Gulf
ഇറാന്‍-അമേരിക്ക സംഘര്‍ഷം; ഇറാഖിലേക്കുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു

ബഹ്റൈന്‍ | അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം യുദ്ധ സാഹചര്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇറാഖിലേക്കുള്ള വിമാന സര്‍വീസുകള്‍ അന്താരാഷ്ട്ര വിമാന കമ്പനികള്‍ റദ്ദാക്കുന്നു. ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
സുരക്ഷാ കാരണങ്ങളാല്‍ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി ജോര്‍ദാന്‍ എയര്‍ലൈന്‍സ് അറിയിച്ചു. ആഴ്ചയില്‍ പതിനെട്ട് വിമാന സര്‍വീസുകളാണ് അമ്മയില്‍ നിന്നും ജോര്‍ദാനിലേക്ക് ഉണ്ടായിരുന്നത്. ഇറാഖിലെ മറ്റ് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ സാധാരണ നിലയിലാണെന്നും ജോര്‍ദാന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാഖിലെ ബഗ്ദാദിലേക്കും നജാഫിലേക്കുമുള്ള വിമാനങ്ങള്‍ സര്‍വീസുകള്‍ സുരക്ഷാ കാരണങ്ങളാല്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ബഹ്റൈന്‍ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ ട്വിറ്ററില്‍ അറിയിച്ചു.