Connect with us

Kerala

മലപ്പുറത്ത് സുഹൃത്തുക്കളായ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം പിടിയില്‍

Published

|

Last Updated

മലപ്പുറം | കൊളത്തൂരിനടുത്ത് എരുമത്തടത്ത് സുഹൃത്തുക്കളായ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ അഞ്ചംഗസംഘം അറസ്റ്റില്‍. സദാചാര പോലീസ് ചമഞ്ഞ് ഇവരെ തടഞ്ഞു നിര്‍ത്തിയ സംഘം ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. വനിതാ ഡോക്ടറുടേയും സുഹൃത്തിന്റേയും കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്തത് കൂടാതെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് അതില്‍ നിന്നും പണം കവരുകയും ചെയ്തു.

സംഭവത്തില്‍ കൊളത്തൂര്‍ സ്വദേശികളായ നബീല്‍, ജുബൈസ്, മുഹ്‌സിന്‍ , അബ്ദുല്‍ ഗഫൂര്‍, സതീഷ് കുമാര്‍ എന്നീ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന വനിതാ ഡോക്ടറേയും സുഹൃത്തിനേയും പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയ അഞ്ചംഗസംഘം ഇവരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇവരുടെ കൈവശമുണ്ടായിരുന്ന മൂവായിരം രൂപയും അക്രമിസംഘം പിടിച്ചു വാങ്ങി. തുടര്‍ന്ന് എടിഎം കാര്‍ഡ് കൈവശപ്പെടുത്തിയ സംഘം പിന്‍നമ്പര്‍ കൂടി ചോദിച്ചു മനസിലാക്കി മൂന്ന് തവണയായി 17000 രൂപയും പിന്‍വലിച്ചു. രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തില്‍ ഇന്ന് രാവിലെയാണ് മൂന്ന് പ്രതികളേയും പോലീസ് പിടികൂടിയത്.