Connect with us

Sports

 സൂപ്പർ ഫൈനൽ: റയൽ മാഡ്രിഡ്- അത്ലറ്റിക്കോ മാഡ്രിഡ് ആവേശപ്പോര് ഇന്ന്

Published

|

Last Updated

സൂപ്പർ കപ്പിനരികെ ടീം ജേഴ്സിയുമായി സിദാനും സിമിയോണിയും

ജിദ്ദ | സ്പാനിഷ് സൂപ്പർ കപ്പ് ഫുട്‌ബോൾ ഫൈനലിൽ റയൽ മാഡ്രിഡ് ഇന്ന് അയൽക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട് സിറ്റി സ്റ്റേഡിയത്തിൽ രാത്രി 11.30നാണ് മത്സരം.
ലയണൽ മെസിയുടെ ബാഴ്‌സലോണയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് അത്‌ലറ്റിക്കോ മാഡ്രിഡ് കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. വലൻസിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ് ഫൈനലിന് ടിക്കറ്റെടുത്തു.

സ്പാനിഷ് ലാലിഗയിൽ ഒപ്പത്തിനൊപ്പം മുന്നേറുന്ന രണ്ട് ടീമുകൾ മാറ്റുരക്കുന്ന ഫൈനൽ മത്സരം ആവേശം സൃഷ്ടിക്കുമെന്നുറപ്പാണ്.
ലീഗിൽ 40 പോയിന്റുമായി റയൽ രണ്ടാമതും 35 പോയിന്റുള്ള അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്തുമാണ്. ബാഴ്‌സയെ ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് അത്‌ലറ്റിക്കോ ഇറങ്ങുക. അതേസമയം, സിനദിൻ സിദാന്റെ തന്ത്രങ്ങളെ എങ്ങനെ മറികടക്കുമെന്ന ചോദ്യം അത്‌ലറ്റിക്കോക്ക് മുമ്പിലുണ്ട്.

സാവി ബാഴ്സയിലേക്ക്

ബാഴ്‌സലോണ | മുൻ ഇതിഹാസ താരം സാവി ഹെർണാണ്ടസ് ബാഴ്‌സലോണയുടെ മുഖ്യപരിശീലകനാകുമെന്ന് റിപ്പോർട്ട്. സാവിയുമായി ബാഴ്‌സ ചർച്ച നടത്തിയെന്ന് സ്പാനിഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിൽ ബാഴ്‌സ അത്‌ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് പരിശീലക സ്ഥാനത്ത് ഏണസ്റ്റോ വാൽവർദെയെ ബാഴ്‌സ പുറത്താക്കുമെന്നും സാവിയെ പകരക്കാരനായി നിയമിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
വാൽവർദെയെ പുറത്താക്കാൻ ബാഴ്‌സ നേരത്തേ തന്നെ ശ്രമം തുടങ്ങിയിരുന്നു. വാൽവർദെ പകരമായി റൊണാൾഡ് കോമാൻ, റോബർട്ടോ മാർട്ടിനസ്, തിയറി ഹെന്റി എന്നിവരെയാണ് ആദ്യ പരിഗണിച്ചിരുന്നത്. പിന്നീട് സാവിയെ തന്നെ പരിഗണിക്കുകയായിരുന്നു.
നിലവിൽ ഖത്വർ ക്ലബ്ബായ അൽ സാദ് സ്‌പോർട്‌സ് ക്ലബ്ബിന്റെ പരിശീലകനാണ് സാവി.
ബാഴ്‌സലോണക്ക് വേണ്ടി 505 മത്സരങ്ങളിൽ നിന്ന് 58 ഗോളും സ്‌പെയിനിനായി 133 മത്സരത്തിൽ നിന്ന് 13 ഗോളും 39കാരനായ സാവി നേടിയിട്ടുണ്ട്.

Latest