Kozhikode
മർകസ് സമ്മേളന പ്രചാരണം; സൈക്കിളിൽ ദക്ഷിണേന്ത്യ ചുറ്റാൻ 88 കാരൻ
പുറപ്പെടുന്ന ഇബ്റാഹീം
കോഴിക്കോട് | മർകസുസ്സഖാഫത്തിസ്സുന്നിയ്യ 43ാം വാർഷിക മഹാ സമ്മേളന പ്രചാരണവുമായി സൈക്കിളിൽ ദക്ഷിണേന്ത്യ ചുറ്റിക്കറങ്ങാൻ 88കാരൻ. കർണാടക ഷിമോഗയിലെ സാഗരയിൽ എം കെ ഇബ്‌റാഹീമാണ് അപൂർവ പ്രചാരണവുമായി കഴിഞ്ഞ ദിവസം മുതൽ ഗോദയിലിറങ്ങിയത്.
കഴിഞ്ഞ തവണ നടന്ന മർകസ് സമ്മേളനത്തിന് ഷിമോഗയിൽ നിന്ന് കാരന്തൂർ മർകസ് വരെ ഇബ്‌റാഹീം സൈക്കിളിൽ സഞ്ചരിച്ചെത്തിയിരുന്നു. ഒന്നര മാസം കൊണ്ടാണ് അന്ന് ദൗത്യം പൂർത്തിയാക്കിയതെങ്കിൽ ഇത്തവണ കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയും കർണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം ചുറ്റി ഏപ്രിൽ ഒമ്പതിന് മർകസ് സമ്മേളനം ആരംഭിക്കുമ്പോഴേക്ക് കാരന്തൂരിൽ തിരിച്ചെത്താനാണ് പദ്ധതി. മർകസ് സമ്മേളനത്തിന്റെ ബോർഡും കൊടിയും സൈക്കിളിൽ കെട്ടിയാണ് ഇബ്‌റാഹീമിന്റെ യാത്ര. തന്റെ പതിവനുസരിച്ച് ദിവസവും രാവിലെ ആരംഭിക്കുന്ന യാത്ര ഉച്ചക്ക് രണ്ട് മണിയോടെ അവസാനിപ്പിച്ച് ഏതെങ്കിലും മസ്ജിദുകളിൽ കഴിഞ്ഞു കൂടും. ഭക്ഷണവും മറ്റ് സൗകര്യങ്ങളുമെല്ലാം അതാതിടങ്ങളിൽ നിന്ന് നൽകി പലരും സഹായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന കാസർകോട് സഅദിയ്യ വാർഷിക സമ്മേളനത്തിന് ഇബ്‌റാഹീം ഷിമോഗയിൽ നിന്ന് സൈക്കിൾ സവാരി വഴിയാണ് എത്തിയത്. തുടർന്ന് സൈക്കിളുമായി ട്രെയിനിൽ കോഴിക്കോട്ടെത്തുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് കാരന്തൂർ മർകസിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത ഇബ്‌റാഹീം മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരിൽ നിന്ന് അനുഗ്രഹം വാങ്ങിയ ശേഷമാണ് ജുമുഅ നിസ്‌കാര ശേഷം ദൗത്യത്തിനിറങ്ങിയത്. കൊല്ലം സ്വദേശിയായ ഇബ്‌റാഹീം നന്നേ ചെറുപ്പത്തിൽ നാടുവിട്ട് ഷിമോഗയിൽ എത്തുകയായിരുന്നു. പിന്നീട് അവിടെ നിന്ന് വിവാഹം കഴിച്ചു. ഒമ്പത് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് ഇബ്‌റാഹീമിന്റേത്.



