Connect with us

National

'ബിപിന്‍ റാവത്ത് രാഷ്ട്രീയം പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കരസേന

Published

|

Last Updated

ന്യൂഡല്‍ഹി  |പൗരത്വ പ്രതിഷേധങ്ങളിലെ കരസേന മേധാവി ബിപിന്‍ റാവത്തിന്റെ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കരസേന. ജനറല്‍ ബിപിന്‍ റാവത്ത് രാഷ്ട്രീയത്തിലിടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ് കരസേന നല്‍കുന്ന വിശദീകരണം. നേതൃത്വത്തെക്കുറിച്ച് ചില ഉദാഹരണങ്ങള്‍ നല്‍കുക മാത്രമായിരുന്നു. പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തെ ബിപിന്‍ റാവത്ത് തള്ളിപ്പറഞ്ഞിട്ടില്ലെന്നും സേനാവൃത്തങ്ങള്‍ വിശദീകരിക്കുന്നു. പൗരത്വ പ്രക്ഷോഭത്തെക്കുറിച്ചുള്ള കരസേനാ മേധാവിയുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് കരസേന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

“സായുധ കലാപത്തിലേക്ക് ആള്‍ക്കൂട്ടത്തെ നയിക്കുന്നവര്‍ നേതാക്കളല്ല””, എന്നായിരുന്നു പൗരത്വ പ്രക്ഷോഭത്തെക്കുറിച്ച് ബിപിന്‍ റാവത്തിന്റെ പ്രതികരണം. നിഷ്പക്ഷമായി നിലകൊള്ളേണ്ട കരസേനാമേധാവി ഇത്തരമൊരു പരാമര്‍ശം നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളടക്കം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം സംസാരിക്കാന്‍ കരസേനാമേധാവിയെ അനുവദിച്ചാല്‍ രാജ്യം എങ്ങോട്ട് നീങ്ങുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം. കരസേന മേധാവി മാപ്പ് പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധങ്ങളെ വിമര്‍ശിച്ച കരസേന മേധാവി ബിപിന്‍ റാവത്തിന്റെ നടപടി തെറ്റാണെന്ന് മുന്‍ നാവികസേന അഡ്മിറല്‍ ജനറല്‍ എല്‍ രാംദാസും വിമര്‍ശിച്ചു.