Connect with us

National

ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി | കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയാകും. ബിപിന്‍ റാവത്തിനെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി  തീരുമാനിച്ചു.അതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഏക ഉപദേശ്ടാവായിരിക്കും സിഡിഎസ്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി വഹിക്കുന്ന ആദ്യ ഓഫീസറെന്ന ബഹുമതി ഇതോടെ ജനറല്‍ റാവത്ത് സ്വന്തമാക്കി.

കരസേനാ മേധാവി സ്ഥാനത്ത് നിന്ന് നാളെ വിരമിക്കാനിരിക്കെയാണ് ബിപിന്‍ റാവത്തിനെ തേടി പുതിയ പദവി എത്തുന്നത്. ചീഫ് ഓഫ ഡിഫന്‍സ് സ്റ്റാഫ് പദവിയില്‍ അദ്ദേഹത്തിന് 65 വയസ്സ് വരെ തുടരാനാകും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് പരമാവധി 65 വയസ്സ് വരെ സേവനമനുഷ്ഠിക്കാന്‍ കഴിയുന്ന വിധത്തില്‍ കര, വ്യോമ, നാവിക സേനാ നിയമങ്ങളില്‍ പ്രതിരോധ മന്ത്രാലയം ഭേദഗതി വരുത്തിയിരുന്നു. ഡിസംബര്‍ 31 ന് ജനറല്‍ റാവത്ത് വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ഭേദഗതി വന്നത്. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയോ 62 വയസ്സ് തികയുകയോ ചെയ്യുന്നതാണ് കരസേനാ മേധാവിയുടെ വിരമിക്കല്‍ പ്രായം. റാവത്തിന് ഇതുവരെ 62 വയസ്സ് തികഞ്ഞിട്ടില്ലെങ്കിലും, ആര്‍മി ചീഫ് ആയി മൂന്നുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിനാലാണ് അദ്ദേഹം വിരമിക്കുന്നത്.

[irp]

73ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്ര മോദി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി സംബന്ധിച്ച് ആദ്യം പ്രഖ്യാപനം നടത്തിയത്. മൂന്ന് സേനകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഒരു മേധാവി എന്നതായിരുന്നു പ്രഖ്യാപനം.

കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന ആശയം ചര്‍ച്ചയായി വരുന്നത്. കാര്‍ഗില്‍ അനുഭവ പാഠങ്ങളുടെ പശ്ചാത്തലത്തില്‍ കെ സുബ്രഹ്മണ്യം കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്. 2001ല്‍ ഉപപ്രധാനമന്ത്രി എല്‍ കെ അഡ്വാനി അധ്യക്ഷനായ മന്ത്രിതല സമിതി സിഡിഎസിന് ശുപാര്‍ശ ചെയ്തു. പിന്നീട് കാര്യമായ നീക്കങ്ങള്‍ ഒന്നും ഉണ്ടായില്ല. 2018ല്‍ ഇതുസംബന്ധിച്ച് പാർലിമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് അന്നത്തെ പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ മറുപടി നല്‍കിയത്, രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ്.

അന്തരിച്ച മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയാപ്പോഴാണ് ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ലും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ പലതവണ നടന്ന ചര്‍ച്ചകള്‍ ഇതിന് വേഗം കൂട്ടി.

[irp]

നാല് സ്റ്റാര്‍ പദവിയുള്ളയാളാണ് ചിഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്. യുദ്ധവേളയില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലെ മുന്‍നിരക്കാര്‍ ആകുമെങ്കിലും ഓപ്പറേഷന്‍സ് കമാന്‍ഡ് അധികാരം ഇവര്‍ക്കുണ്ടാകില്ല. പ്രധാനമന്ത്രിക്കാണ് അന്തിമ അധികാരം. പട്ടാള അട്ടിമറി സാധ്യതകള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷധ സമരങ്ങളെ വിമര്‍ശിച്ച് ബിപിന്‍ റാവത്ത് നടത്തിയ രാഷ്ട്രീയ പരാമര്‍ശം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു.

Latest