Connect with us

National

യു പിയില്‍ ജുഡീഷ്യറിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ബോളിവുഡ് താരങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ നിയമ ഭേദഗതിക്കെിരെ പ്രതികരിച്ച ജനങ്ങള്‍ക്ക് മേല്‍ ക്രൂര പീഡനങ്ങളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്ന ഉത്തര്‍പ്രദേശില്‍ ജുഡീഷ്യറിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ബോളിവുിഡ് താരങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത്. കുബ്രസെയ്ത്, മല്ലിക ദുവ, അനുരാഗ് കശ്യപ്, യോഗേദ്ര യാദവ്, അലകൃത ശ്രീവാസ്തവ, സ്വരഭാസ്‌ക്കര്‍, കങ്കണാസെന്‍, അപര്‍ണാസെന്‍ തുടങ്ങിയവരാണ് യു പിയിലെ പോലീസ് രാജിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സര്‍ക്കാറിനെതിരെ സംസാരിച്ചാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ പ്രതികാരനടപടിയെടുക്കും എന്നാണ് യു പി മുഖ്യമന്ത്രിയുടെ നിലപാടെന്ന് ബോളീവുഡ് താരം കുബ്രാ സെയ്ത് പറഞ്ഞു. യു പിയില്‍ നടക്കുന്ന ക്രൂര കൃത്യങ്ങള്‍ക്കെതിരെ ജുഡീഷ്യറി ഇടപെടേണ്ട സമയമാണിത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഒരു പൗരയെന്ന നിലയില്‍ അഭിമാനിച്ചിരുന്നു. എന്നാല്‍ ഈയടുത്തുണ്ടായ ചില വിഷയങ്ങളും, ചില വാര്‍ത്തകളും എന്നെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഉണ്ടായ പ്രക്ഷോഭം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിയിരിക്കുന്നു. രാജ്യത്തെ എല്ലാ പൗരനും പ്രതികരിക്കാനുള്ള അവകാശങ്ങളുണ്ട്. എന്നാല്‍ യുപിയില്‍ അത്തരത്തില്‍ യാതൊരു അവകാശങ്ങളും ജനങ്ങള്‍ക്ക് ഇപ്പോഴില്ലെന്നും കുബ്രാ സെയ്ത് പറഞ്ഞു.

യു പിയില്‍ പ്രതിഷേധക്കാരെ പോലീസ് ആക്രമിക്കുകയാണെന്ന് സംവിധായകന്‍ അനുരാഗ് കശ്യാപ് പ്രതികരിച്ചു. ഇന്റര്‍നെറ്റ് അടക്കം വിഛേദിച്ചിരിക്കുന്നു. വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് നേരെ ആക്രമണം നടക്കുന്നു”. കോടതി ഇടപെടേണ്ട സമയമാണിതെന്നും കശ്യാപ് പറഞ്ഞു.

പൊതുസ്വത്ത് നശിപ്പിക്കുന്നവരെ പിന്തുണക്കുന്നില്ല. എന്നാല്‍ പ്രതിഷേധിക്കുകയെന്ന ജനാധിപത്യ അവകാശം ഇല്ലാതാക്കുന്നതിനെ അംഗീകരിക്കാനില്ലെന്ന് ബോളിവുഡ് താരം മല്ലിക ദുവ പറഞ്ഞു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിഛേദിച്ചിരിക്കുകയാണ്. വിവരങ്ങളെന്നും പുറത്തറിയുന്നില്ല. ആരെയാണ് ഭരണകൂടം ഭയപ്പെടുന്നത്. യു പിയിലെ ജനങ്ങള്‍ എന്തെങ്കിലും പുറത്ത് പറയുമോയെന്ന് അവര്‍ ഭയപ്പെടുന്നുണ്ടോ?”. എത്രകാലം ഇങ്ങനെ മുന്നോട്ട് പോകുമെന്നും മല്ലിക ദുവ ചോദിച്ചു.
ഉത്തര്‍പ്രദേശില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ക്രൂരമായ പീഡനമാണ് സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ബോളീവുഡ് താരങ്ങളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ക്രൂരമായ പീഡനമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും പ്രധാനമായും പ്രതിഷേധിക്കുന്ന മുസ്‌ലിം വിഭാഗത്തിനെതിരെയാണ് ഉത്തര്‍പ്രദേശില്‍ ആക്രമണങ്ങള്‍ നടക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി.

Latest