്ന സമ്പന്നരും മനുഷ്യപ്പറ്റ് തൊട്ടുതീണ്ടിയിട്ടില്ലാത്ത ഹോട്ടലുടമയും അഴുക്കു വീപ്പയിലെ ഇച്ചിലുണ്ട് വിശപ്പടക്കുന്ന തെരുവ് പിള്ളേരും ദിവാൻസ് റോഡിലെ സമാധാനം പുനഃസ്ഥാപിക്കാൻ പെടാപാട്‌പെടുന്ന പള്ളിയിലെ അച്ചനും എല്ലാം കഥ വായിച്ചു കഴിയുമ്പോഴേക്കും മനസ്സിൽ കയറി അങ്ങ് കൂടിയിരിക്കും. വീട് അടച്ചു പൂട്ടി സന്ധ്യയാവുന്നതോടെ അച്ഛനും അമ്മയും മക്കളും കൂടി പുറത്തിറങ്ങുന്ന “ഡൈനിംഗ് ഔട്ട് ” എന്ന സംസ്‌കാരത്തെയും കഥാകാരി കണക്കു പറഞ്ഞു കളിയാക്കുന്നുണ്ട് ഈ കഥയിൽ.
[irp]
ഒരു ടീപ്പോയുടെ അപ്പുറവും ഇപ്പുറവും ഇരുന്നു അറുത്തുമുറിക്കാൻ കഴിയാത്ത നിശബ്ദതയിൽ മുങ്ങി ഒഴിവ് ദിനത്തിലെ സായാഹ്നം തള്ളി നീക്കുന്ന ഭാര്യാഭർത്താക്കന്മാരാണ് ” മണ്ണാങ്കട്ടയും കരിയിലയും “എന്ന കഥയിലെ കഥാപാത്രങ്ങൾ. മിണ്ടാനും പറയാനും ഒന്നുമില്ലാത്ത, നിശബ്ദത കുടിയേറിപ്പാർത്ത അവരുടെ അകത്തളങ്ങളും, കിടപ്പുമുറിയും, ഒച്ചയനക്കങ്ങളില്ലാത്ത അവരുടെ ജീവിതവും ഉള്ളിലെവിടെയോ ഒരു നൊമ്പരമായി അവശേഷിക്കും. കല്യാണമണ്ഡപത്തിൽനിന്നു കൈ പിടിച്ച് ജീവിതത്തിലേക്ക് ഇറങ്ങിയവർ ഇത്ര അപരിചിതരായതു എന്നുമുതൽ ? എങ്ങനെ? എന്നൊക്കെയുള്ള ചോദ്യങ്ങൾ എറിഞ്ഞുകൊണ്ടാണ് കഥ മുന്നോട്ടു പോകുന്നത്. എത്ര ശ്രമിച്ചിട്ടും സായാഹ്നങ്ങളിൽ ഭർത്താവിനെ വീട്ടിൽ പിടിച്ചുനിർത്താനകാത്ത ഒരു ഭാര്യയുടെ നിസ്സഹായത കഥയിൽ മുഴുവൻ അനുഭവിച്ചറിയാം.

അഷിതയുടെ കഥകൾക്ക് ഒരു പൂർണവിരാമമിട്ട് കാണാൻ വയ്യ എന്നത് പോലെ ആ കഥകളെ കുറിച്ച് എത്ര എഴുതിയാലും മതിയാകുന്നില്ല. അഷിതയുടെ കഥകൾ ആസ്വാദകരിലൂടെ ജീവിക്കുന്ന കാലമത്രയും അഷിതയും മരിക്കുന്നില്ല. കാരണം, അഷിതയുടെ കഥകളിലൊക്കെ അഷിതയുണ്ട്.

Latest