Connect with us

Gulf

പൗരത്വ നിയമ ഭേദഗതി, സ്വദേശി വത്ക്കരണം; ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞു

Published

|

Last Updated

ദമാം | പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി വത്ക്കരണവും മൂലം ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കോടികളുടെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 2019ല്‍ രൂപയുടെ മൂല്യം കുറഞ്ഞത് വിദേശത്ത് നിന്നും പണം അയക്കുന്ന കാര്യത്തില്‍ പ്രവാസികള്‍ക്ക് ഗുണമായിരുന്നു. ഗള്‍ഫ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എണ്ണ വില വര്‍ധിച്ചതും ഡോളറുമായുള്ള രൂപയുടെ മൂല്യം കുറഞ്ഞതും പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്തിരുന്നു. 2019 അവസാനത്തില്‍ ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ രൂക്ഷമായതോടെ കോടികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സമ്പദ്ഘടനയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വിദേശ ഇന്ത്യക്കാരുടെ നിസ്സഹകരണം വരും ദിനങ്ങളില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വലിയ വെല്ലുവിളിയാവുമെന്നാണ് സാമ്പത്തിക രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. സഊദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി പുറത്തുവിട്ട കണക്കുകളില്‍ 2019 ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ വിദേശികളയച്ചതില്‍ 9.7 ശതമാനം കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറില്‍ മാത്രം വിദേശികളയച്ച പണത്തില്‍ 5.8 ശതമാനം കുറവാണുള്ളത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള പണമൊഴുക്ക് ഗണ്യമായി കുറയുമെന്നാണ് ലോകബേങ്ക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യവും സ്വദേശി വത്കരണവും മൂലം നിരവധി പേര്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയതും ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുമെന്നും പ്രവാസികളില്‍ നിന്നെത്തുന്ന പണത്തില്‍ കുറവ് നേരിടുമെന്നാണ് ലോകബേങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍.

വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെ ബേങ്കുകളിലേക്കാണ് ഏറ്റവും കൂടുതല്‍ വിദേശ പണമെത്തുന്നത്. ലോകബേങ്കിന്റെ കണക്കുകള്‍ പ്രകാരം 2018 ല്‍ 7900 കോടി ഡോളറാണ് ഇന്ത്യയിലെ ബേങ്കുകളിലെത്തിയത്. വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൂടുതല്‍ പണം അയക്കുന്ന രാജ്യം എന്ന പദവിയും ഇന്ത്യക്കായിരുന്നു.

Latest